ട്രംപിന് മുന്നില്‍ ഇന്ത്യ വഴങ്ങുന്നോ? റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നതായി സൂചന, വിട്ടുവീഴ്ച വ്യാപാരക്കരാറിനായി

Published : Aug 08, 2025, 01:32 PM ISTUpdated : Aug 08, 2025, 01:41 PM IST
bangla modi trump

Synopsis

റഷ്യന്‍ എണ്ണ വാങ്ങേണ്ടതില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവയ്ക്ക് പിന്നാലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവെച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ എണ്ണ വാങ്ങേണ്ടതില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് കമ്പനികളുടെ തീരുമാനം.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ കഴിഞ്ഞയാഴ്ച ഏര്‍പ്പെടുത്തിയ 25% തീരുവ കൂടി ചേരുമ്പോള്‍ മൊത്തം തീരുവ 50% ആകും. ഈ പുതിയ നടപടികള്‍ക്ക് ഏകദേശം 20 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരുമെങ്കിലും, അവസാന നിമിഷം വരെ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ നീക്കം. ഡൊണാള്‍ഡ് ട്രംപ് 50% തീരുവ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അമേരിക്കയ്ക്ക് എന്ത് വ്യാപാര ഇളവുകളാണ് നല്‍കാന്‍ കഴിയുകയെന്ന് ഇന്ത്യ പരിശോധിക്കുന്നതായി സൂചനയുണ്ട്.

റഷ്യന്‍ എണ്ണയുടെ ലഭ്യത കുറഞ്ഞാല്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കും

എണ്ണ ഉല്‍പ്പാദകരും ശുദ്ധീകരണശാലകളും എണ്ണ കയറ്റുന്നതിന് 1.5 മുതല്‍ 2 മാസം മുന്‍പാണ് ഓര്‍ഡറുകള്‍ നല്‍കുന്നത്. ഇന്ത്യന്‍ ശുദ്ധീകരണശാലകള്‍ ഇപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിവച്ചതോടെ ഇത് ഒക്ടോബറിലെ എണ്ണ ഇറക്കുമതിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ പൂര്‍ണമായി വാങ്ങുന്നത് നിര്‍ത്താന്‍ സാധ്യതയില്ലെങ്കിലും, വാങ്ങലില്‍ കുറവുണ്ടായേക്കാമെന്ന് വ്യാപാരികള്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍, വിടവ് നികത്താന്‍ ശുദ്ധീകരണശാലകള്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ് അല്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് തിരിഞ്ഞേക്കാം. ഒക്ടോബറിലെ ഷിപ്പ്‌മെന്റിനായുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

കാര്‍ഷിക, ക്ഷീരമേഖലകളില്‍ ഇളവ് പരിഗണനയില്‍

അമേരിക്കയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി, അതേസമയം, തദ്ദേശീയ കര്‍ഷകര്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ കാര്‍ഷിക, ക്ഷീരമേഖലകളില്‍ പരിമിതമായ വ്യാപാര ഇളവുകള്‍ നല്‍കാമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ജനിതകമാറ്റം വരുത്തിയ ചോളം ഇറക്കുമതി ചെയ്യുന്നതിന് അനുമതി നല്‍കുന്നതും പരിഗണനയിലാണ്. വ്യവസായ ആവശ്യങ്ങള്‍ക്കോ മൃഗങ്ങളുടെ തീറ്റയ്‌ക്കോ മാത്രമായിരിക്കും ഇത്. ശക്തമായ നിരീക്ഷണ സംവിധാനങ്ങളോടെയായിരിക്കും ഇറക്കുമതി. പുതിയ താരിഫുകള്‍ ഓഗസ്റ്റ് 27-ന് പ്രാബല്യത്തില്‍ വരാനിരിക്കെ, ട്രംപ് ഭരണകൂടവുമായി ചര്‍ച്ചകള്‍ തുടരാനുള്ള അവസരമായാണ് ഇന്ത്യ ഈ കാലയളവിനെ കാണുന്നത്. തല്‍ക്കാലം സമാനമായ വ്യാപാര നിയന്ത്രണങ്ങളുമായി മറുപടി നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നില്ല. നയതന്ത്രപരവും വ്യാപാരപരവുമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ