
അത്യാവശ്യ ഘട്ടങ്ങളില്‍ താങ്ങാവുമെങ്കിലും കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ പേഴ്‌സണല്‍ ലോണുകള്‍ വലിയൊരു സാമ്പത്തിക ബാധ്യതയായി മാറാറുണ്ട്. വീട് പണിയോ സ്വര്‍ണ്ണപ്പണയമോ പോലെ ഈടൊന്നും നല്‍കേണ്ടതില്ലാത്തതിനാല്‍ ബാങ്കുകള്‍ ഇത്തരം വായ്പകള്‍ക്ക് വലിയ പലിശയാണ് ഈടാക്കുന്നത്. അതിനാല്‍ ലോണ്‍ എടുക്കുന്നതിന് മുന്‍പ് ഇഎംഐ നിശ്ചയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം.
1. വായ്പാ തുക
നമുക്ക് എത്ര രൂപ ആവശ്യമുണ്ടോ അത് മാത്രം വായ്പയായി എടുക്കുക. കൂടുതല്‍ തുക വായ്പ എടുക്കുന്നത് മാസഗഡു വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അനാവശ്യമായി പലിശ ഇനത്തില്‍ വലിയൊരു തുക നഷ്ടപ്പെടാനും കാരണമാകും.
2. പലിശ നിരക്ക്
ബാങ്കുകള്‍ ഓരോ വ്യക്തിക്കും വ്യത്യസ്ത പലിശ നിരക്കിലായിരിക്കും വായ്പ നല്‍കുക. പലിശ നിരക്കില്‍ ഉണ്ടാകുന്ന 1 ശതമാനത്തിന്റെ മാറ്റം പോലും ഇഎംഐ തുകയില്‍ വലിയ വ്യത്യാസം വരുത്തും. അതിനാല്‍ വായ്പ എടുക്കും മുന്‍പ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്.
3. തിരിച്ചടവ് കാലാവധി
കൂടുതല്‍ വര്‍ഷത്തേക്ക് ലോണ്‍ എടുത്താല്‍ ഇഎംഐ കുറയുമെങ്കിലും, മൊത്തം അടച്ചു തീര്‍ക്കുന്ന പലിശ തുക വളരെ കൂടുതലായിരിക്കും. നേരെമറിച്ച്, കുറഞ്ഞ കാലയളവില്‍ തിരിച്ചടച്ചാല്‍ മാസഗഡു കൂടുമെങ്കിലും പലിശ ലാഭിക്കാം. മാസ വരുമാനത്തിന് അനുയോജ്യമായ രീതിയില്‍ വേണം കാലാവധി തിരഞ്ഞെടുക്കാന്‍.
4. ക്രെഡിറ്റ് സ്‌കോറും വരുമാനവും
ക്രെഡിറ്റ് സ്‌കോര്‍ 750-ന് മുകളിലാണെങ്കില്‍ ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ തയ്യാറാകും. കൃത്യമായ വരുമാനവും ജോലിയും ഉണ്ടെന്ന രേഖകള്‍ ഹാജരാക്കുന്നതും ഇഎംഐ ഭാരം കുറയ്ക്കാന്‍ സഹായിക്കും.
5. മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍
വായ്പ അനുവദിക്കുമ്പോള്‍ ബാങ്കുകള്‍ ഈടാക്കുന്ന പ്രോസസിംഗ് ഫീസും ജിഎസ്ടിയും ഇഎംഐയെ നേരിട്ട് ബാധിക്കില്ലെങ്കിലും, വായ്പയുടെ മൊത്തം ചിലവ് വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഇത്തരം ചാര്‍ജുകള്‍ എത്രയാണെന്ന് മുന്‍കൂട്ടി ചോദിച്ചറിയണം.