ബ്രിട്ടന്റെ നട്ടെല്ലായി ഇന്ത്യക്കാര്‍; സമ്പദ്‌വ്യവസ്ഥ താങ്ങിനിര്‍ത്തുന്നത് ഇന്ത്യന്‍ പ്രൊഫഷണലുകളെന്ന് റിപ്പോര്‍ട്ട്

Published : Feb 11, 2026, 06:11 PM IST
GREAT Britain Scholarship

Synopsis

ബ്രെക്സിറ്റിന് ശേഷമുള്ള നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടന്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യക്കാരുടെ വരവ് ഏറെ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയിലും ആരോഗ്യ-സാങ്കേതിക മേഖലകളുടെ നിലനില്‍പ്പിലും ഇന്ത്യന്‍ കുടിയേറ്റക്കാര്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി റിപ്പോര്‍ട്ട്. യുകെയിലെത്തുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന് ഭാരമല്ല, മറിച്ച് വലിയൊരു അനുഗ്രഹമാണെന്ന് ലണ്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ പുറത്തിറക്കിയ ധവളപത്രം വ്യക്തമാക്കുന്നു. ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യ സെന്ററും 'ഹിയര്‍ ആന്‍ഡ് നൗ 365'എന്ന പോളിസി ഗ്രൂപ്പും സംയുക്തമായാണ് പഠനം നടത്തിയത്. 'മൈഗ്രേഷന്‍ ഓഫ് ദി ഇന്ത്യന്‍ ഡയസ്പോറ ടു ദി യുകെ' എന്ന് പേരിട്ടിരിക്കുന്ന ഈ പഠനറിപ്പോര്‍ട്ട്, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള നാല് ഘട്ടങ്ങളിലായുള്ള ഇന്ത്യന്‍ കുടിയേറ്റത്തെയാണ് വിശകലനം ചെയ്യുന്നത്.

ആരോഗ്യരംഗത്തും ഐടിയിലും ഇന്ത്യന്‍ കരുത്ത്

ബ്രെക്സിറ്റിന് ശേഷമുള്ള നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടന്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യക്കാരുടെ വരവ് ഏറെ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യരംഗം: ബ്രിട്ടീഷ് ആരോഗ്യ മേഖലയും സോഷ്യല്‍ കെയര്‍ രംഗവും ഇന്ത്യന്‍ നഴ്സുമാരെയും ഡോക്ടര്‍മാരെയും വലിയതോതില്‍ ആശ്രയിക്കുന്നു.

സാങ്കേതിക മേഖല: ഡിജിറ്റല്‍ സര്‍വീസുകള്‍, അത്യാധുനിക എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സാന്നിധ്യം അനിവാര്യമാണ്.

വേണ്ടത് 'സ്മാര്‍ട്ട് മൈഗ്രേഷന്‍'

വെറുതെ കുടിയേറ്റക്കാരുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിന് പകരം, കൂടുതല്‍ കാര്യക്ഷമമായ 'സ്മാര്‍ട്ട് മൈഗ്രേഷന്‍' രീതി നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

വിസ നടപടികള്‍: വിസ നല്‍കുന്ന രീതി കൂടുതല്‍ വ്യക്തവും ലളിതവുമാക്കുക.

യോഗ്യതകള്‍ക്ക് അംഗീകാരം: ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണല്‍ ബിരുദങ്ങള്‍ക്കും പ്രവൃത്തിപരിചയത്തിനും വേഗത്തില്‍ അംഗീകാരം നല്‍കുക.

സുസ്ഥിരത: തൊഴില്‍ മേഖലയിലെ ഒഴിവുകള്‍ക്കനുസരിച്ച് കൃത്യമായ വൈദഗ്ധ്യമുള്ളവരെ വിന്യസിക്കുക.

ഇന്ത്യ-യുകെ വ്യാപാര കരാര്‍

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സേവന മേഖലയിലെ തടസ്സങ്ങള്‍ നീക്കാനും പ്രൊഫഷണലുകളുടെ യാത്ര സുഗമമാക്കാനും സഹായിക്കും. ബ്രിട്ടന്റെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ പ്രൊഫഷണലുകളെ മാറ്റിനിര്‍ത്താനാവില്ലെന്നാണ് ഈ പഠനം അടിവരയിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ഗൂഗിള്‍ ടാക്‌സ്' ഇന്ത്യ പിന്‍വലിച്ചത് കരാറിന് മുന്‍പേ; വൈറ്റ് ഹൗസ് തിരുത്തി, നിലപാടില്‍ ഉറച്ച് ഇന്ത്യ
എണ്ണ എവിടെ നിന്ന് വാങ്ങണം? ഇന്ത്യയുടെ ഉത്തരം റെഡി; 'വില കുറയണം, ഗുണമേന്മ വേണം'; ട്രംപിന്റെ വാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി കേന്ദ്രം