വിറ്റുപോയത് 1.4 കോടി എസി; ചൂടിൽ ലാഭം കൊയ്ത് എസി നിര്‍മാതാക്കള്‍

Published : May 14, 2025, 11:26 AM ISTUpdated : May 14, 2025, 11:33 AM IST
വിറ്റുപോയത് 1.4 കോടി എസി; ചൂടിൽ ലാഭം കൊയ്ത് എസി നിര്‍മാതാക്കള്‍

Synopsis

ചൂട് സഹിക്കാന്‍ വയ്യാതെ എയര്‍ കണ്ടീഷണറുകള്‍ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്

പുറത്തേക്കിറങ്ങിയാല്‍ പൊള്ളുന്ന ചൂട്...വീടിനകത്ത് ഫാനിട്ടിരുന്നാല്‍ പുഴുകുന്ന ചൂട്...ഈ വേനലില്‍ ചൂടുണ്ടാക്കുന്ന പൊല്ലാപ്പുകളാണ് ചൂടുള്ള സംസാര വിഷയം. ചൂട് സഹിക്കാന്‍ വയ്യാതെ എയര്‍ കണ്ടീഷണറുകള്‍ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 1.4 കോടി എസി യൂണിറ്റുകളാണ് രാജ്യത്ത് വിറ്റുപോയത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഒമ്പത് മടങ്ങ് അധികം വില്‍പനയാണ് നടന്നത്. ലോകത്ത് തന്നെ ഏറ്റവുധികം വളര്‍ച്ചയുള്ള എസി വിപണിയാണ് ഇന്ത്യയുടേത്.

പകല്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ സുഖകരമായ ഉറക്കത്തിന് എസി വേണമെന്ന് ആയതോടെ ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ പോലും എയര്‍ കണ്ടീഷണറുകള്‍ വാങ്ങുന്നുണ്ട്. ആഡംബരമല്ല, അത്യാവശ്യമാണ് എസി എന്നാണ് പലരും പറയുന്നത്. 1901ല്‍ അന്തരീക്ഷ താപം കണക്കാക്കി തുടങ്ങിയ ശേഷമുള്ള ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍, ന്യൂഡല്‍ഹിയിലെ  ഉഷ്ണതരംഗത്തിനിടെ താപനില 49.2 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരുന്നു. ഓരോ വര്‍ഷവും കൂടി വരുന്ന അന്തരീക്ഷ താപം കാരണം പാര്‍പ്പിട സമുച്ചയങ്ങളും, വാണിജ്യ കെട്ടിടങ്ങളും എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കുന്നത് വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ വില്‍പന ഇനിയും വര്‍ധിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ കാര്‍ബണ്‍ ആകെ ബഹിര്‍ഗമനത്തിന്‍റെ നാലിലൊന്നും  എയര്‍ കണ്ടീഷനിംഗ് കാരണമായിരിക്കും. ആകെ വൈദ്യുതി ആവശ്യകതയുടെ പകുതിയോളവും എസിയ്ക്കായിരിക്കും ഉപയോഗിക്കുക.

2024 മുതല്‍ 2027 വരെയുള്ള മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ എസി വിപണിയില്‍ 19 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് സൂചന.  2025 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പനയില്‍ 35-40 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. '2024 സാമ്പത്തിക വര്‍ഷത്തില്‍,  12 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് എസി വിപണിയിലുണ്ടായത്. നിലവില്‍ 27,500 കോടി രൂപ (3.3 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യമുള്ളതാണ് രാജ്യത്തെ എസി വിപണി.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ