എസി കോച്ചിൽ ചോക്ലേറ്റ് നിറച്ച് തീവണ്ടി; ചരിത്രത്തിലാദ്യം, റെയിൽവെക്ക് കിട്ടിയത് ലക്ഷങ്ങൾ

By Web TeamFirst Published Oct 10, 2021, 5:19 PM IST
Highlights

ഇന്ത്യൻ റെയിൽവെയുടെ പ്രധാന വരുമാന മാർഗ്ഗമാണ് ചരക്ക് ഗതാഗതം. എന്നാൽ ഇതുവരെ തീവണ്ടിയിൽ കയറ്റാതിരുന്ന ഒരു ഉൽപ്പന്നമായിരുന്നു ചോക്ലേറ്റ്. ആ കുറവും ഇന്ത്യൻ റെയിൽവെ പരിഹരിച്ചു. എസി കോച്ചിൽ ചോക്ലേറ്റുമായി ചരിത്രത്തിലാദ്യമായി റെയിൽവെ സർവീസ് നടത്തി

ദില്ലി: ഇന്ത്യൻ റെയിൽവെയുടെ പ്രധാന വരുമാന മാർഗ്ഗമാണ് ചരക്ക് ഗതാഗതം. എന്നാൽ ഇതുവരെ തീവണ്ടിയിൽ കയറ്റാതിരുന്ന ഒരു ഉൽപ്പന്നമായിരുന്നു ചോക്ലേറ്റ്. ആ കുറവും ഇന്ത്യൻ റെയിൽവെ പരിഹരിച്ചു. എസി കോച്ചിൽ ചോക്ലേറ്റുമായി ചരിത്രത്തിലാദ്യമായി റെയിൽവെ സർവീസ് നടത്തി. വരുമാന വർധനവ് ലക്ഷ്യമിട്ട് സൗത്ത് വെസ്റ്റേൺ റെയിൽവെ നടപ്പിലാക്കിയ മികച്ച ആശയമായിരുന്നു ഇത്. 

ഹുബ്ബാലി ഡിവിഷനാണ് തങ്ങളുടെ എസി കോച്ച് ചരക്ക് ഗതാഗതത്തിനായി ഉപയോഗിച്ചത്. ചോക്ലേറ്റിന് പുറമെ ഭക്ഷ്യോൽപ്പന്നങ്ങളും ഇതിലുണ്ടായിരുന്നു. കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട ഉൽപ്പന്നങ്ങളായതിനാലാണ് ഇവ ഇത്ര കാലവും ട്രെയിനിൽ കൊണ്ടുപോകാതിരുന്നത്. 163 ടൺ ഉൽപ്പന്നങ്ങളാണ് ഒക്ടോബർ എട്ടിന് ഗോവയിലെ വാസ്കോ ഡ ഗാമ സ്റ്റേഷനിൽ നിന്ന് ദില്ലിയിലെ ഓഖ്‌ലയിലേക്ക് എസി കോച്ചിൽ അയച്ചത്. 18 എസി കോച്ചുകളിലായാണ് ഇത്രയും ഉൽപ്പന്നങ്ങൾ എത്തിച്ചത്. എവിജി ലോജിസ്റ്റിക്സായിരുന്നു ഇതിന് പിന്നിൽ. 

ഈ സർവീസിലൂടെ 12.83 ലക്ഷം രൂപയാണ് റെയിൽവെക്ക് കിട്ടിയത്. ഹുബ്ബലി ഡിവിഷന്റെ ബിസിനസ് ഡവലപ്മെന്റ് യൂണിറ്റിന്റേതായിരുന്നു ഈ പുത്തൻ ആശയം. റോഡിലൂടെ ഇത്ര കാലവും കൊണ്ടുപോയിരുന്ന ഉൽപ്പന്നങ്ങൾ ഇനി ട്രെയിനിലും കൈമാറാമെന്ന് റെയിൽവെ തെളിയിച്ചു. ഹുബ്ബലി ഡിവിഷന്റെ പ്രതിമാസ ചരക്ക് ഗതാഗത വരുമാനം 2020 ഒക്ടോബർ മുതൽ ഒരു കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിൽ വരുമാനം 1.58 കോടിയായി. 

click me!