അഗ്നിവീറുകൾക്ക് സ്വകാര്യ മേഖലയിൽ മികച്ച അവസരങ്ങളുണ്ടാകും : സഞ്ജീവ് ബിഖ്‌ചന്ദാനി

By Web TeamFirst Published Jun 26, 2022, 7:43 PM IST
Highlights

ലക്ഷ്യ ബോധവും ധാർമികതയും അച്ചടക്കവും കൈമുതലാക്കി പുറത്തേക്ക് എത്തുന്ന അഗ്നിവീറുകൾക്ക് മുൻപിൽ ഉണ്ടാകുക നിരവധി തൊഴിൽ സാധ്യതകൾ

കൊവിഡിന് ശേഷം രാജ്യത്തെ തൊഴിൽ മേഖല തിരിച്ചു വരവിന്റെ പാതയിലാണെന്ന് ഇൻഫോ എഡ്ജ് സ്ഥാപകൻ സഞ്ജീവ് ബിഖ്‌ചന്ദാനി. ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖ പരമ്പരയായ 'സംവാദി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിപഥിൽ നിന്നുള്ള സൈനികർക്ക് നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നും സഞ്ജീവ് വ്യക്തമാക്കി.

ഇന്ത്യൻ വ്യവസായിയായ സഞ്ജീവ് ബിഖ്‌ചന്ദാനി ഇൻഫോ എഡ്ജിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമാണ്. നൗക്കരി.കോം, 99ഏക്കേര്‍സ്.കോം, ജീവന്‍സാഥി.കോം, ശിക്ഷ.കോം തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന പോർട്ടലുകൾ ഇന്‍ഫോ എഡ്ജിന്റെ കീഴിലുളളതാണ്

അഗ്നിപഥിനെകുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിയില്ലെങ്കിലും സൈന്യത്തിൽ നിന്നും ലക്ഷ്യ ബോധവും ധാർമികതയും അച്ചടക്കവും കൈമുതലാക്കി പുറത്തേക്ക് എത്തുന്ന അഗ്നിവീറുകൾക്ക് മുൻപിൽ നിരവധി തൊഴിൽ സാധ്യതകളാണുണ്ടാകുക എന്ന് സഞ്ജീവ് പറഞ്ഞു. സാങ്കേതിക മേഖലകളിലേക്ക് തിരിയാൻ കഴിഞ്ഞില്ലെങ്കിലും കസ്റ്റമർ സർവീസ്. ലോജിസ്റ്റിക്, സെയിൽസ്, മേഖലകളിൽ മറ്റാരെക്കാളും തിളങ്ങാൻ അഗ്നിവീറുകൾക്ക് സാധിക്കും. മാത്രമല്ല സ്വകാര്യ മേഖലയിലെ കമ്പനികൾ ഭൂരിഭാഗവും പുതിയ ആളുകളെയാണ് അന്വേഷിക്കുന്നത് എന്ന് സഞ്ജീവ് വ്യക്തമാക്കി. 

പത്ത് ലക്ഷം പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ ചുവട്‌വെയ്പ് മികച്ചതാണെന്നും സഞ്ജീവ് പറഞ്ഞു. നൗക്കരി വളരാൻ അത് കാരണമാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.  പ്രവൃത്തി പരിചയം ഉള്ളവരും ഇല്ലാത്തവരും നൗക്കരി വഴി ജോലി തേടുന്നുണ്ട്. കഴിഞ്ഞ മൂന്ന് കുർട്ടറുകളിലും നൗക്കരിയുടെ വളർച്ച വലുതാണ് എല്ലാ സെക്ടറിലും ആ വളർച്ച കാണുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്കിൽ ഇന്ത്യ പ്രോഗ്രാമുകളിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കാവുന്നതാണ് എന്ന് ഇൻഫോ എഡ്ജ് സ്ഥാപകൻ വ്യക്തമാക്കി. അതായത് ജാർഖണ്ഡിലെ ഒരു ചെറിയ ഗ്രാമത്തിലെത്തി അവിടെയുള്ള ഉദ്യോഗാർത്ഥികളോട് സ്കിൽ ഇന്ത്യ പ്രോഗ്രാം അറ്റൻഡ് ചെയ്താൽ മുംബൈയിൽ ജോലി ലഭിക്കും എന്ന് പറയുന്നതിൽ അർത്ഥമില്ല.  അപ്പ്രെന്റിഷിപ് പോലുള്ള പ്രോഗ്രാമുകളാണ് ഏറ്റവും നല്ലത്. അതായത് ആദ്യത്തെ മൂന്ന് മണിക്കൂർ ക്ലാസും പിന്നീടുള്ള ആറ് മണിയ്ക്കൂർ ജോലിയും ആണെങ്കിൽ ഒരു വർഷം കഴിയുമ്പോഴേക്ക് നിങ്ങൾക്ക് സ്കില്ലും ഉണ്ടാകും ജോലിയിൽ പ്രാവീണ്യവും ഉണ്ടാകും. ദേശിയ തലത്തിൽ തന്നെ അപ്പ്രെന്റിഷിപ് പ്രോഗ്രാമുകളാണ് ഉണ്ടകണ്ടത് എന്ന് സഞ്ജീവ് വ്യക്തമാക്കി. 

 

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പാഠ്യപദ്ധതികളിൽ മാറ്റം വരുത്തുന്നുണ്ട് എന്നും അതിന്റെ ഫലം തൊഴിൽമേഖലയിൽ  പ്രകടമായി തുടങ്ങുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കാലങ്ങളായുള്ള ആളുകളുടെ ചിന്താഗതി പ്രകാരം എല്ലാവരും സർക്കാർ ജോലികൾക്കാണ് മുൻഗണന നൽകുന്നത്. സ്വകാര്യ മേഖലയെക്കാൾ കൂടുതൽ സമ്പാദ്യവും ആനുകൂല്യങ്ങളും സർക്കാർ ജോലിയിൽ നിന്നും ലഭിക്കുമെന്ന് ധാരണ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിക്ക് ശേഷം എല്ലാ മേഖലയും വളരുന്നുണ്ടെങ്കിലും ഏറ്റവും വേഗത്തിൽ തിരിച്ചു വന്നത് ഐടി മേഖലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് ഏറ്റവും കൂടുതൽ സോഫ്റ്റ് വെയർ എഞ്ചീനീയർമാരുള്ളത് ഇന്ത്യയിലാണെന്നും അതിനാലാണ് ഇത്തരമൊരു തിരിച്ച് വരവിനു രാജ്യത്തിന് കഴിഞ്ഞതെന്നും സഞ്ജീവ് പറഞ്ഞു.

 

click me!