പെട്ടെന്ന് കുറച്ചധികം പണത്തിന് അത്യാവശ്യം വന്നാലെന്ത് ചെയ്യും? നിങ്ങളുടെ കയ്യിൽത്തന്നെയുണ്ട് പോംവഴി!

Published : Feb 19, 2025, 12:31 PM ISTUpdated : Feb 19, 2025, 12:32 PM IST
പെട്ടെന്ന് കുറച്ചധികം പണത്തിന് അത്യാവശ്യം വന്നാലെന്ത് ചെയ്യും? നിങ്ങളുടെ കയ്യിൽത്തന്നെയുണ്ട് പോംവഴി!

Synopsis

നിങ്ങളുടെ മറ്റ് നിക്ഷേപങ്ങളെയോ സേവിംഗ്സ് അക്കൗണ്ടുകളില്‍ക്കിടക്കുന്ന പണത്തെയോ ഒന്നും എമര്‍ജന്‍സി ഫണ്ടായി കണക്കാക്കാന്‍ കഴിയില്ല.

അത്യാവശ്യമായി ഒറ്റയടിക്ക് കുറച്ചധികം പണം ആവശ്യം വന്നാല്‍ എന്തു ചെയ്യും? പെട്ടെന്ന് ജോലി പോകുന്ന ഒരു സാഹചര്യമുണ്ടായെന്നിരിക്കട്ടെ, അടുത്ത ജോലി ആകുന്നതു വരെ കുടുംബം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും? സാധാരണക്കാരോടാണ് ചോദ്യം. ഈ ചോദ്യത്തിനെല്ലാമുള്ള ഉത്തരമാണ് എമര്‍ജന്‍സി ഫണ്ട് കയ്യില്‍ കരുതിയിരിക്കണം എന്നുള്ളത്. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് നമ്മള്‍ മാറ്റി വയ്ക്കുന്ന ഒരു തുകയാണ് എമര്‍ജന്‍സി ഫണ്ട് എന്ന് ഒറ്റ വാചകത്തില്‍ പറയാം. നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഇല്ലാത്തതും എന്നാല്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് എമര്‍ജന്‍സി ഫണ്ട്. 

നിങ്ങളുടെ മറ്റ് നിക്ഷേപങ്ങളെയോ സേവിംഗ്സ് അക്കൗണ്ടുകളില്‍ക്കിടക്കുന്ന പണത്തെയോ ഒന്നും എമര്‍ജന്‍സി ഫണ്ടായി കണക്കാക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് നിങ്ങള്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്ന പണം പെട്ടെന്ന് ഒരു അത്യാവശ്യത്തിന് എടുക്കാന്‍ നോക്കുമ്പോൾ അതിന് വെയിറ്റിം​ഗ് പിരേഡ് പോലുള്ള നൂലാമാലകൾ ഉണ്ടായെന്നും വരാം. സേവ് ചെയ്ത് വച്ച പണമാകട്ടെ, അത് ഭാവിയിലേക്കുള്ള കരുതൽ തുകയാണ്. അതിലേക്ക് പണ നിക്ഷേപം കൂട്ടിക്കൂട്ടി വരികയാണ് ചെയ്യേണ്ടത്. എന്നാൽ എമർജൻസി ഫണ്ട് ഇടയ്ക്കിടെ റീഫിൽ ചെയ്യേണ്ടി വന്നേക്കാം. അതായത് ഇന്ന് എമർജൻസി ഫണ്ടിലെ മുഴുവൻ പണവും ഏതെങ്കിലും സാഹചര്യത്തിൽ ഉപയോ​ഗിച്ചുവെന്നു കരുതുക. നാളെ മുതൽ വീണ്ടും അതിലേക്ക് പണം സ്വരുക്കൂട്ടി തുടങ്ങേണ്ടി വരും. 

എമർജൻസി ഫണ്ടിനായി എപ്പോഴും ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തന്നെ എടുക്കുന്നതാണ് നല്ലത്. ഇതിലേക്ക് മറ്റ് ആവശ്യങ്ങൾക്കുള്ള പണം നിക്ഷേപിക്കുകയോ പണം ഇതിൽ നിന്ന് ഇടയ്ക്കിടെ പിൻവലിക്കുകയോ ചെയ്യരകുത്. ഇത് കൂടാതെ അത്ര അത്യാവശ്യമല്ലാത്ത സന്ദർഭങ്ങളിലോ, ഷോപ്പിങ് പോലുള്ള സാഹചര്യങ്ങളിലോ ഒന്നും എടുത്ത് ഉപയോ​ഗിക്കുന്നതും ഒഴിവാക്കുക. 

പതിയെപ്പതിയെ സ്വരുക്കൂട്ടി വയ്ക്കുന്ന പണമാണ് എമർ‌ജൻസി ഫണ്ട്. നിങ്ങളുടെ മാസ വരുമാനത്തിനും ചെലവുകൾക്കും അനുസരിച്ച് ഒരു തുക എമർജൻസി ഫണ്ടായി കരുതി വയ്ക്കുന്നതാണ് അഭികാമ്യം. ഉദാഹരണത്തിന് നിങ്ങളുടെ മാസ വരുമാനം ഒരു 60,000 രൂപയാണെന്നിരിക്കട്ടെ. നിങ്ങളുടെ 2 മാസ ശമ്പളം മുതൽ 4 മാസത്തെ ശമ്പള തുക വരെ ഇതിനായി മാറ്റി വയ്ക്കാം. ഉദാഹരണത്തിന് ഈ സന്ദർഭത്തിൽ ഒരു 1.2 ലക്ഷം രൂപ മുതൽ 2.4 ലക്ഷം രൂപ വരെ. ഇത് വളരെ സിംപിൾ അല്ലെന്നറിയാം. പക്ഷെ, അവിചാരിതമായി നിങ്ങൾക്ക് വന്നേക്കാവുന്ന ഒരു വലിയ അപകടത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ പോകുന്നത് ഈ തുകയാണെന്ന് ഓർക്കുക. 

ഓരോരുത്തർക്കും ഓരോ ജീവിത സാഹചര്യങ്ങളാണ് ഉള്ളത് എന്നത് ശരിയാണ്. കുറച്ച് കഷ്ടപ്പെട്ടിട്ടായാലും പതിയെ ഈ തുക മാറ്റി വയ്ക്കാവുന്ന രീതിയിലേക്ക് എത്താൻ ശ്രമിക്കുക. ഒരു എമർജൻസി ഫണ്ട് തുടങ്ങുന്നതിനു മുൻപ് എത്ര തുകയാണ് നിങ്ങൾ സേവ് ചെയ്തു തുടങ്ങുന്നതെന്നത് സംബന്ധിച്ച് ഒരു പ്ലാൻ ആദ്യം ഉണ്ടാക്കിയെടുക്കണം. പിന്നീട് ഒരു ​ഗോൾ സെറ്റ് ചെയ്തു വയ്ക്കണം. ഈ ​ഗോൾ വളരെ സീരിയസ് ആക്കിയെടുത്തു വേണം പിന്നെയുള്ള സാമ്പത്തിക കാര്യങ്ങൾ മുന്നോട്ടു പോകാൻ. ഓൺലൈൻ- യുപിഐ പെയ്മെന്റുകളുടെ ഈ കാലത്ത് ഫോണിൽ ഒരു ഓട്ടോമാറ്റിക് ട്രാൻസ്ഫർ സെറ്റ് ചെയ്ത് വയ്ക്കുന്ന രീതിയാണ് ഏറ്റവും നല്ലത്. ഇതാകുമ്പോൾ നിങ്ങളുടെ സാലറി ക്രെഡിറ്റ് ആയിക്കഴിഞ്ഞാൽ നിശ്ചിത തുക എമർജൻസി ഫണ്ടിലേക്ക് ട്രാൻസർ ആകുകയും ചെയ്യും. 

ഇനി, ഓട്ടോമാറ്റിക് അക്കൗണ്ട് ട്രാൻസ്ഫർ താൽപര്യമില്ലെങ്കിൽ സ്വയമേവ എല്ലാ മാസവും അക്കൗണ്ടിലേക്ക് ഇടുക. കൺസിസ്റ്റൻസി അഥവാ സ്ഥിരതയ്ക്ക് ഇവിടെ വലിയ റോളുണ്ട്. ചെറിയ ചെറിയ കാരണങ്ങൾ വിചാരിച്ച് തുക മാറ്റാതെയിരിക്കരുത്. എമർജൻസി ഫണ്ട് ആയി ഉപയോ​ഗിക്കുന്ന അക്കൗണ്ടിന് എടിഎം കാർഡോ യുപിഐ അക്കൗണ്ടോ എടുക്കാതെയിരിക്കുന്നതാകും നല്ലത്. ഇത് അക്കൗണ്ടിൽ നിന്ന് ഇടയ്ക്കിടെ പണം പിൻവലിക്കാനുള്ള നിങ്ങളുടെ പ്രവണത ഒഴിവാക്കാൻ സഹായിക്കും. എന്നാൽ നിങ്ങൾക്ക് ഒരു അതാവശ്യം വരുന്ന ഘട്ടത്തിൽ പെട്ടെന്ന് എടുക്കാൻ കഴിയുന്ന തരത്തിൽ പണം ആക്സസിബിൾ ആണ് ഫണ്ടെന്നും ഉറപ്പു വരുത്തുക. 

നിങ്ങൾ ഫിനാൻഷ്യലി സ്റ്റേബിൾ അല്ലാത്ത ഏതെങ്കിലും ഘട്ടത്തിൽ ഒരു കൈത്താങ്ങാകാൻ തീർച്ചയായും എമർജൻസി ഫണ്ടുകൾക്ക് കഴിയും. ഫിനാൻഷ്യൽ പ്ലാനിങ് നടത്തുമ്പോൾ എമർജൻസി ഫണ്ടിനെപ്പറ്റി മറക്കല്ലേ...സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം.. 

ജോലിക്ക് പുറമേ ഒരു എക്സ്ട്രാ വരുമാനം വേണോ? ഈ 8 മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് അധിക വരുമാനം തരും !

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം