ലോക എക്കണോമിക് ഫോറത്തിന്‍റെ പട്ടികയില്‍ 10 സ്ഥാനം നഷ്ടപ്പെടുത്തി ഇന്ത്യ; ചൈനക്കും ഏറെ പിന്നില്‍

By Web TeamFirst Published Oct 9, 2019, 7:11 PM IST
Highlights

ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യത്തില്‍ 140 രാജ്യങ്ങളുടെ പട്ടികയില്‍ 109 ആണ് ഇന്ത്യയുടെ സ്ഥാനം. 

ജനീവ: ആഗോള മത്സരാധിഷ്ടിത സമ്പദ്‍വ്യവസ്ഥ സൂചികയില്‍ (global competitiveness index) ഇന്ത്യ 10 സ്ഥാനം നഷ്ടപ്പെടുത്തി 68ാമത്. നിരവധി ലോകരാജ്യങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തിയപ്പോഴാണ് ഇന്ത്യ പത്ത് സ്ഥാനം നഷ്ടപ്പെടുത്തിയത്. പട്ടികയില്‍ യുഎസിനെ രണ്ടാമതാക്കി സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തി. തുര്‍ക്കി, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ റാങ്ക് ഇന്ത്യക്ക് മുകളിലാണ്. സിംഗപ്പൂര്‍, യുഎസ്എ, ഹോങ്കോംഗ്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍റ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍. പട്ടികയില്‍ 28ാമതാണ് ചൈന. 

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക എക്കണോമിക് ഫോറമാണ് പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 58ാം സ്ഥാനത്തായിരുന്നു. സ്ഥൂല സമ്പദ് വ്യവസ്ഥയിലും വിപണി വലിപ്പത്തിലും ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നതാണെങ്കിലും ഡെലിക്വസി റേറ്റിലും ബാങ്കിംഗ് സംവിധാനത്തിലുമുള്ള തകര്‍ച്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കോര്‍പറേറ്റ് ഗവേണന്‍സില്‍ ഇന്ത്യ 15ാം സ്ഥാനത്തും വിപണി  വലിപ്പത്തില്‍ മൂന്നാമതുമാണ് ഇന്ത്യയുടെ സ്ഥാനം.

അതേസമയം, വിവര സാങ്കേതിക വിദ്യ വളര്‍ച്ച,  ആരോഗ്യ സ്ഥിതി, ആരോഗ്യകരമായ ആയുര്‍ ദൈര്‍ഘ്യം എന്നിവയിലും ഇന്ത്യയുടെ റാങ്ക് വളരെ താഴ്ന്നതാണ്. ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യത്തില്‍ 140 രാജ്യങ്ങളുടെ പട്ടികയില്‍ 109 ആണ് ഇന്ത്യയുടെ സ്ഥാനം. ആഫ്രിക്കക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതും ഇന്ത്യ തന്നെ. പുരുഷ-വനിത തൊഴിലാളി നിരക്കില്‍ 128ാമതാണ് ഇന്ത്യയുടെ സ്ഥാനം.  

click me!