
ഹോട്ടലുകളില്‍ താമസിക്കാന്‍ പദ്ധതിയുണ്ടോ.. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഹോട്ടലുകളിലേക്ക് പോകുന്നുണ്ടെങ്കില്‍ പോക്കറ്റില്‍ കുറച്ചധികം പണം കരുതേണ്ടി വരും. ചില്ലറയല്ല, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനം അധികം ആണ് ഈ വര്‍ഷം ഹോട്ടല്‍ താമസ നിരക്കുകള്‍ കൂടാന്‍ പോകുന്നത്. രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക വളര്‍ച്ചയും മികച്ച ഡിമാന്‍റും കാരണം ആണ് നിരക്കുകള്‍ ഉയരുന്നത്. പൊതുതിരഞ്ഞെടുപ്പിന് പുറമേ, കോവിഡിന് ശേഷം അവധി ആഘോഷിക്കുന്ന പ്രവണത കൂടിയതും ഹോട്ടലുകള്‍ക്ക് അനുകൂല ഘടകമാണ്.
ഹോട്ടല്‍ റൂമുകളുടെ ലഭ്യത പൊതുവേ കുറവുള്ള ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ 10 മുതല്‍ 15 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഭാരത് മണ്ഡപം, ജിയോ വേൾഡ് കൺവെൻഷൻ സെന്റർ തുടങ്ങിയ വേദികളിൽ വച്ച് ചടങ്ങുകൾ നടത്തുന്നതിന് ഉയർന്ന ഡിമാന്റാണുള്ളത്. ഇതിന് സമീപമുള്ള ഹോട്ടലുകളിലെ ബുക്കിംഗ് ഉയരാനും ഇത് വഴി വയ്ക്കുന്നു. വളരെ പരിമിതമായി ഹോട്ടല്‍ റൂമുകള്‍ ലഭിക്കുന്ന കശ്മീരില്‍ നിരക്കുകള്‍ പതിനഞ്ച് ശതമാനത്തിലധികം കൂടും. കശ്മീരിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണിത്. അതേ സമയം ഈ വര്‍ഷം അധികമായി 25,000 അധിക മുറികള്‍ കൂടി ഹോട്ടല്‍ മേഖലയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അയോധ്യ, വാരണാസി എന്നിവിടങ്ങളില്‍ ഹോട്ടല്‍ റൂമുകള്‍ക്കുള്ള ഡിമാന്‍റ് കൂടുന്നതും പുതിയ റൂമുകളുടെ ലഭ്യതയ്ക്ക് കാരണമാണ്.
പുതുവർഷ രാവിൽ, രാജ്യത്തെ എല്ലാ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിലെയും റിസോർട്ടുകളിലും ഹോട്ടലുകളിലും ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉയർന്ന ഡിമാൻഡ് കാരണം ഹോട്ടൽ താരിഫുകളും ഈ സമയത്ത് കുതിച്ചുയർന്നു.വിവാഹങ്ങളോടനുബന്ധിച്ചുള്ള ആഘോഷങ്ങളും ഹോട്ടലുകൾക്ക് അനുകൂലമായ ഘടകമാണ്.