റീസൈക്ലിംഗ് മേഖലയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; അമേരിക്കയുമായുള്ള വ്യാപാരം ആറിരട്ടി വര്‍ധിച്ചു

Published : Jan 23, 2026, 06:15 PM IST
Plastic recycling

Synopsis

കഴിഞ്ഞ 19 വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ മേഖലയിലെ വ്യാപാരം 37.5 കോടി ഡോളറില്‍ നിന്ന് 230 കോടി ഡോളറായി (ഏകദേശം 19,000 കോടി രൂപ) ഉയര്‍ന്നു.

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ റീ സൈക്ലിംഗ് മേഖല വന്‍ വളര്‍ച്ചയിലേക്ക്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള റീസൈക്ലിംഗ് വ്യാപാരം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആറിരട്ടി വര്‍ധിച്ചതായി ജയ്പൂരില്‍ നടന്ന രാജ്യാന്തര മെറ്റീരിയല്‍ റീസൈക്ലിംഗ് കോണ്‍ഫറന്‍സില്‍ വിദഗ്ധര്‍ വ്യക്തമാക്കി. 2050-ഓടെ ഈ മേഖല ഇന്ത്യയില്‍ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയുടെ പ്രിയപ്പെട്ട പങ്കാളി ഇന്ത്യ

കഴിഞ്ഞ 19 വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ മേഖലയിലെ വ്യാപാരം 37.5 കോടി ഡോളറില്‍ നിന്ന് 230 കോടി ഡോളറായി (ഏകദേശം 19,000 കോടി രൂപ) ഉയര്‍ന്നു. അമേരിക്കയില്‍ ഓരോ വര്‍ഷവും വന്‍തോതില്‍ റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ മിച്ചം വരുന്നുണ്ടെന്ന് യുഎസ് റീസൈക്കിള്‍ഡ് മെറ്റീരിയല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റോബിന്‍ വീനര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 43 ലക്ഷം മെട്രിക് ടണ്‍ വസ്തുക്കളാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നികുതി വര്‍ധിപ്പിച്ചിട്ടും ഇന്ത്യ തിരിച്ചടിയായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത് ഈ വ്യാപാര ബന്ധം ശക്തമാകാന്‍ കാരണമായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2 ട്രില്യണ്‍ ഡോളറിന്റെ വിപണി

ഇന്ത്യയുടെ 'സര്‍ക്കുലര്‍ ഇക്കോണമി' (വസ്തുക്കള്‍ പാഴാക്കാതെ വീണ്ടും ഉപയോഗിക്കുന്ന രീതി) 2050-ഓടെ 2 ട്രില്യണ്‍ ഡോളര്‍ (ഏകദേശം 180 ലക്ഷം കോടി രൂപ) മൂല്യമുള്ള വിപണിയായി മാറുമെന്ന് മെറ്റീരിയല്‍ റീസൈക്ലിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ പറഞ്ഞു. സ്റ്റീല്‍, അലുമിനിയം, ചെമ്പ് തുടങ്ങിയവയുടെ പുനചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ വ്യവസായ മുന്നേറ്റമാണ് രാജ്യം ലക്ഷ്യമിടുന്നത്.

ഇറക്കുമതി തീരുവ കുറയ്ക്കണം

റീസൈക്കിള്‍ ചെയ്ത ലോഹങ്ങളുടെ ഇറക്കുമതി തീരുവ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് വ്യവസായ ലോകം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച് അലുമിനിയം സ്‌ക്രാപ്പുകളുടെ മേലുള്ള നികുതി ഒഴിവാക്കുന്നത് ഇന്ത്യയുടെ നിര്‍മ്മാണ മേഖലയ്ക്ക് വലിയ കരുത്താകും.യുഎഇ, സൗദി അറേബ്യ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ഈ മേഖലയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളികളായി മാറുകയാണ്. 2030-ഓടെ മലിനീകരണം കുറഞ്ഞ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്.

പ്രധാന വെല്ലുവിളികള്‍:

ആഭ്യന്തരമായി സ്‌ക്രാപ്പുകളുടെ ലഭ്യതക്കുറവ്.

ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത്.

ജിഎസ്ടി നിരക്കുകളിലെ അവ്യക്തത.

അസംഘടിത മേഖലയുടെ ആധിപത്യം.

നികുതികളേക്കാള്‍ ഉപരിയായി, ചെമ്പ്, നിക്കല്‍ തുടങ്ങിയ ലോഹങ്ങളുടെ കയറ്റുമതിക്ക് മേല്‍ മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളാണ് ഈ മേഖല നേരിടുന്ന വലിയ ഭീഷണിയെന്നും സമ്മേളനം വിലയിരുത്തി.

PREV
Read more Articles on
click me!

Recommended Stories

കുറഞ്ഞ പ്രീമിയം കണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ സൂക്ഷിക്കുക; 'ലാഭം' ചിലപ്പോള്‍ വലിയ ബാധ്യതയാകും
നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണ്'; പോലീസ് വേഷത്തില്‍ വീഡിയോ കോള്‍, പണം തട്ടാന്‍ പുതിയ വഴികള്‍: ജാഗ്രത പാലിക്കാം