വളർച്ച നിരക്കിൽ ചൈനയെ അടക്കം പിന്നിലാക്കി ഇന്ത്യ കുതിക്കും

By Web TeamFirst Published Apr 20, 2022, 3:39 PM IST
Highlights

ഐഎംഎഫ് പ്രവചന പ്രകാരം ഇന്ത്യയുടെ വളർച്ചാ നിരക്ക് 8.2 ശതമാനവും ചൈനയുടേത്  4.4 ശതമാനവുമാണ്. 
 

റഷ്യ (Russia) - ഉക്രെയ്ൻ (Ukraine) യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വളർച്ചാ നിരക്ക് (Global growth projection) 3.6 ശതമാനമായിരിക്കെ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ (India) വളർച്ച 8.2 ശതമാനമാകുമെന്ന് പ്രവചിച്ച് അന്താരാഷ്ട്ര നാണയ നിധി ( International Monetary Fund). ജനുവരിയിലെ വളർച്ച അനുമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുത്തനെയുള്ള കുറവാണ് ഉണ്ടായിരിക്കുന്നതെങ്കിലും ചൈനയുൾപ്പടെയുള്ള (Chiana) അയൽ രാജ്യങ്ങളെ കടത്തിവെട്ടികൊണ്ടാണ് ഇന്ത്യയുടെ വളർച്ച അനുമാനം എന്നാണ് ഐഎംഎഫ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് ഒൻപത് ശതമാനമുണ്ടായിരുന്ന വളർച്ച അനുമാനം 8.2 ശതമാനമായാണ് ഐ.എം.എഫ് കുറച്ചത്. 

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ വളർച്ചയിൽ 0.8 ശതമാനം കുറവുണ്ടായതായി ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 8.9 ശതമാനമായി  രേഖപ്പെടുത്തിയിരുന്നു. റഷ്യ- ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് 2023-ലെ  ഇന്ത്യയുടെ വളർച്ച അനുമാനം താഴേക്ക് പോയിരിക്കുന്നത്. കൂടാതെ ഇത് ഊർജ്ജത്തിന്റെയും ഭക്ഷണ സാധനങ്ങളുടെയും വില വർധനവിനും വളർച്ചയുടെ വേഗത കുറവിനും കാരണമായി എന്നാണ് വിദഗ്ധരുടെ നിഗമനം. 

അതെ സമയം ചൈനയുടെ കാര്യം പരിശോധിക്കുമ്പോൾ 2021-ൽ 8.1 ശതമാനം വളർച്ചയാണ് ചൈനയ്ക്ക് (China) ഉണ്ടായിരുന്നത്. ചൈന 2022-ൽ 4.4 ശതമാനവും 2023-ൽ 5.1 ശതമാനവും വളർച്ച കൈവരിക്കുമെന്ന് ഇപ്പോൾ ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ വളർച്ച അനുമാനത്തിൽ നിന്നും വളരെ പുറകിലായാണ് ചൈനയുടെ വളർച്ച നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഉക്രൈൻ - റഷ്യ യുദ്ധത്തിന് പുറമെ ചൈനയിൽ വർധിച്ച വന്ന കൊവിഡ് കേസുകളും ഇടയ്ക്കിടെ ഉണ്ടായ ലോക്ക്ഡൗണും  ചൈനയിലെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങൾ ഉൾപ്പെടെ അടച്ചിടേണ്ടി വന്നതും ചൈനയുടെ വളർച്ചയാ നിരക്ക് കുറയ്ക്കാൻ കാരണമായി. 

റഷ്യൻ അധിനിവേശം, അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച, മറ്റ് രാജ്യങ്ങളിലേക്കുള്ള പൗരന്മാരുടെ വൻതോതിലുള്ള പലായനം എന്നിവ കാരണം ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥ 35 ശതമാനം തകരുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പ്രവചിച്ചിട്ടുണ്ട്.
 

click me!