"ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ വിജയിച്ചു": മൈക്കൽ സ്പെൻസ്

Published : Feb 13, 2024, 03:14 PM ISTUpdated : Feb 13, 2024, 03:37 PM IST
"ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ വിജയിച്ചു": മൈക്കൽ സ്പെൻസ്

Synopsis

"ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഇന്ത്യ വിദഗ്‌ധമായി നിർമ്മിച്ചു" ഇന്ത്യയെ പ്രശംസിച്ച് നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ മൈക്കൽ സ്പെൻസ്.

ലോകത്ത് ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുള്ള ഒരു പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന്  നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക വിദഗ്ധൻ  മൈക്കൽ സ്പെൻസ്. ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2001-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ മൈക്കൽ  സ്പെൻസ്, തിങ്കളാഴ്ച ഗ്രേറ്റർ നോയിഡയിലെ ബെന്നറ്റ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായും ഫാക്കൽറ്റികളുമായും സംവദിക്കുന്നതിനിടെയാണ് തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. വൈവിധ്യമാർന്ന വിതരണ ശൃംഖലകളുടെ ആവശ്യകത അദ്ദേഹം ഉയർത്തിക്കാട്ടുകയും മനുഷ്യക്ഷേമം മെച്ചപ്പെടുത്തുന്നതിൽ ശാസ്ത്രത്തിൻ്റെയും സാങ്കേതികവിദ്യയുടെയും സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

നിലവിൽ ഏറ്റവും ഉയർന്ന സാധ്യതയുള്ള വളർച്ചാ നിരക്കുള്ള പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും ധനകാര്യ മാതൃകയും ഇന്ത്യ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മൈക്കൽ  സ്പെൻസ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ പരിണാമം പഠനത്തിന് വിധേയമാക്കിയ സ്പെൻസ്, ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഒരുതരം ഭരണമാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. പകർച്ചവ്യാധികൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, കാലാവസ്ഥാ ആഘാതങ്ങൾ മുതലായവ കാരണം ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ആഗോള സമ്പദ്‌വ്യവസ്ഥ തകരുകയാണെന്ന് സ്പെൻസ്  പറഞ്ഞു.

കൂടാതെ, ജനറേറ്റീവ് എഐ, ബയോമെഡിക്കൽ ലൈഫ് സയൻസസിലെ വിപ്ലവങ്ങൾ, വൻതോതിലുള്ള ഊർജ്ജ സംക്രമണങ്ങൾ എന്നിവയുൾപ്പെടെ മനുഷ്യ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് സംഭാവന ചെയ്യാൻ കഴിയുന്ന ശാസ്ത്ര-സാങ്കേതിക രംഗത്തെ വൻ പുരോഗതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ശക്തമായ ശാസ്ത്ര-സാങ്കേതിക ഉപകരണങ്ങൾ ഇന്ന് നിലവിലുണ്ട്. അത് ശരിയായി ഉപയോഗിക്കുകയാണെങ്കിൽ, മനുഷ്യക്ഷേമത്തിനായി ഇത് സഹായിക്കുമെന്ന് സ്പെൻസ്  പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും