പുകയിലയിൽ തുടങ്ങി അടുക്കള കീഴടക്കി, നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമായ ഇന്ത്യയുടെ സ്വന്തം വ്യവസായ സാമ്രാജ്യം; സെഞ്ച്വറി തികച്ച് ഐടിസി

Published : Jun 25, 2026, 12:14 PM IST
ITC limited

Synopsis

നൂറു വർഷം മുൻപ് ഒരു സിഗരറ്റ് കമ്പനിയായി കൊൽക്കത്തയിൽ തുടങ്ങിയ ഐടിസി ലിമിറ്റഡ് ഇന്ന് ഇന്ത്യക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഒരു വലിയ സാമ്രാജ്യമാണ്. ഹോട്ടലുകൾ, പാക്കേജിംഗ്, എഫ്എംസിജി തുടങ്ങിയ വിവിധ മേഖലകളിലേക്ക് വളർന്ന കമ്പനി ആശീർവാദ്, സൺഫീസ്റ്റ്, ക്ലാസ്മേറ്റ് തുടങ്ങിയ ബ്രാൻഡുകളിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വീട്ടിലേക്കെത്തുന്നു. 

നൂറു വർഷങ്ങൾക്ക് മുൻപ് കൊൽക്കത്തയിലെ ഒരു ചെറിയ ഓഫീസിൽ നിന്ന് തുടങ്ങിയ ഐടിസിക്ക് ഇന്ന് അവർ പടുത്തുയർത്തിയ ഒരു വലിയ സാമ്രാജ്യം മുന്നിലുണ്ട്. ഒരു പുകയില വിൽപ്പന കമ്പനിയായി തുടങ്ങി, ഇന്ന് ഇന്ത്യക്കാരുടെ നിത്യജീവിതത്തിന്റെ വലിയൊരു ഭാഗമായി മാറിയ കമ്പനിയാണ് ഐ.ടി.സി ലിമിറ്റഡ്. ഇന്ന് ലക്ഷക്കണക്കിന് കർഷകർക്ക് ജീവനമാർഗവും, ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങളും നൽകുന്ന, കോടിക്കണക്കിന് രൂപ വിറ്റുവരവുള്ള ഇന്ത്യയുടെ സ്വന്തം കമ്പനിയെക്കുറിച്ച് കൂടുതലറിയാം..

1910 ഓഗസ്റ്റ് 24 നാണ് കൊൽക്കത്തയിൽ ഈ കമ്പനി സ്ഥാപിതമാകുന്നത്. ഇംപീരിയൽ ടൊബാക്കോ കംപനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നായിരുന്നു ആദ്യ പേര്. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ ഏക ലക്ഷ്യം പുകയില കൃഷിയും സിഗരറ്റ് നിർമ്മാണവും മാത്രമായിരുന്നു. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം കമ്പനിയുടെ ഉടമസ്ഥതയും മാനേജ്‌മെന്റും സാവധാനം ഇന്ത്യയുടെ കൈകളിലേക്ക് മാറാൻ തുടങ്ങി. ഇതിന്റെ ഭാഗമായി പേരും പലതവണ മാറി. 1970 ൽ 'ഇംപീരിയൽ' എന്ന വാക്ക് മാറ്റി ഇന്ത്യ ടൊബാക്കോ കമ്പനി ലിമിറ്റഡ് എന്നാക്കി. 1974 ൽ കമ്പനി മറ്റ് മേഖലകളിലേക്ക് കൂടി വളരാൻ തുടങ്ങിയതോടെ പേര് വെട്ടിച്ചുരുക്കി ഐ.ടി.സി ലിമിറ്റഡ് എന്നാക്കുകയായിരുന്നു.

1975 ൽ ഐടിസിയുടെ ഉടമസ്ഥതയിൽ ചെന്നൈയിൽ 'ചോള' എന്ന ആദ്യ ഹോട്ടൽ തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ലക്ഷ്വറി ഹോട്ടൽ ശൃംഖലകളിലൊന്നാണിത്. 1979 ൽ സിഗരറ്റ് പാക്കറ്റുകൾക്ക് ആവശ്യമായ പേപ്പർ നിർമ്മിക്കാനായി തുടങ്ങിയ പേപ്പർ ബോർഡ്സ് നിലവിൽ രാജ്യത്തെ പാക്കേജിംഗ് രംഗത്തെ അതികായനാണ്. 1990 കളുടെ അവസാനത്തോടെ ഇന്ത്യയിലെ കർഷകരിൽ നിന്ന് നേരിട്ട് ഗോതമ്പ്, കാപ്പി, സോയാബീൻ തുടങ്ങിയവ സംഭരിക്കാൻ തുടങ്ങി. 2001 മുതൽ എഫ്എംസിജി ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ കമ്പനിയുടെ സുവർണ കാലം തുടങ്ങിയെന്ന് പറയാം. 2001 ൽ ആശീർവാദ് ആട്ടയും കിച്ചൻസ് ഓഫ് ഇന്ത്യ റെഡി- ടു- ഈറ്റ് ഭക്ഷണങ്ങളും അവതരിപ്പിച്ചു. 2002ൽ 'ക്ലാസ്മേറ്റ്' നോട്ട്ബുക്കുകളിലൂടെ വിദ്യാഭ്യാസ രംഗത്തേക്കും കടന്നു വന്നു. 2003 ആയപ്പോൾ സൺഫീസ്റ്റ് ബിസ്ക്കറ്റുകൾ വിപണിയിലെത്തിച്ചു. പിന്നീട് സോപ്പുകൾ, ഷാംപൂകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിലൂടെ പേഴ്സണൽ കെയർ രംഗത്തും ഐടിസി മുദ്രപതിപ്പിച്ചു.

ഇതിനിടെ, 2001ൽ കമ്പനിയുടെ പേരിൽ നിന്ന് പുകയില (Tobacco) എന്ന അർത്ഥം പൂർണമായി ഒഴിവാക്കാൻ പേരിലെ ഡോട്ട്സ് (.) ഒഴിവാക്കി. ഇതോടെ ITC Limited എന്ന് മാത്രമാക്കി. ഇപ്പോഴത്തെ ITC എന്നാൽ ഒരു ചുരുക്കെഴുത്തായിട്ടല്ല, പകരം കമ്പനിയുടെ ഔദ്യോഗിക നാമം ആണ്.

ഉൽപ്പന്നങ്ങൾ:

ഭക്ഷണസാധനങ്ങൾ 

ആശീർവാദ് : ഗോതമ്പുപൊടി (ആട്ട), ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ

സൺഫീസ്റ്റ് : ഡാർക്ക് ഫാന്റസി ഉൾപ്പെടെയുള്ള ജനപ്രിയ ബിസ്ക്കറ്റുകൾ.

ബിംഗോ : പൊട്ടറ്റോ ചിപ്സും മറ്റ് ലഘുഭക്ഷണങ്ങളും.

യിപ്പി : ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലെ മുൻനിരക്കാർ.

വ്യക്തിഗത പരിചരണം

ഫിയാമ & വിവെൽ: പ്രീമിയം മാർക്കറ്റ് സോപ്പുകളും ഷവർ ജെല്ലുകളും.

എൻഗേജ് : പെർഫ്യൂമുകളും ഡിയോഡറന്റുകളും.

സാവ്ലോൺ : ഹാൻഡ്‌വാഷ്, ആന്റിസെപ്റ്റിക് ലിക്വിഡ്, മാസ്ക് തുടങ്ങിയ ആരോഗ്യ- സംരക്ഷണ ഉൽപ്പന്നങ്ങൾ.

വിദ്യാഭ്യാസ സാമഗ്രികൾ

ക്ലാസ്മേറ്റ് : ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോട്ട്ബുക്കുകളും മറ്റ് പഠനോപകരണങ്ങളും (പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ).

മറ്റ് ഉൽപ്പന്നങ്ങൾ

മംഗൾദീപ് : പൂജാ ആവശ്യങ്ങൾക്കുള്ള അഗർബത്തികൾ. ഇവ കൂടാതെ ഐടിസി പോലുള്ള ലക്ഷ്വറി ഹോട്ടൽ, പാക്കേജിംഗ്, കൃഷിധിഷ്ഠിത വ്യവസായം എന്നീ മേഖലകളിലും ഐടിസിക്ക് ശക്തമായ സാന്നിധ്യമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഒഎൻഡിസി കേരളത്തിലെ സംരംഭകര്‍ക്ക് ആഗോള വിപണിയിലേക്ക് വഴിതുറക്കും, ഇടനിലക്കാർ വേണ്ടി വരില്ല: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
രാജ്യത്ത് ഇനിയും വിമാനയാത്രാ നിരക്ക് കുതിച്ചുയരുമോ? ഇന്ധനവില വര്‍ധനയും ആഗോള പ്രതിസന്ധിയും കാരണമാകാമെന്ന് റിപ്പോർട്ട്