ട്രംപ് ഏണി വച്ച് പിടിച്ച കെണിയായി തീരുവ യുദ്ധം; യുഎസ് വിലക്കയറ്റത്തിന്റെ വറചട്ടിയിലേക്ക്; നഷ്ടം അമേരിക്കക്കാര്‍ക്ക് മാത്രമെന്ന് ആദ്യ സൂചനകള്‍

Published : Oct 13, 2025, 11:45 PM IST
trump sad

Synopsis

അധിക തീരുവയുടെ ഭാരം മുഴുവന്‍ ചുമക്കുന്നത് അമേരിക്കയിലെ കമ്പനികളും, സാധാരണ ഉപഭോക്താക്കളുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു 

 

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ പുതിയ താരിഫ് വിദേശ രാജ്യങ്ങളുടെ കീശ കീറുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ പ്രവചനം പാടെ തെറ്റുന്നു! അധിക തീരുവയുടെ ഭാരം മുഴുവന്‍ ചുമക്കുന്നത് അമേരിക്കയിലെ കമ്പനികളും, സാധാരണ ഉപഭോക്താക്കളുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്ന്. ഇത് രാജ്യത്തെ വിലക്കയറ്റം തടയാനുള്ള ഫെഡറല്‍ റിസര്‍വിന്റെ പോരാട്ടത്തിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ വിപണിയിലെ സാന്നിധ്യം നിലനിര്‍ത്താന്‍ വിദേശ രാജ്യങ്ങള്‍ അധിക തീരുവ സഹിക്കേണ്ടിവരുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, പഠനങ്ങളും, സര്‍വ്വേകളും, ബിസിനസ്സുകാരുടെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് മറിച്ചാണ്. അധിക തീരുവയുടെ ഭാരം വഹിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍ തന്നെയാണ്. അതിന്റെ ഒരു ഭാഗം, ഉപഭോക്താവിലേക്ക് എത്തുകയും ചെയ്യുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ആല്‍ബെര്‍ട്ടോ കവല്ലോ നടത്തിയ പഠനത്തില്‍, ചെലവിന്റെ സിംഹഭാഗവും വഹിക്കുന്നത് യു.എസ്. കമ്പനികളാണ് എന്ന് വ്യക്തമാക്കുന്നു. ഇറക്കുമതി ചെയ്ത സാധനങ്ങളുടെ വിലയില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടെന്നും, ഇത് വിലക്കയറ്റത്തിന് കാരണമാകുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപ് താരിഫ് ഏര്‍പ്പെടുത്താന്‍ തുടങ്ങിയ ശേഷം ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്ക് 4% വില വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 2% വര്‍ദ്ധനവ് ആണ് ഉണ്ടായത്. കാപ്പി പോലുള്ള അമേരിക്കയില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതോ, തുര്‍ക്കി പോലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നതോ ആയ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഏറ്റവും വലിയ വിലക്കയറ്റം നേരിട്ടത്. എങ്കിലും, ഈ വില വര്‍ദ്ധനവ് താരിഫിന്റെ നിരക്കിനേക്കാള്‍ കുറവാണെന്നത് ശ്രദ്ധേയമാണ്. അതായത്, വില്‍പ്പനക്കാര്‍ ചെലവിന്റെ ഒരു ഭാഗം സ്വന്തമായി വഹിക്കുന്നുണ്ടെന്ന് സാരം. അമേരിക്കയിലേക്ക് കയറ്റുമതി നടത്തുന്ന വിദേശ ഉത്പാദകര്‍ അമേരിക്കന്‍ താരിഫിന്റെ ഭാരം കാര്യമായി വഹിക്കുന്നില്ലെന്ന് ഇത് വ്യകതമാക്കുന്നു. ഇന്ത്യ ,ചൈന, ജര്‍മ്മനി, മെക്‌സിക്കോ, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്.

ഉപഭോക്താവിന് താങ്ങുമോ ഈ ഭാരം?

ഒരു കാലത്ത് ശരാശരി 2% ആയിരുന്ന യുഎസ് ഇറക്കുമതി തീരുവ, ട്രംപിന്റെ നയങ്ങള്‍ കാരണം ഏകദേശം 17% ആയി ഉയര്‍ന്നു. ആരാണ് ഈ അധിക തീരുവ അടയ്ക്കേണ്ടതെന്നതിനെച്ചൊല്ലി കയറ്റുമതിക്കാരും, ഇറക്കുമതിക്കാരും, ഉപഭോക്താക്കളും തമ്മിലുള്ള വടംവലി തുടരുകയാണ്. റെയ് ബാന്‍ കണ്ണട നിര്‍മ്മാതാക്കളായ എസ്സിലോര്‍ലക്‌സോട്ടിക്ക, സ്വിസ് വാച്ച് നിര്‍മ്മാതാക്കളായ സ്വോച്ച് എന്നിവയുള്‍പ്പെടെ പല പ്രമുഖ കമ്പനികളും ഇതിനകം വില വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. റോയിട്ടേഴ്‌സിന്റെ കണക്കനുസരിച്ച്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ 72% കമ്പനികളും വില വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലോക സമ്പദ്വ്യവസ്ഥയ്ക്കും തിരിച്ചടി?

അമേരിക്കന്‍ ഉപഭോക്താക്കള്‍ വര്‍ദ്ധിച്ച വില കാരണം കഷ്ടപ്പെടുമ്പോള്‍, കയറ്റുമതിക്കുള്ള ഡിമാന്‍ഡ് കുറയാനും സാധ്യതയുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കയറ്റുമതിയില്‍ 4.4% കുറവുണ്ടായി. ലോക വ്യാപാര സംഘടന അടുത്ത വര്‍ഷത്തേക്കുള്ള ആഗോള ചരക്ക് വ്യാപാരത്തിന്റെ വളര്‍ച്ചാ പ്രവചനം വെറും 0.5% ആയി വെട്ടിക്കുറയ്ക്കുകയും ചെയ്തു. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, താരിഫ് കാരണമുള്ള ഈ വിലക്കയറ്റം പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധര്‍ ഭയപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം