നിർബന്ധിത തൊഴിൽ ചൂഷണം തടയാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക പുതിയ തീരുവകൾ പ്രഖ്യാപിച്ചു. ഉയർന്ന തീരുവ പ്രതീക്ഷിച്ചിരുന്നെങ്കിലും, അനുകൂല ചർച്ചകളെ തുടർന്ന് ഇന്ത്യയെ 10 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുത്തി. ഇത് ഇന്ത്യക്ക് നേരിയ ആശ്വാസം നൽകുന്നു.

ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവകള്‍ പ്രഖ്യാപിച്ച് അമേരിക്ക. 'നിര്‍ബന്ധിത തൊഴില്‍' വഴി ചൂഷണം ചെയ്ത് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കെതിരെ എന്ന പേരിലാണ് പുതിയ തീരുവ. ഇന്ത്യയെ 10 ശതമാനം നികുതി സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ 12.5 ശതമാനം ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഇന്ത്യയ്ക്ക് നേരിയ ആശ്വാസം ലഭിച്ചു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവ് ആണ് 60 വ്യാപാര പങ്കാളികള്‍ക്കുമേല്‍ പുതിയ തീരുവകള്‍ പ്രഖ്യാപിച്ചത്. നിര്‍ബന്ധിത തൊഴില്‍ ആഗോള വിതരണ ശൃംഖലയില്‍ നിന്ന് ഇല്ലാതാക്കുക എന്നതാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വിഷയത്തില്‍ നിരോധനം ഏര്‍പ്പെടുത്തുകയും നിയമം കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുന്ന ലോകത്തിലെ ഏക രാജ്യം അമേരിക്കയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവ് വ്യക്തമാക്കി.

ഇന്ത്യയെ 10% സ്ലാബില്‍ ഉള്‍പ്പെടുത്തിയത് എന്തുകൊണ്ട്?

തുടക്കത്തില്‍ ഇന്ത്യയ്ക്ക് 12.5% ഉയര്‍ന്ന തീരുവ നേരിടേണ്ടി വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തൊഴില്‍ സംബന്ധമായ വിഷയങ്ങളില്‍ അമേരിക്കയുമായി നടത്തിയ അനുകൂലമായ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ത്യയെ 10 ശതമാനം വിഭാഗത്തിലേക്ക് മാറ്റിയത്. ഇന്ത്യ ഉള്‍പ്പെടെ 17 രാജ്യങ്ങളാണ് കുറഞ്ഞ തീരുവയായ 10% സ്ലാബില്‍ ഉള്ളത്. യുകെ, കാനഡ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മെക്‌സിക്കോ, അര്‍ജന്റീന, കംബോഡിയ, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ജോര്‍ദാന്‍, മലേഷ്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് രാജ്യങ്ങള്‍.

എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍, തായ്വാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിലവിലുള്ള തീരുവകള്‍ക്ക് പുറമെ 10 അല്ലെങ്കില്‍ 12.5 ശതമാനം നികുതി ചുമത്തും. കുറഞ്ഞ നിരക്കില്‍ ഉള്‍പ്പെടാത്ത മറ്റ് രാജ്യങ്ങള്‍ക്ക് മുഴുവന്‍ 12.5 ശതമാനം നികുതി നല്‍കേണ്ടി വരും. അതേസമയം, നിലവില്‍ പ്രത്യേക തീരുവയുള്ള ഉരുക്ക്, അലുമിനിയം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ തീരുമാനം ബാധകമല്ല.

ഇന്ത്യയുടെ മുന്‍കരുതല്‍ നടപടികള്‍

അമേരിക്കയുടെ ഭാഗത്തുനിന്ന് 12.5% തീരുവ ഭീഷണി ഉയര്‍ന്നപ്പോള്‍ തന്നെ അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഇന്ത്യ ചില മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഉയര്‍ന്ന തീരുവ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് നിര്‍ബന്ധിത തൊഴിലിലൂടെ നിര്‍മ്മിച്ച സാധനങ്ങള്‍ തിരിച്ചറിയാന്‍ വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രാജ്യം അവതരിപ്പിച്ചിരുന്നു,.