
2020 ല്‍ ഗല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്ത്യയും ചൈന തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍ണമായി തകര്‍ന്നിരുന്നു. ഇന്ത്യ ചൈനീസ് ആപ്പുകളായ ടിക് ടോക്ക് അടക്കമുള്ളവ നിരോധിക്കുകയും ആന്റി ഡംപിങ് തീരുവ ചുമത്തുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം വ്യാപാരക്കമ്മി കുറയുന്നതിന് പകരം കുത്തനെ കൂടുകയാണ് ചെയ്തത്. 2020-ല്‍ 44 ബില്യണ്‍ ഡോളറായിരുന്ന വ്യാപാരക്കമ്മി ഈ വര്‍ഷം 112 ബില്യണ്‍ ഡോളറെന്ന ഞെട്ടിക്കുന്ന സംഖ്യയിലെത്തി.
രാഷ്ട്രീയ, സുരക്ഷാ, നിക്ഷേപ ബന്ധങ്ങള്‍ ഏറ്റവും താഴ്ന്ന നിലയിലായിരുന്നപ്പോഴും ചൈനയോടുള്ള ഇന്ത്യയുടെ സാമ്പത്തിക ആശ്രയത്വം വര്‍ദ്ധിക്കുകയാണുണ്ടായതെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഏഷ്യ സൊസൈറ്റി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ കെവിന്‍ സോങ്‌ഷെ ലീ വ്യക്തമാക്കുന്നു. കോവിഡിന് മുമ്പുള്ള കാലത്തേക്കാള്‍ കയറ്റുമതി കുറഞ്ഞു നില്‍ക്കുമ്പോഴാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയായത്. ഇറക്കുമതി ഈ വേഗത്തില്‍ തുടര്‍ന്നാല്‍ വ്യാപാരക്കമ്മി 134 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നേക്കാം. ഇത് ഇന്ത്യന്‍ വ്യവസായ മേഖലയില്‍ ചൈനയ്ക്ക് കൂടുതല്‍ സ്വാധീനം നല്‍കും.
സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഇടവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തുകയും ഈ വ്യാപാര അസമത്വം പരിഹരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ ഐഫോണുകളുടെ കാല്‍ഭാഗത്തിലധികവും ഇപ്പോള്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇവ നിര്‍മ്മാണത്തേക്കാളേറെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യന്ത്രഭാഗങ്ങള്‍ കൂട്ടിയിണക്കുന്ന പ്രക്രിയ മാത്രമാണെന്നും ഇതിനാവശ്യമായ ഭാഗങ്ങള്‍ പ്രധാനമായും വരുന്നത് ചൈനയില്‍ നിന്നാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വ്യവസായിക യന്ത്രങ്ങള്‍, ബാറ്ററി ഘടകങ്ങള്‍, കെമിക്കലുകള്‍, സോളാര്‍ സെല്ലുകള്‍ എന്നിവയുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതില്‍ 36 ശതമാനവും ഇലക്ട്രിക്കല്‍ യന്ത്രങ്ങളും ഇലക്ട്രോണിക്‌സുകളുമാണ്. മെഷിനറികളും മെക്കാനിക്കല്‍ ഉപകരണങ്ങളും 21.7 ശതമാനം വരും. ഓര്‍ഗാനിക് കെമിക്കലുകള്‍ക്കും പ്ലാസ്റ്റിക്കിനും വലിയ പങ്കുണ്ട്. ഇവയുടെ വിതരണം തടസ്സപ്പെട്ടാല്‍ അത് ഉപഭോഗത്തെ മാത്രമല്ല, രാജ്യത്തെ ഉല്‍പ്പാദന മേഖലയെത്തന്നെ നിശ്ചലമാക്കും
ചൈനയുടെ തന്ത്രവും പാശ്ചാത്യ രാജ്യങ്ങളുടെ വിലക്കും
സ്റ്റീല്‍, സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയില്‍ ചൈനയില്‍ ആവശ്യത്തിലധികം ഉല്‍പ്പാദനം നടക്കുന്നുണ്ട്. എന്നാല്‍ സ്വന്തം നാട്ടിലെ സാമ്പത്തിക മന്ദഗതി കാരണം ഇവ വിറ്റഴിക്കാനാവുന്നില്ല. അതിനാല്‍ അവര്‍ ഉല്‍പന്നങ്ങള്‍ വിലകുറച്ച് വിദേശ വിപണികളിലേക്ക് തള്ളുകയാണ്. ചൈനയുടെ വ്യാപാര മിച്ചം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 1 ട്രില്യണ്‍ ഡോളറിന് മുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് വന്‍തോതില്‍ നികുതി ചുമത്തുന്നതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും കാരണം ഈ ഉല്‍പന്നങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയിലേക്കാണ് ഒഴുകിയെത്തുന്നത്.
മറുവശത്ത്, ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനീസ് വിപണിയില്‍ പ്രവേശിക്കുന്നത് എളുപ്പമല്ല. അവിടെ ഉയര്‍ന്ന നികുതിയും മറ്റ് തടസങ്ങളുമുണ്ട്. വിപണി തുറന്നു നല്‍കാന്‍ ചൈന തയ്യാറായില്ലെങ്കില്‍ രാഷ്ട്രീയ ബന്ധം മെച്ചപ്പെട്ടാലും സാമ്പത്തിക ആശ്രയത്വം മാറ്റമില്ലാതെ തുടരുമെന്ന് കെവിന്‍ ലീ പറയുന്നു. ഇന്ത്യയിലെ നിര്‍മ്മാണ മേഖല ശക്തിപ്പെടുത്തുകയാണ് ഇതിനുള്ള ദീര്‍ഘകാല പരിഹാരം. എന്നാല്‍ ഇതിന് കുറഞ്ഞ ചെലവില്‍ വൈദ്യുതി, വായ്പ, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍, സുസ്ഥിരമായ നിയമങ്ങള്‍ എന്നിവ അത്യാവശ്യമാണ്.