നടനെന്ന് നിലപാടെടുത്തു; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നികുതി ഇനത്തില്‍ ലാഭിച്ചത് 58 ലക്ഷം രൂപ

Published : Nov 02, 2025, 11:26 AM IST
sachin tendulkar

Synopsis

പെപ്‌സി, വിസ, ഇഎസ്പിഎന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയുള്ള പരസ്യങ്ങളില്‍ അഭിനയിച്ചതിലൂടെ സച്ചിന് 5.92 കോടി രൂപ വിദേശ വരുമാനമായി ലഭിച്ചു. ഇത് നികുതി ഇളവിന് അർഹമാകുമോ?

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നികുതി വകുപ്പിന്റെ മുന്നില്‍ സ്വയം ഒരു 'നടനായി' പ്രഖ്യാപിച്ചതിലൂടെ ലാഭിച്ചത് 58 ലക്ഷം രൂപ. ടെക്‌സ്ബഡ്ഡി ഡോട്ട് കോം സ്ഥാപകന്‍ സുജിത് ബംഗാര്‍ അടുത്തിടെ എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് സച്ചിന്റെ സാമ്പത്തിക തന്ത്രത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങളുള്ളത്.

എന്താണ് ആ ‘നാട്യ തന്ത്രം’?

2002-03 സാമ്പത്തിക വര്‍ഷത്തിലാണ് ഈ സംഭവം. പെപ്‌സി, വിസ, ഇഎസ്പിഎന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയുള്ള പരസ്യങ്ങളില്‍ അഭിനയിച്ചതിലൂടെ സച്ചിന് 5.92 കോടി രൂപ വിദേശ വരുമാനമായി ലഭിച്ചു. ഈ വരുമാനം ഒരു 'ക്രിക്കറ്റര്‍' എന്ന നിലയിലുള്ള വരുമാനമായി കാണിക്കുന്നതിന് പകരം, സച്ചിന്‍ ഇത് ഒരു 'നടന്‍' എന്ന പ്രൊഫഷനിലെ വരുമാനമായി തരംതിരിച്ചു. തുടര്‍ന്ന്, ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ആര്‍ആര്‍ പ്രകാരം 30% നികുതി ഇളവ് ആവശ്യപ്പെടുകയായിരുന്നു.

എഴുത്തുകാര്‍, നാടകകൃത്തുക്കള്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് വിദേശ വരുമാനത്തിന് നികുതി ഇളവ് നല്‍കുന്ന വകുപ്പാണ് സെക്ഷന്‍ 80ആര്‍ആര്‍. സച്ചിന്‍ സ്വയം ഒരു ക്രിക്കറ്റര്‍ എന്ന് വിളിച്ചില്ല. അദ്ദേഹം സ്വയം നടന്‍ എന്ന് വിളിച്ചു, ആ ഒരൊറ്റ വാക്ക് എല്ലാം മാറ്റിമറിച്ചു. പോസ്റ്റില്‍ പറയുന്നു.

ആദായ നികുതി വകുപ്പ് എതിര്‍ത്തു

എന്നാല്‍, സച്ചിന്റെ ഈ വാദം നികുതി നിര്‍ണ്ണയ ഉദ്യോഗസ്ഥന്‍ അംഗീകരിച്ചില്ല. 'നിങ്ങള്‍ ഒരു ക്രിക്കറ്ററാണ്; പരസ്യങ്ങള്‍ അതിന് അനുബന്ധമായി വരുന്നതാണ്. ഇത് 'മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം' ആയി കണക്കാക്കണം, 80ആെര്‍ആര്‍ ഇളവ് ലഭിക്കില്ല' എന്നായിരുന്നു ഉദ്യോഗസ്ഥന്റെ നിലപാട്. എന്നാല്‍, താന്‍ ചെയ്തത് മോഡലിംഗ്/അഭിനയമാണ് എന്നും അത് ഒരു നടന്റെ പ്രൊഫഷനാണെന്നും അതിനാല്‍ 80ആര്‍ആര്‍ ബാധകമാണ് എന്നുമായിരുന്നു സച്ചിന്റെ ന്യായീകരണം. ഇതോടെ, ഒരു വ്യക്തിയെ 'നടന്‍' എന്ന് നിര്‍വചിക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന് തീരുമാനമെടുക്കേണ്ടി വന്നു.

വിധി സച്ചിന് അനുകൂലം

ഭാവന, സര്‍ഗ്ഗാത്മകത എന്നിവ ഉള്‍പ്പെടുന്ന ഏതൊരു ജോലിയും 'നടന്‍' എന്ന നിര്‍വചനത്തില്‍ വരുമെന്ന് ട്രൈബ്യൂണല്‍ വിധിച്ചു. മോഡലിംഗും ടിവി പരസ്യങ്ങളും ഇതിന് യോഗ്യത നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. സച്ചിന് ഒരു ക്രിക്കറ്റര്‍ എന്ന നിലയിലും, ഒരു നടന്‍ എന്ന നിലയിലും രണ്ട് പ്രൊഫഷനുകള്‍ ഉണ്ടെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം അഭിനയത്തിലൂടെ ലഭിച്ചതായി കണക്കാക്കി. അവസാനം, സച്ചിന്റെ വാദം അംഗീകരിച്ച ട്രൈബ്യൂണല്‍, വിദേശ പരസ്യ വരുമാനത്തിന് സെക്ഷന്‍ 80ആര്‍ആര്‍ പ്രകാരമുള്ള ഇളവ് അനുവദിക്കാന്‍ ഉത്തരവിട്ടു. അതായത്, സച്ചിന്‍ നികുതിയിനത്തില്‍ ഏകദേശം 58 ലക്ഷം രൂപ ലാഭിച്ചു.

നികുതി നിയമത്തെക്കുറിച്ച് ശരിയായ ധാരണയും, സാഹചര്യത്തിനനുസരിച്ചുള്ള സമീപനവും എങ്ങനെ വിജയം കണ്ടു എന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്ന് സുജിത് ബംഗാര്‍ വിശദീകരിക്കുന്നു. നികുതി നിയമങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ആര്‍ക്കും സാധിക്കും എന്നതിന് തെളിവാണ് സച്ചിന്റെ ഈ തന്ത്രം.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി