ബ്രിട്ടനിലെ യുവതലമുറയായ ജെന്‍ സി പരമ്പരാഗത പബ്ബ് സംസ്കാരത്തിൽ നിന്ന് അകലുകയാണെന്ന് പഠനങ്ങൾ. ആരോഗ്യത്തിനും ഉത്പാദനക്ഷമതയ്ക്കും പ്രാധാന്യം നൽകുന്ന അവർ റണ്ണിംഗ് ക്ലബ്ബുകൾ, കോഫി റേവുകൾ തുടങ്ങിയ മദ്യരഹിത വിനോദങ്ങളിലേക്ക് മാറുകയാണ്. ഈ മാറ്റം ബ്രിട്ടനിലെ പബ്ബ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുകയും പബ്ബുകൾ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

തലമുറകളായി ബ്രിട്ടീഷുകാരുടെ സാമൂഹിക ജീവിതത്തിന്റെ ഹൃദയമിടിപ്പായിരുന്നു ബ്രിട്ടനിലെ പബ്ബുകള്‍. ജോലി കഴിഞ്ഞെത്തുന്നവര്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഒത്തുകൂടാനുള്ള പ്രധാന ഇടം. എന്നാല്‍ ജെന്‍ സി ഈ പഴയ പാരമ്പര്യത്തില്‍ നിന്ന് മാറിനടക്കുകയാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ബുകളില്‍ പോകുന്നതിന് പകരം റണ്ണിംഗ് ക്ലബ്ബുകള്‍, പാഡല്‍ കോര്‍ട്ടുകള്‍, മദ്യമില്ലാത്ത 'കോഫി റേവ്' പാര്‍ട്ടികള്‍ എന്നിവയ്ക്കാണ് അവര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ആരോഗ്യത്തോടും ഉല്‍പ്പാദനക്ഷമതയോടുമുള്ള യുവതയുടെ കാഴ്ചപ്പാടിലുണ്ടായ മാറ്റമാണ് ഇതിന് കാരണമെന്നും, ഇത് ബ്രിട്ടനിലെ പബ്ബ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അടച്ചുപൂട്ടലിന്റെ വക്കില്‍ പബ്ബുകള്‍

സാമ്പത്തികമായി നേരത്തെ തന്നെ പ്രതിസന്ധി നേരിടുന്ന പബ്ബുകള്‍ക്ക് ഈ പുതിയ മാറ്റം വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ്ബ് അസോസിയേഷന്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലായി 161 പബ്ബുകളാണ് പൂട്ടിയത്. അതായത്, പ്രതിദിനം ശരാശരി രണ്ട് പബ്ബുകള്‍ വീതം അടച്ചുപൂട്ടുന്നു. 2000-ല്‍ 60,800 പബ്ബുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അത് 44,650 ആയി ചുരുങ്ങി.

'വേസ്റ്റ്' ആകുന്ന സമയം

മുന്‍കാലങ്ങളില്‍ മദ്യപാനം ജോലിസ്ഥലത്തെയും സാമൂഹിക ജീവിതത്തിലെയും സംസ്‌കാരത്തിന്റെ ഭാഗമായിരുന്നുവെന്ന് ലഫ്ബറോ സര്‍വകലാശാലയിലെ സോഷ്യോളജിസ്റ്റ് തോമസ് തര്‍നെല്‍- റീഡ് പറയുന്നു. പണ്ട് വെള്ളിയാഴ്ചകളിലും ഉച്ചഭക്ഷണ സമയത്തുമൊക്കെ പബ്ബുകളില്‍ പോയി മദ്യപിക്കുന്നത് ഒരു സാധാരണ കാര്യമായിരുന്നു. എന്നാല്‍ ഇന്നത്തെ യുവതലമുറ ഇതിനെ വ്യത്യസ്തമായാണ് കാണുന്നത്.

ഇന്‍സ്റ്റാഗ്രാമും ടിക് ടോക്കും കണ്ട് വളര്‍ന്ന തലമുറയ്ക്ക് സമൂഹത്തില്‍ തങ്ങള്‍ മികച്ച രീതിയില്‍ ജീവിക്കുന്നവരാണെന്ന് കാണിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പബ്ബുകളില്‍ ചിലവഴിക്കുന്ന സമയവും, മദ്യപിച്ച് ഹാങ്ഓവറായി ഉറങ്ങിക്കളയുന്ന പ്രഭാതങ്ങളും 'പാഴാക്കുന്ന സമയമായാണ്' അവര്‍ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ, യുവാക്കള്‍ക്കിടയില്‍ വീര്യം കുറഞ്ഞ പാനീയങ്ങളോടുള്ള താല്പര്യം വര്‍ദ്ധിക്കുന്നതായി ആല്‍ക്കഹോള്‍ അവയര്‍നെസ് ചാരിറ്റിയായ ഡ്രിങ്ക്അവെയര്‍ നടത്തിയ പഠനവും വ്യക്തമാക്കുന്നു.

മദ്യത്തിന് പകരം കോഫി റേവുകള്‍

മുന്‍ തലമുറകള്‍ മാനസികസമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഒരു പരിഹാരമായാണ് മദ്യത്തെ കണ്ടിരുന്നതെങ്കില്‍, ഇന്നത്തെ തലമുറയ്ക്ക് മദ്യം അവരുടെ ആരോഗ്യത്തിന് തടസ്സം നില്‍ക്കുന്ന ഒരു വില്ലനാണെന്ന് യോര്‍ക്ക് സര്‍വകലാശാലയിലെ സോഷ്യോളജി സീനിയര്‍ ലക്ചറര്‍ എമിലി നിക്കോള്‍സ് പറയുന്നു. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും സാമ്പത്തിക അനിശ്ചിതത്വങ്ങളുമെല്ലാം യുവാക്കള്‍ക്കിടയില്‍ ഈ ചിന്താഗതി ശക്തമാക്കാന്‍ കാരണമായിട്ടുണ്ട്.

ഇതേ മാറ്റമാണ് 'കോഫി റേവുകള്‍' പോലുള്ള മദ്യമില്ലാത്ത പരിപാടികള്‍ക്കും പ്രചാരം നല്‍കുന്നത്. പകല്‍ സമയത്ത് മദ്യമില്ലാത്ത ഡാന്‍സ് പരിപാടികള്‍ സംഘടിപ്പിക്കുന്ന 'കോഫി കള്‍ച്ചര്‍ യുകെ'യുടെ പരിപാടികളില്‍ പങ്കെടുക്കുന്നവരില്‍ മൂന്നില്‍ രണ്ടും 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ്. യുവതലമുറ സാമൂഹികമായി ഇടപെടാന്‍ പുതിയ വഴികള്‍ തേടുകയാണെന്നും, മദ്യപാനത്തേക്കാള്‍ ഉപരി കൂട്ടായ്മകള്‍ക്കും കണക്ഷനുകള്‍ക്കും ആരോഗ്യത്തിനുമാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്നും ഇതിന്റെ സ്ഥാപക താന്യ തദാനി പറയുന്നു.