
ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചതോടെ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തില്‍ ആശങ്ക.. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയും മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ 'ഹോര്‍മുസ് കടലിടുക്ക്' അടയ്ക്കപ്പെടുകയും ചെയ്താല്‍, അത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ സാരമായി ബാധിക്കും. ലോകത്തെ എണ്ണ വിതരണത്തിന്റെ സിരയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടാല്‍, ഇന്ത്യയുടെ മൊത്തം പ്രതിമാസ ഇറക്കുമതിയുടെ 50 ശതമാനത്തെയെങ്കിലും അത് നേരിട്ട് ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഈ വഴിയിലെ തടസം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം പ്രതിമാസ എണ്ണ ഇറക്കുമതിയുടെ 40 ശതമാനമാണ് ഹോര്‍മുസ് വഴി വന്നിരുന്നതെങ്കില്‍, ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലത് 50 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് കേപ്ലറിന്റെ ഡാറ്റ വ്യക്തമാക്കുന്നു. റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് പരമ്പരാഗത മിഡില്‍ ഈസ്റ്റ് വിതരണക്കാരിലേക്ക് ഇന്ത്യ തിരിഞ്ഞതാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം ഈ വഴി പ്രതിദിനം 2 ദശലക്ഷം ബാരല്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴത് 2.6 ദശലക്ഷമായി കുതിച്ചിരിക്കുകയാണ്.
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കപ്പെട്ടാല്‍, മറ്റ് വഴികളിലൂടെ എണ്ണ എത്തിക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കും. സൗദി അറേബ്യയുടെ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍' (ചെങ്കടല്‍ വഴി), യുഎഇയുടെ 'അബുദാബി ക്രൂഡ് ഓയില്‍ പൈപ്പ്ലൈന്‍' (ഫുജൈറ വഴി) എന്നിവ ഹോര്‍മുസ് ഒഴിവാക്കി എണ്ണ കൊണ്ടുപോകാന്‍ സഹായിക്കുന്നവയാണ്. എന്നാല്‍ ഇത്തരം പൈപ്പ്ലൈനുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എണ്ണയുടെ അളവിന് പരിമിതികളുണ്ടെന്നും, ഉല്‍പ്പാദകരുടെ തീരുമാനങ്ങള്‍ക്കും വാണിജ്യ കരാറുകള്‍ക്കും അനുസരിച്ച് മാത്രമേ ഇത് ഇന്ത്യയ്ക്ക് ലഭ്യമാകൂ. അത് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും പൂര്‍ണ്ണമായൊരു പരിഹാരമാകില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടാല്‍ ഇന്ത്യയ്ക്ക് വീണ്ടും റഷ്യയെ ആശ്രയിക്കേണ്ടി വന്നേക്കാം. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ നിരീക്ഷണം ഇവിടെ വലിയൊരു തടസമാണ്. കഴിഞ്ഞ വര്‍ഷം പ്രധാന റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ് , ലുക്കോയില്‍ എന്നിവയ്ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ സമ്മതിച്ചതായി ഇന്ത്യ-യുഎസ് കരാര്‍ പ്രഖ്യാപിക്കുന്നതിനിടെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്ക, പശ്ചിമാഫ്രിക്ക (നൈജീരിയ, അംഗോള), ലാറ്റിന്‍ അമേരിക്ക (ബ്രസീല്‍, കൊളംബിയ, വെനസ്വേല) തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുക എന്നതാണ് മറ്റൊരു പോംവഴി. എന്നാല്‍ യാത്രാദൂരം കൂടുതലായതിനാല്‍ ചരക്ക് കൂലി ഗണ്യമായി വര്‍ദ്ധിക്കുകയും ഇത് എണ്ണവില ഉയരാന്‍ കാരണമാകുകയും ചെയ്യും.
ഫെബ്രുവരിയിലെ കണക്കുകള്‍ (മാസത്തിലെ ഇതുവരെയുള്ള കണക്ക്) പ്രകാരം ഇന്ത്യയുടെ പ്രതിദിന ഇറക്കുമതി 5.47 ദശലക്ഷം ബാരലായി ഉയര്‍ന്നിട്ടുണ്ട് (കഴിഞ്ഞ മാസം 5.14 ദശലക്ഷം, 2025 ഫെബ്രുവരിയില്‍ 4.78 ദശലക്ഷം). ഇതില്‍ റഷ്യയില്‍ നിന്ന് 1.15 ദശലക്ഷം (ജനുവരിയില്‍ 1.09), സൗദിയില്‍ നിന്ന് 1.11 ദശലക്ഷം (ജനുവരിയില്‍ 774,000), ഇറാഖില്‍ നിന്ന് 942,000 (ജനുവരിയില്‍ 1.02 ദശലക്ഷം) എന്നിങ്ങനെയാണ് ഇറക്കുമതി ചെയ്തത്.