എച്ച്എസ്ബിസി ബാങ്ക് 35000 പേരെ പിരിച്ചുവിടുന്നു

By Web TeamFirst Published Feb 18, 2020, 11:25 PM IST
Highlights

എച്ച്എസ്ബിസി ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, ലോകമാകെയുള്ള ജീവനക്കാരിൽ 35000 പേരെ പിരിച്ചുവിടുന്നു.

ലണ്ടൻ: യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസി ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, ലോകമാകെയുള്ള ജീവനക്കാരിൽ 35000 പേരെ പിരിച്ചുവിടും. അമേരിക്കയിലെയും യൂറോപ്പിലെയും ബിസിനസ് കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നൂറ് ബില്യൺ ഡോളർ ആസ്തി വിറ്റഴിക്കാനും ബാങ്കിംഗ് രംഗത്തെ നിക്ഷേപം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിരിക്കുകയാണ് കമ്പനി.

ബ്രിട്ടന്റെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റം, കൊറോണവൈറസ് ബാധയിലൂടെയുണ്ടായ തിരിച്ചടി, പ്രധാന വിപണികളിലെ താഴ്ന്ന വളർച്ചാ നിരക്ക് എന്നിവയുടെ പശ്ചാത്തലത്തിലാണ് കമ്പനി കടുത്ത തീരുമാനത്തിലേക്ക്
നീങ്ങുന്നത്. മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 2.35 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമാക്കി കുറയ്ക്കാനാണ് തീരുമാനം.

ഏഷ്യൻ വിപണിയിൽ കമ്പനിയുടെ പ്രധാന ഇടം ഹോങ്കോങാണ്. എന്നാൽ കൊറോണ ബാധ ഇവിടുത്തെ ബിസിനസിന് മുൻപെങ്ങുമില്ലാത്ത തിരിച്ചടിയുണ്ടാക്കി. വിതരണ ശൃംഖലയിൽ വലിയ തിരിച്ചടിയുണ്ടായതോടെ വരും കാലത്ത് കിട്ടാക്കടം
വർധിക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. യൂറോപ്പിലെ പ്രധാന ബാങ്കാണെങ്കിലും എച്ച്എസ്ബിസിയുടെ വരുമാനത്തിന്റെ
പ്രധാന കേന്ദ്രം ഏഷ്യൻ രാജ്യങ്ങളാണ്. എന്നാൽ 2019 ൽ കമ്പനിയുടെ ലാഭത്തിൽ മൂന്നിലൊന്നിന്റെ ഇടിവുണ്ടായി. 13.35 ബില്യൺ ഡോളറായിരുന്നു 2019 ലെ ലാഭം. 20.03 ബില്യൺ ഡോളർ ലാഭമായിരുന്നു കമ്പനി ലക്ഷ്യമിട്ടതെങ്കിലും ഇതിന്റെ 70 ശതമാനം പോലും നേടാനാകാത്തത് വൻ തിരിച്ചടിയായി.

അമേരിക്കയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇവിടെയുള്ള 224 ബ്രാഞ്ചുകൾ അടച്ചുപൂട്ടും. ഏതായാലും വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ ഇടിവുണ്ടായി. ലണ്ടൻ ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരി മൂല്യം 3.7 ശതമാനം ഇടിഞ്ഞ് 568 പെൻസിലെത്തി.

click me!