ബെംഗളൂരുവിലെ മുന്തിരിത്തോപ്പുകളിൽ വിളവെടുപ്പ് തുടങ്ങി. ദിവസവും ടൺ കണക്കിന് മുന്തിരിയാണ് ഇവിടെ നിന്ന് ലോറികളിലേറി അതിർത്തി കടക്കുന്നത്.
ബെംഗളൂരു: കേരള, മഹാരാഷ്ട്ര വിപണികൾ ലക്ഷ്യമിട്ട് ബെംഗളൂരുവിലെ മുന്തിരിത്തോപ്പുകളിൽ വിളവെടുപ്പ് തുടങ്ങി. ദിവസവും ടൺ കണക്കിന് മുന്തിരിയാണ് ഇവിടെ നിന്ന് ലോറികളിലേറി അതിർത്തി കടക്കുന്നത്. വൈൻ ഉത്പാദകർക്കും ജ്യൂസ് വിൽപന നടത്തുന്നവർക്കും പ്രിയങ്കരമായ ബെംഗളൂരു ബ്ലൂസിന്റെ വിളവെടുപ്പാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്.
മുന്തിരിക്ക് പത്തും ഇരുപതും രൂപയൊക്കെയാണ് കിട്ടിയിരുന്നത്. ഇപ്പോൾ 30 മുതൽ 35 രൂപ വരെയായി. 45 രൂപയൊക്കെ കിട്ടാറുണ്ടായിരുന്നു. 30 രൂപ കിട്ടിയാൽ മുടക്കുമുതൽ തിരിച്ച് കിട്ടും. അതിലും കുറഞ്ഞാൽ കൂലി നൽകിയ പണം പോലും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.
സോളമന്റയും സോഫിയുടെയും പ്രണയത്തിന് പശ്ചാത്തലമായ മുന്തിരി തോപ്പുകൾ. നന്ദി ഹിൽസിന്റെ താഴ്വാരത്തിലെ ആ തോപ്പുകൾ മുന്തിരിക്കുലകളാൽ സമൃദ്ധമാണ് ഇത്തവണയും. "കാണാൻ നല്ല ചന്തം. നാവിലൂറുന്ന രുചി! ചിക്ബെല്ലാപുരയിലെയും ദൊഡ്ഡബെല്ലാപുരയിലെയും മണ്ണിൽ വിരിയുന്ന ഈ 'ബെംഗളൂരു ബ്ലൂസ്' വിപണിയിലെ യഥാർത്ഥ സുൽത്താനാണ്." ദിൽക്കുഷും കുരുവുള്ള പച്ച മുന്തിരി അണ്ണാബിഷും കളം നിറയാൻ നിൽക്കുമ്പോഴും കർഷകരുടെ മനസ്സ് കീഴടക്കുന്നത് ഈ നീലമുന്തിരികളാണ്. വൈൻ ഫാക്ടറികൾക്കും ജ്യൂസ് കടകൾക്കും ഇതിനോടുള്ള പ്രിയമാണ് ഈ ഇഷ്ടക്കൂടുതലിനുള്ള കാരണം. കിലോയ്ക്ക് 5 രൂപയിലേക്ക് വില കൂപ്പുകുത്താറുണ്ടെങ്കിലും ഇപ്പോൾ 30-35 രൂപ വില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസം പകരുന്നു.
ഈ മധുരത്തിന് പിന്നിൽ വിയർപ്പിന്റെയും നിക്ഷേപത്തിന്റെയും വലിയൊരു കണക്കുപുസ്തകം കൂടിയുണ്ട്. ഒരേക്കറിൽ 250 ചെടികളാണുള്ളത്. പന്തലൊരുക്കാൻ മാത്രം 5 ലക്ഷം ആവശ്യമായി വരും. കീടനാശിനിക്കും വിളവെടുപ്പിനുമായി ലക്ഷങ്ങൾ വേറെയും. വിപണിയിൽ 40 രൂപയെങ്കിലും കിട്ടിയാലേ ഈ കർഷകരുടെ അധ്വാനം ലാഭകരമാകൂ. എന്നാൽ, ഈ തിളക്കത്തിന് പിന്നിൽ ഭയപ്പെടുത്തുന്ന ഒരു വില്ലനുണ്ട് - കീടനാശിനി! തളിർത്തു തുടങ്ങുന്നത് മുതൽ 45 ദിവസത്തോളം ഓരോ നാല് ദിവസത്തിലും മരുന്നടിച്ച് കുതിർന്നാണ് ഈ മുന്തിരിക്കുലകൾ വിപണിയിലേക്ക് ലോറി കയറുന്നത്. നാം നുകരുന്ന ഈ മധുരത്തിൽ കടുത്ത വിഷാംശത്തിന്റെ കയ്പ്പും കലർന്നിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.

