അലിബാഗിലേക്ക് ചേക്കേറി ബോളിവുഡ് താരങ്ങള്‍; ഏറ്റവുമൊടുവില്‍ ഭൂമി വാങ്ങി അനുഷ്‌കയും വിരാടും; മുടക്കിയത് 37 കോടി

Published : Jan 19, 2026, 12:16 PM IST
Virat Anushka

Synopsis

ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായി അലിബാഗ് മാറുകയാണ്. മുംബൈയില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാമെന്നതാണ് അലിബാഗിന്റെ ആകര്‍ഷണം

 

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും മുംബൈയോട് ചേര്‍ന്നുള്ള അലിബാഗില്‍ വന്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 37.86 കോടി രൂപ മുടക്കി 5.1 ഏക്കര്‍ ഭൂമിയാണ് താരദമ്പതികള്‍ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ സെലിബ്രിറ്റികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന അലിബാഗിലെ സിറാദ് ഗ്രാമത്തിലാണ് പുതിയ സ്ഥലം. സമീറ ലാന്‍ഡ് അസറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സോണാലി അമിത് രാജ്പുതില്‍ നിന്നാണ് ഇവര്‍ സ്ഥലം വാങ്ങിയതെന്നാണ് വിവരം. ജനുവരി 13-നായിരുന്നു റജിസ്‌ട്രേഷന്‍ നടപടികള്‍. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം ഇരുവരും 2.27 കോടി രൂപ അടച്ചു.

വിരാട് കോലിക്ക് വേണ്ടി സഹോദരന്‍ വികാസ് കോലിയാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. നേരത്തെ ഗുഡ്ഗാവിലെ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ നോക്കിനടത്താന്‍ സഹോദരന് കോലി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നു. ഇത് കോലിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് രണ്ടാം തവണയാണ് അലിബാഗില്‍ കോലിയും അനുഷ്‌കയും ഭൂമി വാങ്ങുന്നത്. 2022-ല്‍ ഏകദേശം 19 കോടി രൂപ മുടക്കി എട്ട് ഏക്കര്‍ സ്ഥലം ഇവര്‍ വാങ്ങിയിരുന്നു. അവിടെ നിലവില്‍ ഇരുവര്‍ക്കും ഒരു ആഡംബര അവധിക്കാല വസതിയുണ്ട്.

താരങ്ങളുടെ ഇഷ്ടകേന്ദ്രം

ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായി അലിബാഗ് മാറുകയാണ്. 2021-ല്‍ 22 കോടി മുടക്കി മാപ്ഗാവ് ഗ്രാമത്തില്‍ ദീപിക പദുക്കോണ്‍ - രണ്‍വീര്‍ സിംഗ് ദമ്പതികള്‍ ബംഗ്ലാവ് വാങ്ങിയിരുന്നു. കോലിയുടെ പുതിയ സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണിത്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന 2023-ല്‍ 12.91 കോടി രൂപയ്ക്ക് 1.5 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഷാരൂഖ് ഖാന് നേരത്തെ തന്നെ ഇവിടെ വസതിയുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും ഇവിടെ 4 ഏക്കര്‍ സ്ഥലമുണ്ട്.

മുംബൈയില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാമെന്നതാണ് അലിബാഗിന്റെ ആകര്‍ഷണം. പുതിയ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് വന്നതോടുകൂടി ഇവിടേക്കുള്ള യാത്ര വളരെ എളുപ്പമായിട്ടുണ്ട്. കൂടാതെ സ്പീഡ് ബോട്ട് സര്‍വീസുകളും ലഭ്യമാണ്

PREV
Read more Articles on
click me!

Recommended Stories

ബ്രസീലുമല്ല, യൂറോപ്പുമല്ല; റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയെ പിന്തള്ളി ഈ രാജ്യം
എന്താണ് പിഐപി? ധൈര്യമായി നേരിടാം; ജീവനക്കാരുടെ അവകാശങ്ങള്‍ അറിയാം