
ഇന്ത്യയിൽ നിയമന പ്രവർത്തനങ്ങളിൽ വർധനയുളളതായി നൗക്രി ജോബ്സ്പീക്കിന്റെ റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് തൊഴിൽ രംഗത്തെ നിയമന പ്രവർത്തനങ്ങളിൽ ഈ വർഷം ഓഗസ്റ്റിൽ 89% വളർച്ചയുണ്ടായി. നൗക്രി ജോബ്സ്പീക്കിന്റെ കണക്കനുസരിച്ച്, നിയമന സൂചിക കഴിഞ്ഞ മാസം 2673 ആയിരുന്നു, ഇത് 2019 ഓഗസ്റ്റിലെ പ്രീ പാൻഡെമിക് ലെവലിനെക്കാൾ 24% കൂടുതലാണ്.
ഐടി മേഖലയിലെ കമ്പനികളാണ് നിയമനത്തിലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്, 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് 2021 ഓഗസ്റ്റിൽ 79 ശതമാനം വളർച്ച ഈ മേഖലയിലുണ്ടായി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചതും ഐടി വ്യവസായ മേഖലയാണ്. വിദ്യാഭ്യാസ മേഖലയിലെ തൊഴിലവസരങ്ങളിലും ശക്തമായ വീണ്ടെടുക്കൽ രേഖപ്പെടുത്തി. റിയൽ എസ്റ്റേറ്റ് (15%), ടെലികോം (13%), മെഡിക്കൽ / ഹെൽത്ത് കെയർ (8%), ഫാർമ / ബയോടെക് (7%), ഇൻഷുറൻസ് (6%), ബിഎഫ്എസ്ഐ (5) എന്നിവയാണ് മുന്നേറ്റം രേഖപ്പെടുത്തിയ മറ്റ് തൊഴിൽ മേഖലകൾ.
ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി രംഗത്ത് ഇപ്പോഴും പ്രതിസന്ധി ശക്തമാണെന്നതിന്റെ സൂചനകളാണ് റിപ്പോർട്ടിലുളളത്. 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ മേഖല ഇപ്പോഴും 53% താഴ്ന്ന നിലവാരത്തിലാണ്.
2019 നെ അപേക്ഷിച്ച് ജനുവരി-മെയ് കാലയളവിലെ കണക്കുകൾ ഇപ്പോഴും പിന്നിലാണ്, പോസിറ്റീവ് വളർച്ചാ പ്രവണത 2021 ജൂണിൽ ആരംഭിച്ചതായും റിപ്പോർട്ട് പറയുന്നു.
“നിയമനം വർദ്ധിച്ചതിന്റെ ഫലമായി, എച്ച്ആർ / അഡ്മിൻ പ്രൊഫഷണലുകളുടെ ആവശ്യകതയും ഉയർന്നു,” നൗക്രി. കോം ചീഫ് ബിസിനസ് ഓഫീസർ പവൻ ഗോയൽ പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റിനോട് പറഞ്ഞു.
പ്രധാന വ്യവസായങ്ങൾ വീണ്ടെടുക്കലിന്റെ പാതയിലേക്ക് പോകുമ്പോൾ, തൊഴിൽ വിപണിയിലും മുന്നേറ്റം പ്രകടമാണ്. എച്ച്ആർ / അഡ്മിൻ, ഐടി-സോഫ്റ്റ്വെയർ റോളുകൾക്കുള്ള നിയമനം ഓഗസ്റ്റിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി ഉയർന്നു.
8-12 വർഷത്തെ പരിചയമുള്ള മുതിർന്ന പ്രൊഫഷണലുകളുടെ ആവശ്യം കഴിഞ്ഞ മാസം പരമാവധി 110% വർദ്ധിച്ചു. മറ്റ് അനുഭവ ബാൻഡുകളായ 0-3 വർഷം (79%), 4-7 വർഷം (91%), 13 വർഷത്തിൽ കൂടുതൽ (65%) എന്നിവയും മുൻ വർഷത്തെ അപേക്ഷിച്ച് മികച്ച വളർച്ച നിരക്ക് രേഖപ്പെടുത്തി.
ഐടി ഹബുകളായ ബെംഗളൂരു (66%), ഹൈദരാബാദ് (61%), പൂനെ (54%), ചെന്നൈ (30%) എന്നിവടങ്ങൾ നിയമന നിലയിൽ മുന്നിൽ നിൽക്കുന്നു. 2019 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ആറ് മെട്രോകളിൽ നിയമനം പ്രവർത്തനങ്ങളിൽ 39% വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദില്ലി-എൻസിആർ, മുംബൈ എന്നിവയുടെ വീണ്ടെടുക്കൽ യഥാക്രമം 16%, 4% വരെ വർധിച്ചു.
അഹമ്മദാബാദ് (27%), ചണ്ഡീഗഡ് (23%) എന്നിവ നേതൃത്വം നൽകുന്ന ടയർ -2 നഗരങ്ങൾ ക്രമേണ വീണ്ടെടുക്കൽ പാതയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona