
രാജ്യത്തെ ബിസിനസ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 24,136 പുതിയ കമ്പനികളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 37 ശതമാനത്തിന്റെ വര്‍ധനവാണിത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കണക്കാണിതെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പുതിയ കമ്പനികളുടെ എണ്ണം യഥാക്രമം 15,000, 14,000 എന്നിങ്ങനെ കുറഞ്ഞിരുന്നു. എന്നാല്‍ ജനുവരിയോടെ ഇത് 23,280 ആയി ഉയരുകയും ഫെബ്രുവരിയില്‍ വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്തവയില്‍ ഭൂരിഭാഗവും സ്വകാര്യ ലിമിറ്റഡ് കമ്പനികളാണ്. ജനുവരിയിലെ കണക്കനുസരിച്ച് ഒരു കമ്പനിയുടെ ശരാശരി മൂലധനം 6 ലക്ഷം രൂപയാണ്. ഇതിനര്‍ത്ഥം ചെറുകിട സംരംഭകരാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് എന്നാണ്. ഭാവിയില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ കമ്പനികളുടെ ഘടന
സേവന മേഖലയിലാണ് ഏറ്റവും കൂടുതല്‍ പുതിയ ബിസിനസുകള്‍ വരുന്നത്. പ്രത്യേകിച്ച് ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടന്‍സികള്‍ എന്നീ സംരംഭങ്ങളാണ് കൂടുതല്‍. രാജ്യത്ത് പ്രതിമാസം ശരാശരി 300 എഐ കമ്പനികള്‍ തുടങ്ങുന്നുണ്ട്. ഫെബ്രുവരിയില്‍ മാത്രം 248 എഐ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. വിദഗ്ധരുടെ അഭിപ്രായത്തില്‍ സര്‍ക്കാരിന്റെ ചില സുപ്രധാന ഇളവുകളാണ് ഈ മാറ്റത്തിന് കാരണം:
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ: പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതി ഇളവുകളും എളുപ്പത്തില്‍ ബിസിനസ് അവസാനിപ്പിക്കാനുള്ള സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
നികുതി ആനുകൂല്യങ്ങള്‍: പുതിയ നികുതി വ്യവസ്ഥ പ്രകാരം കമ്പനികള്‍ക്ക് കുറഞ്ഞ നികുതി നിരക്കുകള്‍ ലഭ്യമാണ്.
ഡിജിറ്റല്‍ മുന്നേറ്റം: ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വലിയ കമ്പനികളുമായി സഹകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നത് സംരംഭകരെ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.6% സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനം. ഈ ശുഭപ്രതീക്ഷയിലാണ് പുതിയ സംരംഭകര്‍ വിപണിയിലേക്ക് ചുവടുവെക്കുന്നത്.