Russian crude oil : യുഎസ് മുന്നറിയിപ്പുകൾ വകവയ്ക്കാതെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ ഇരട്ടിയാക്കി ഇന്ത്യ

Published : Apr 20, 2022, 05:35 PM IST
Russian crude oil : യുഎസ് മുന്നറിയിപ്പുകൾ വകവയ്ക്കാതെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ ഇരട്ടിയാക്കി ഇന്ത്യ

Synopsis

Russian crude oil യുഎസ് മുന്നറിയിപ്പുകൾ വകവയ്ക്കാതെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ ഇരട്ടിയാക്കി ഇന്ത്യ. ഉക്രെയ്‌നിലെ യുദ്ധം മൂന്നാം മാസത്തോടടുക്കുമ്പോഴാണ്  ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ ഇരട്ടിയാക്കിയത്

ദില്ലി: യുഎസ് മുന്നറിയിപ്പുകൾ വകവയ്ക്കാതെ റഷ്യൻ ക്രൂഡ് ഓയിൽ ( Russian crude oil) വാങ്ങൽ ഇരട്ടിയാക്കി ഇന്ത്യ. ഉക്രെയ്‌നിലെ യുദ്ധം മൂന്നാം മാസത്തോടടുക്കുമ്പോഴാണ്  ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ ഇരട്ടിയാക്കിയത്. യുക്രെയ്നെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസും യൂറോപ്യൻ രാജ്യങ്ങളും കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു.  ഇതിനെ ചെറുക്കാനുള്ള റഷ്യൻ ശ്രമങ്ങൾക്ക് വലിയ ആശ്വാസമാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യൻ റിഫൈനറി ഉദ്യോഗസ്ഥരും വ്യാപാരികളും പറയുന്നതനുസരിച്ച്, സർക്കാർ നടത്തുന്ന എണ്ണ ശുദ്ധീകരണശാലകൾ ഇപ്പോൾ പൊതു ടെൻഡറുകൾ വഴി വാങ്ങുന്നതിനുപകരം സ്വകാര്യമായി വിലപേശൽ ഇടപാടുകൾ നടത്തുകയാണ്. ഇത്തരത്തിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യാൻ തയ്യാറാകുന്നവർക്ക് കൂടുതൽ വിലക്കുറവിൽ ഇന്ധനം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

യുഎസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്കുമേൽ കടുത്ത ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി യൂറോപ്യൻ യൂണിയനുമേലും കടുത്ത സമ്മർദ്ദമുണ്ട്. പലയിടങ്ങളിലും കൊവിഡ് ലോക്ക്ഡൌൺ തുടരുന്ന സാഹചര്യത്തിൽ ചൈനീസ് ക്രൂഡ് ആവശ്യവും കുറയുമെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ തീരുമാനിക്കുന്നത്.

ആയുധ ഇടപാടുകളടക്കം മികച്ച നയതന്ത്ര ബന്ധമാണ് റഷ്യയുമായി ഇന്ത്യക്കുള്ളത്. റഷ്യൻ ക്രൂഡ് ഓയിലിന്  നിരവധി രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയതോടെ കുറഞ്ഞ നിരക്കിൽ ഇന്ധനം വാങ്ങാൻ കഴിയുമെന്നതാണ് ഇന്ത്യയുടെ നേട്ടം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ, ഇന്ധന ഇറക്കുമതിയിൽ ഇന്ത്യയെ സഹായിക്കാനുള്ള സന്നദ്ധത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പരസ്യമാക്കിയിരുന്നു. റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങരുതെന്ന താൽപര്യമാണ് ഇതിലൂടെ യുഎസ് അറിയിക്കുന്നത്.

അതിനിടെ  ഇന്ത്യൻ എണ്ണക്കമ്പനികൾ  മെയ് മാസത്തിൽ സൗദിയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് കുറയ്ക്കുമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ക്രൂഡോയിൽ വാങ്ങാൻ ലക്ഷ്യമിട്ടാണ് ഈ  നീക്കമെന്നും കരുതുന്നു. സൗദി ഭരണകൂടം ക്രൂഡോയിൽ വില കുത്തനെ ഉയർത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലെ രണ്ട് പ്രധാന എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ.

ആഗോളതലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്നത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയതും ഇന്ത്യയെയാണ്. സൗദി അരാംകോ ലോക രാജ്യങ്ങൾക്ക് നൽകുന്ന എണ്ണ വില ഉയർത്തിയതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ഏഷ്യയിലെ ഉപഭോക്താക്കളായ രാജ്യങ്ങൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നത്. ഇറാക്കും സൗദി അറേബ്യയുമാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നത്. മെയ് മാസത്തിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയുമെങ്കിലും വൻ തോതിലുള്ള മാറ്റമുണ്ടാകില്ല.

പ്രതിവർഷം നിശ്ചിത അളവിൽ ക്രൂഡോയിൽ വാങ്ങാമെന്ന  ധാരണ ഉള്ളതിനാൽ ക്രൂഡ് ഓയിലിന്റെ അളവ് വലിയ രീതിയിൽ കുറയ്ക്കാൻ ഇന്ത്യൻ കമ്പനികൾക്ക്  സാധിക്കില്ല. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങാൻ തീരുമാനിച്ച കമ്പനികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ എത്ര ബാരൽ റഷ്യയിൽ നിന്ന് വാങ്ങുമെന്നതും വ്യക്തമല്ല. 

PREV
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി