നികുതി വെട്ടിപ്പിന് പുതിയ തന്ത്രങ്ങളുമായി ജ്വല്ലറികള്‍, ഒരു ജ്വല്ലറി മാത്രം 100 കോടി രൂപയോളം നികുതി വെട്ടിച്ചു, ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി

Published : Aug 03, 2025, 11:44 PM IST
gold bar

Synopsis

ജ്വല്ലറികള്‍ അവരുടെ സ്റ്റോക്ക് മൂല്യനിര്‍ണ്ണയ രീതി മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്.

സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുമ്പോള്‍, ചില ജ്വല്ലറികള്‍ ലാഭം കുറച്ച് കാണിച്ച് നികുതി വെട്ടിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. അക്കൗണ്ടിംഗ് നിയമങ്ങളില്‍ കൃത്രിമം കാട്ടിയാണ് ഇവര്‍ നികുതി വെട്ടിപ്പ് നടത്തുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷമായി ഈ രീതിയിലുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും ഇതിലൂടെ ഒരു ജ്വല്ലറി സ്ഥാപനം മാത്രം 100 കോടി രൂപയോളം നികുതി വെട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ജ്വല്ലറികള്‍ അവരുടെ സ്റ്റോക്ക് മൂല്യനിര്‍ണ്ണയ രീതി മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. എഫ്‌ഐഎഫ്ഒ (ഫസ്റ്റ് ഇന്‍ ഫസ്റ്റ് ഔട്ട്) രീതിക്ക് പകരം എല്‍ഐഎഫ്ഒ ( ലാസ്റ്റ് ഇന്‍ ഫസ്റ്റ് ഔട്ട് ) രീതി ഉപയോഗിച്ചാണ് ഇവര്‍ ലാഭം കുറച്ച് കാണിക്കുന്നത്.

തട്ടിപ്പിന്റെ കാണാപ്പുറങ്ങള്‍ ?

എഫ്‌ഐഎഫ്ഒ (ആദ്യം വാങ്ങിയത് ആദ്യം വില്‍ക്കുന്നു): ഈ രീതിയില്‍, ആദ്യം വാങ്ങിയ സ്വര്‍ണ്ണം ആദ്യം വില്‍ക്കുന്നു. സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുമ്പോള്‍, പഴയതും വില കുറഞ്ഞതുമായ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍, സ്റ്റോക്കില്‍ ശേഷിക്കുന്നത് വില കൂടിയ സ്വര്‍ണ്ണമായിരിക്കും. ഇത് ലാഭം കൂടുതല്‍ കാണിക്കാന്‍ സഹായിക്കുന്നു.

എല്‍ഐഎഫ്ഒ (അവസാനം വാങ്ങിയത് ആദ്യം വില്‍ക്കുന്നു): ഈ രീതിയില്‍, അവസാനം വാങ്ങിയ സ്വര്‍ണ്ണം ആദ്യം വില്‍ക്കുന്നു. സ്വര്‍ണവില കൂടുന്ന സാഹചര്യത്തില്‍, വില കൂടിയ സ്വര്‍ണ്ണം ആദ്യം വില്‍ക്കുമ്പോള്‍, സ്റ്റോക്കില്‍ ശേഷിക്കുന്നത് വില കുറഞ്ഞ സ്വര്‍ണ്ണമായിരിക്കും. ഇത് സ്റ്റോക്കിന്റെ മൂല്യം കുറയ്ക്കുകയും അതുവഴി ലാഭം കുറച്ച് കാണിച്ച് നികുതി വെട്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ ആദായനികുതി നിയമപ്രകാരം 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ ബിസിനസ് സ്ഥാപനങ്ങള്‍ സ്റ്റോക്ക് മൂല്യനിര്‍ണ്ണയത്തിനായി എഫ്‌ഐഎഫ്ഒ അല്ലെങ്കില്‍ 'വെയ്റ്റഡ് ആവറേജ് കോസ്റ്റ്' രീതി മാത്രമേ ഉപയോഗിക്കാവൂ. എന്നാല്‍, ഈ നിയമം ലംഘിച്ച് എല്‍ഐഎഫ്ഒ രീതി ഉപയോഗിച്ചാണ് പല ജ്വല്ലറികളും നികുതി വെട്ടിച്ചിരിക്കുന്നത്.

ആദായനികുതി വകുപ്പിന്റെ നടപടികള്‍

സ്വര്‍ണവിലയിലെ വര്‍ദ്ധനവ് മുതലെടുത്ത് നിരവധി ജ്വല്ലറികള്‍ ഈ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതിനാല്‍, എല്‍ഐഎഫ്ഒ രീതി ഉപയോഗിച്ച ഇടപാടുകള്‍ കണ്ടെത്താന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്; ദില്ലി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു!