
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണെന്നും നിയമനടപടി ഒഴിവാക്കാനായി ഉടന്‍ പണം കൈമാറണം എന്ന് ആവശ്യപ്പെട്ട് സൈബര്‍ തട്ടിപ്പുകാര്‍ 72 വയസ്സുള്ള ഒരു നിക്ഷേപകനെയും ഭാര്യയെയും കബളിപ്പിച്ച് തട്ടിയെടുത്തത് 58 കോടി രൂപ. മുംബൈയില്‍ നടന്ന ഈ വന്‍ ഡിജിറ്റല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 3 പേരെ മഹാരാഷ്ട്ര സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 19-നാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും സിബിഐയിലേയും ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി രണ്ട് പേര്‍ വാട്സാപ്പ് വീഡിയോ കോളിലൂടെയാണ് ഇരയെ സമീപിച്ചത്. വ്യാജ രേ ഖകള്‍ കാണിച്ച് അറസ്റ്റ് ചെയ്യുമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ഇവരെ ഭീഷണിപ്പെടുത്തി. നിയമനടപടികളെ ഭയന്ന ദമ്പതികള്‍, തട്ടിപ്പുകാര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ഏകദേശം രണ്ട് മാസത്തോളമായാണ് പണമിടപാട് നടന്നത്. ആര്‍ടിജിഎസ് വഴിയും മറ്റ് ട്രാന്‍സ്ഫറുകളിലൂടെയുമായി മഹാരാഷ്ട്രയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും 18-ഓളം അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പണം കൈമാറരുത്: നിയമപരമായ ഒരു അന്വേഷണ ഏജന്‍സിയും കേസ് ഒത്തുതീര്‍പ്പാക്കാനോ പ്രോസിക്യൂഷന്‍ ഒഴിവാക്കാനോ പണം ആവശ്യപ്പെടില്ല. പണം ആവശ്യപ്പെട്ടുള്ള ഏതൊരു കൈമാറ്റത്തെയും തട്ടിപ്പായി കണക്കാക്കുക.
വീഡിയോ കോളുകളെയോ രേഖകളെയോ മാത്രം ആശ്രയിക്കരുത്: വ്യാജ രേഖകളും കെട്ടിച്ചമച്ച സ്‌ക്രീന്‍ ദൃശ്യങ്ങളും എളുപ്പത്തില്‍ നിര്‍മിക്കാം. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് മുമ്പ് ഒരു നിമിഷം, സത്യം പരിശോധിക്കുകയും വിശ്വസ്തനായ ഉപദേശകനുമായോ കുടുംബാംഗവുമായോ ആലോചിക്കുകയും ചെയ്യുക.
തെളിവുകള്‍ സൂക്ഷിക്കുകയും വേഗത്തില്‍ പ്രതികരിക്കുകയും ചെയ്യുക: ചാറ്റ് ലോഗുകള്‍, കോള്‍ റെക്കോര്‍ഡുകള്‍, പണമിടപാട് രസീതുകള്‍ എന്നിവ സൂക്ഷിക്കുക. നിങ്ങളുടെ ബാങ്കിനെ ഉടന്‍ അറിയിക്കുകയും കൂടുതല്‍ പണമിടപാടുകള്‍ തടയാന്‍ ആവശ്യപ്പെടുകയും ചെയ്യുക.
താമസം കൂടാതെ റിപ്പോര്‍ട്ട് ചെയ്യുക: നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഉടന്‍ പരാതി നല്‍കുക. നേരത്തെയുള്ള റിപ്പോര്‍ട്ടിംഗ് പണം കണ്ടെത്തുന്നതിനും അകൗണ്ട് മരവിപ്പിക്കുന്നതിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബന്ധപ്പെടുക: ഏതെങ്കിലും ഏജന്‍സിയില്‍ നിന്ന് കോള്‍ വന്നാല്‍, അവര്‍ നല്‍കുന്ന നമ്പറുകളില്‍ തിരികെ വിളിക്കാതെ, ആ ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഉപയോഗിച്ച് ബന്ധപ്പെട്ട് വിവരങ്ങള്‍ സ്ഥിരീകരിക്കുക.