ഗൂഗിൾ പേയിൽ ഇടപാടുകൾ തടസ്സപ്പെടുന്നുണ്ടോ? ഒന്നിലധികം യുപിഐ ഐഡികൾ നിർമ്മിക്കൂ

By Web TeamFirst Published Sep 8, 2022, 3:42 PM IST
Highlights

ഗൂഗിൾ പേ വഴി പണം അടയ്ക്കാൻ നേരത്താണോ സെർവർ തടസം ഉണ്ടാകുന്നത്? ഈ അവസരങ്ങളിൽ എന്ത് ചെയ്യും? വേഗത്തിലുള്ള പണമിടപാടുകൾക്കായി ഒന്നിലധികം യുപിഐ നിർമ്മിക്കാം 

ഡിജിറ്റൽ യുഗത്തിൽ സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് പണമിടപാടുകൾ ഇന്ന് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ  ഇന്ന് ഇന്ത്യ വളരെ അധികം പുരോഗതി കൈവരിച്ചു കഴിഞ്ഞു. വേഗത്തിലുള്ളതും തടസ്സരഹിതവുമായ പേയ്‌മെന്റുകൾ നടത്താൻ ഇന്ന് സാധിക്കുന്നു. എന്നാൽ പലപ്പോഴും ഒരേ സമയത്തിൽ ഇടപാടുകൾ വർധിക്കുമ്പോൾ  സെർവർ തിരക്കിലാകുന്നതിനാൽ പേയ്‌മെന്റുകൾ നടത്താൻ കഴിയാതെ വന്നേക്കാം. 

Read Also: സേവന നിരക്കുകൾ അടിമുടി മാറ്റി; പുതിയ നിരക്കുമായി കാനറ ബാങ്ക്

യുപിഐ നെറ്റ്‌വർക്കുകളിൽ ട്രാഫിക് കൂടുതൽ ഉള്ളപ്പോൾ ഒന്നിലധികം യുപിഐ ഐഡികൾ ഉണ്ടെങ്കിൽ അത് സഹായകരമാകും. ഗൂഗിൾ പേയിൽ ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട നാല് യുപിഐ ഐഡികൾ വരെ ഉണ്ടാക്കാം. ഒരേ ബാങ്കുമായി ബന്ധപ്പെട്ട ഒന്നിലധികം UPI ഐഡികളും ആകാം. 

വ്യത്യസ്‌ത ബാങ്കുകളുമായി ഗൂഗിൾ പേയിൽ അധിക യുപിഐ ഐഡികൾ ഉള്ളത് ഇടപാടുകൾ തടസ്സരഹിതവും വേഗത്തിലുള്ളതും ആക്കാൻ സഹായിക്കുന്നു. ഇങ്ങനെ യുപിഐ ഐഡികൾ ഉണ്ടാകുമ്പോൾ ഉപയോക്താവിന് സുഗമമായി പേയ്മെന്റ്റ് നടത്താൻ സാധിക്കുന്നു. ഇവ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന സംശയം പലർക്കുമുണ്ടാകാം. ഇവയിൽ ഒരു ഐഡിയിൽ കാലതാമസം നേരിടുകയാണെങ്കിൽ നിങ്ങളുടെ പേയ്‌മെന്റിനായി ആപ്പ് ഒരു ബദൽ റൂട്ട് തിരഞ്ഞെടുക്കും. ഇങ്ങനെ പണമിടപാടുകൾ എളുപ്പത്തിൽ നടക്കുന്നു.  ഉപയോക്താവിന് എപ്പോൾ വേണമെങ്കിലും ഈ ഐഡികൾ ഇല്ലാതാക്കാനും കഴിയും.

Read Also: ഒന്നിലധികം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് ഗുണം ചെയ്യുമോ? അറിയേണ്ടതെല്ലാം

ഗൂഗിൾ പേയിലേക്ക് മറ്റൊരു യുപിഐ ഐഡി ചേർക്കുന്നത് എങ്ങനെയാണെന്ന് അറിയാം. 

● നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഉപകരണത്തിൽ ഗൂഗിൾ  പേ  ആപ്പ് തുറക്കുക. 

● ആപ്പിലേക്ക് സൈൻ ഇൻ /ലോഗിൻ ചെയ്യുക

● സ്ക്രീനിന്റെ മുകളിൽ വലത് കോണിലെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക

● പേയ്‌മെന്റ് രീതികൾ തിരഞ്ഞെടുക്കുക

● പുതിയ യുപിഐ ഐഡിക്കായി നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക

● ഈ സമയത്ത്, ഡ്രോപ്പ്-ഡൗൺ ഓപ്‌ഷനിൽ നിന്ന് യുപിഐ ഐഡികൾ നിയന്ത്രിക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

●  നിങ്ങൾ സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്ന UPI ഐഡിക്ക് അടുത്തുള്ള “+” ചിഹ്നം ക്ലിക്ക് ചെയ്യുക

● “പണമടയ്‌ക്കാൻ ഒരു അക്കൗണ്ട് തിരഞ്ഞെടുക്കുക” എന്ന ഓപ്‌ഷനു കീഴിൽ, പേയ്‌മെന്റ് രീതികൾക്കായി നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന യുപിഐ  ഐഡി നിങ്ങൾക്ക് തിരഞ്ഞെടുക്കാം

Read Also: പോന്നോണത്തിന് പൊന്നിന്റെ വില കുതിച്ചുയർന്നു; വിപണി നിരക്ക് അറിയാം

click me!