'ശത്രുവിന്റെ ശത്രു മിത്രം': തീരുവ യുദ്ധത്തില്‍ യുഎസിനെതിരായ നീക്കവുമായി ഇന്ത്യ, ചൈനയോടുള്ള മഞ്ഞുരുകുന്നു; ബ്രിക്‌സുമായി ബന്ധം ശക്തിപ്പെടുത്താൻ മോദി

Published : Aug 13, 2025, 05:53 PM IST
PM Modi Gifted in BRICS Summit

Synopsis

അമേരിക്കയുമായുള്ള ബന്ധം വഷളായതോടെ, ബ്രിക്സ് സ്ഥാപക അംഗങ്ങളായ ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം മോദി ശക്തമാക്കി.

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ വിരുദ്ധ നിലപാടുകള്‍ക്ക് തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നീക്കങ്ങള്‍ തുടങ്ങി. 2020-ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം 50% തീരുവ ഏര്‍പ്പെടുത്തിയതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെയെുള്ള നടപടിയെന്ന നിലയിലാണ് ട്രംപ് തീരുവ ഇരട്ടിയാക്കിയത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നടിഞ്ഞു എന്നും തീരുവ അസഹനീയമാണ് എന്നും ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ ബന്ധം കൂടുതല്‍ വഷളാക്കി.

ട്രംപിനെ പ്രകീര്‍ത്തിക്കുകയും അദ്ദേഹത്തിന്റെ തിരിച്ചുവരവിനുശേഷം ആദ്യമായി വൈറ്റ് ഹൗസ് സന്ദര്‍ശിച്ച വിദേശ നേതാക്കളില്‍ ഒരാളായിയിരുന്നു മോദി എന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ഈ നീക്കം ഇന്ത്യയെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരുന്നു. ട്രംപിന്റെ മധ്യസ്ഥതയാണ് ഇന്ത്യാ പാക്ക് സംഘര്‍ഷം പരിഹരിക്കാന്‍ സഹായിച്ചതെന്ന അവകാശവാദം ഇന്ത്യ നിഷേധിച്ചതും ബന്ധം വഷളാക്കി.

ചൈനയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ

ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം പുരോഗതിയുടെ പാതയിലാണ് എന്ന് ബെയ്ജിംഗിലെ സെന്റര്‍ ഫോര്‍ ചൈന ആന്‍ഡ് ഗ്ലോബലൈസേഷന്‍ തിങ്ക് ടാങ്ക് പ്രസിഡന്റ് ഹെന്റി വാങ് പറഞ്ഞു. ട്രംപിന്റെ വ്യാപാര യുദ്ധങ്ങളില്‍ പ്രധാന ലക്ഷ്യമായ ചൈനയും ബന്ധം മെച്ചപ്പെടുത്താന്‍ തയാറാണെന്ന് സൂചന നല്‍കി. ഇന്ത്യയിലേക്ക് യൂറിയ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ യൂറിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ചെറിയ അളവിലാണ് ഇപ്പോള്‍ യൂറിയ ഇറക്കുമതി ചെയ്യുന്നതെങ്കിലും ഇത് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനിടെ, അദാനി ഗ്രൂപ്പ് ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബി.വൈ.ഡി.യുമായി സഹകരിച്ച് ഇന്ത്യയില്‍ ബാറ്ററി നിര്‍മിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൂടാതെ, വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ചൈനീസ് പൗരന്മാര്‍ക്ക് വിനോദസഞ്ചാര വിസകള്‍ നല്‍കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചു.

ബ്രിക്സ് രാജ്യങ്ങളുമായി സഹകരണം ശക്തമാക്കി ഇന്ത്യ

അമേരിക്കയുമായുള്ള ബന്ധം വഷളായതോടെ, ബ്രിക്സ് സ്ഥാപക അംഗങ്ങളായ ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം മോദി ശക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് വിലക്കിഴിവുള്ള എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. യുക്രെയ്നിലെ യുദ്ധത്തിന് റഷ്യക്ക് ഇത് സാമ്പത്തിക സഹായമാകുമെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍, ഈ വിഷയത്തില്‍ പിന്നോട്ട് പോകാന്‍ മോദി തയാറായിട്ടില്ല. ഈ മാസം റഷ്യയുമായി സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറുകളില്‍ ഇന്ത്യ ഒപ്പുവെച്ചു. ബ്രസീല്‍ പ്രസിഡന്റുമായും മോദി വ്യാപാര വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ബ്രസീലുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍. ചൈനയുടെ ഇന്ത്യയിലെ അംബാസഡറായ ഷു ഫെയ്‌ഹോങ്, ഇന്ത്യയ്ക്ക് ധാര്‍മിക പിന്തുണ നല്‍കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും