'ഗൂഗിള്‍ ടാക്‌സ്' ഇന്ത്യ പിന്‍വലിച്ചത് കരാറിന് മുന്‍പേ; വൈറ്റ് ഹൗസ് തിരുത്തി, നിലപാടില്‍ ഉറച്ച് ഇന്ത്യ

Published : Feb 11, 2026, 06:07 PM IST
india us trade deal white house fact sheet changes pulses removed 500 billion purchase intended digital tax update

Synopsis

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ ഈ നികുതി ഒഴിവാക്കിയിരുന്നു.

 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് ഡിജിറ്റല്‍ പരസ്യ നികുതി അഥവാ 'ഗൂഗിള്‍ ടാക്‌സ്' ഇന്ത്യ പിന്‍വലിച്ചതെന്ന പ്രചാരണങ്ങളില്‍ വ്യക്തത. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ ഈ നികുതി ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് നേരത്തെ പുറത്തിറക്കിയ കുറിപ്പിലെ വിവരങ്ങള്‍ പിന്നീട് തിരുത്തുകയും ചെയ്തു.

എന്താണ് ഗൂഗിള്‍ ടാക്‌സ്?

ഇന്ത്യയില്‍ ഭൗതികമായി ഓഫീസുകളില്ലാത്ത വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്ക് (ഉദാഹരണത്തിന് ഗൂഗിള്‍, മെറ്റ തുടങ്ങിയവ) ഇന്ത്യന്‍ ബിസിനസുകളില്‍ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനത്തിന് മേല്‍ ചുമത്തിയിരുന്ന നികുതിയാണിത്. 2016-ലാണ് 6 ശതമാനം നിരക്കിലുള്ള ഈ 'ഈക്വലൈസേഷന്‍ ലെവി' ഇന്ത്യ റദ്ദ് ചെയ്തത്.

തീരുമാനം 10 മാസം മുന്‍പേ

അമേരിക്കയുമായുള്ള പുതിയ വ്യാപാര ചര്‍ച്ചകള്‍ പരസ്യമാകുന്നതിനും 10 മാസം മുന്‍പ്, 2025 ഏപ്രില്‍ ഒന്നു മുതലാണ് ഈ നികുതി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. 2025-ലെ ഫിനാന്‍സ് ബില്ലിലെ ഭേദഗതികളിലൂടെയാണ് സര്‍ക്കാര്‍ ഈ മാറ്റം കൊണ്ടുവന്നത്.ഇന്ത്യ ഡിജിറ്റല്‍ നികുതികള്‍ ഒഴിവാക്കുമെന്ന് വൈറ്റ് ഹൗസ് ആദ്യം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് തിരുത്തി. ഡിജിറ്റല്‍ വ്യാപാരത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് മാത്രമാണ് പുതുക്കിയ കുറിപ്പില്‍ പറയുന്നത്.

നികുതി ഒഴിവാക്കാന്‍ കാരണമെന്ത്?

ഈ നികുതി പിന്‍വലിച്ചതിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്:

വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍: ഈ നികുതി അമേരിക്കന്‍ കമ്പനികളോടുള്ള വിവേചനമാണെന്ന് യുഎസ് തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്നു. അമേരിക്കയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി പിന്‍വലിച്ചത്.

പരസ്യച്ചെലവ് കുറയ്ക്കാന്‍: ഗൂഗിളും മെറ്റയും ഈ നികുതി ഭാരം ഇന്ത്യന്‍ പരസ്യദാതാക്കളിലേക്ക് തന്നെ കൈമാറുന്നതായി കണ്ടെത്തിയിരുന്നു. നികുതി ഒഴിവാക്കിയതോടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ ചെലവ് കുറയുമെന്നാണ് പ്രതീക്ഷ.

നിലപാടില്‍ ഉറച്ച് ഇന്ത്യ

നേരത്തെ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് മേല്‍ ചുമത്തിയിരുന്ന 2 ശതമാനം നികുതിയും 2024-ലെ ഫിനാന്‍സ് ആക്ട് വഴി ഇന്ത്യ ഒഴിവാക്കിയിരുന്നു. ഭാവിയില്‍ ഇത്തരം നികുതികള്‍ വീണ്ടും കൊണ്ടുവരില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് അമേരിക്കന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നികുതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തില്‍പ്പെട്ടതാണെന്നും വ്യാപാര കരാറുകളില്‍ ഇതിനെ കെട്ടിയിടാന്‍ കഴിയില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

PREV
Read more Articles on
click me!

Recommended Stories

എണ്ണ എവിടെ നിന്ന് വാങ്ങണം? ഇന്ത്യയുടെ ഉത്തരം റെഡി; 'വില കുറയണം, ഗുണമേന്മ വേണം'; ട്രംപിന്റെ വാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി കേന്ദ്രം
ഒടിടിയും വിമാനയാത്രയും വരെ വിലക്കയറ്റം തീരുമാനിക്കും; ഇന്ത്യയുടെ 'സിപിഐ' മാറുന്നു