
ലോകത്തിലെ ഏറ്റവും മികച്ച മദ്യങ്ങളുടെ പട്ടികയില്‍ 'അമൃത്' ഡിസ്റ്റിലറീസ് ഉല്‍പാദിപ്പിക്കുന്ന വിസ്‌കിയും. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള വിസ്‌കിയായ 'അമൃത് എക്‌സ്‌പെഡിഷന്‍' ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിസ്‌കിയായി തിരഞ്ഞെടുക്കപ്പെട്ടു. മദ്യലോകത്തെ 'വേദപുസ്തകം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജിം മുറെയുടെ 'വിസ്‌കി ബൈബിള്‍ 2025-26' പതിപ്പിലാണ് ഈ അപൂര്‍വ്വ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
10 ലക്ഷത്തിന്റെ തിളക്കം
ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 10 ലക്ഷം രൂപയാണ് ഒരു കുപ്പി 'അമൃത് എക്‌സ്‌പെഡിഷന്റെ' വില. 15 വര്‍ഷം പഴക്കമുള്ള ഈ സിംഗിള്‍ മാള്‍ട്ട് വിസ്‌കി, അതിന്റെ ഗുണമേന്മ കൊണ്ടും നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കൊണ്ടുമാണ് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 'അമൃത് ഫ്യൂഷന്‍' എന്ന വിസ്‌കിയിലൂടെ ആഗോള ഭൂപടത്തില്‍ ഇടംപിടിച്ച അമൃത് ഡിസ്റ്റിലറീസ്, ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന ലക്ഷ്വറി വിഭാഗത്തില്‍ ലോകോത്തര അംഗീകാരം നേടുന്നത്.
എന്താണ് ഈ 'വിസ്‌കി ബൈബിള്‍'?
ലോകമെമ്പാടുമുള്ള നാലായിരത്തിലധികം വിസ്‌കികള്‍ രുചിച്ചു നോക്കി അവയുടെ ഗുണനിലവാരം വിലയിരുത്തി തയ്യാറാക്കുന്ന വാര്‍ഷിക ഗൈഡാണ് ജിം മുറെയുടെ വിസ്‌കി ബൈബിള്‍.
സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വമ്പന്‍ ബ്രാന്‍ഡുകളെ പിന്തള്ളിയാണ് അമൃത് മൂന്നാം സ്ഥാനത്തെത്തിയത്.
രുചി, ഗന്ധം, സന്തുലിതാവസ്ഥ തുടങ്ങിയവയില്‍ മികച്ച മാര്‍ക്ക് നേടുന്ന മദ്യങ്ങള്‍ക്ക് നല്‍കുന്ന 'ലിക്വിഡ് ഗോള്‍ഡ്' പദവിയും ഇതിന് ലഭിച്ചു.
പ്രതിബന്ധങ്ങളെ അതിജീവിച്ച വിജയം
ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയില്‍ 15 വര്‍ഷത്തോളം വിസ്‌കി കേടുകൂടാതെ സൂക്ഷിച്ചുവെക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. അമേരിക്കയുടെ 'ഫുള്‍ പ്രൂഫ് 1972 ബോര്‍ബന്‍' ആണ് പട്ടികയില്‍ ഒന്നാമതെത്തിയത്. സ്‌കോച്ച് വിസ്‌കികളായ ഗ്ലെന്‍ ഗ്രാന്റ്, റെഡ് ബ്രെസ്റ്റ് എന്നിവയും പട്ടികയില്‍ മുന്‍നിരയിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള 'പോള്‍ ജോണ്‍'എന്ന ബ്രാന്‍ഡും മുന്‍പ് ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.