അദാനി വീണ്ടും വെട്ടിൽ, മിസൈല്‍ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്തതെങ്ങനെ? അദാനി ഡിഫന്‍സിനെതിരെ നികുതി വെട്ടിപ്പിന് അന്വേഷണം

Published : Oct 07, 2025, 04:52 PM IST
Adani

Synopsis

അദാനി ഗ്രൂപ്പിനെതിരെ അടുത്തിടെ നടക്കുന്ന പ്രധാന അന്വേഷണമാണിത്. അദാനി ഗ്രൂപ്പിന്റെ താരതമ്യേന ചെറിയ ബിസിനസ് യൂണിറ്റാണ് അദാനി ഡിഫന്‍സ്. മിസൈലുകള്‍, ഡ്രോണുകള്‍, ചെറു ആയുധങ്ങള്‍ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങള്‍ ആണ് ഇവര്‍ നിര്‍മ്മിക്കുന്നത്.

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്നോളജീസ് മിസൈല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടകങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ കസ്റ്റംസ് തീരുവ വെട്ടിച്ചതായി ആരോപണം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം അന്വേഷണം ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അദാനി ഗ്രൂപ്പിനെതിരെ അടുത്തിടെ നടക്കുന്ന പ്രധാന അന്വേഷണമാണിത്. അദാനി ഗ്രൂപ്പിന്റെ താരതമ്യേന ചെറിയ ബിസിനസ് യൂണിറ്റാണ് അദാനി ഡിഫന്‍സ്. മിസൈലുകള്‍, ഡ്രോണുകള്‍, ചെറു ആയുധങ്ങള്‍ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങള്‍ ആണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈല്‍ സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇറക്കുമതി ചെയ്ത ഭാഗങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലെ അന്വേഷണം. ഈ ഭാഗങ്ങള്‍ക്ക് 10% ഇറക്കുമതി നികുതിയും 18% പ്രാദേശിക നികുതിയും ബാധകമാണ്. എന്നാല്‍, കമ്പനി ഇവയെ താരിഫില്‍ നിന്ന് ഒഴിവാക്കിയ ദീര്‍ഘദൂര മിസൈലുകളുടെ ഭാഗങ്ങളായി തെറ്റായി രേഖപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. 2025 സെപ്റ്റംബറിലെ ഒരു സര്‍ക്കാര്‍ നിയമഭേദഗതി പ്രകാരം ഇപ്പോള്‍ എല്ലാ മിസൈല്‍ ഭാഗങ്ങളും താരിഫ് ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍, നിയമം വരുന്നതിന് മുന്‍പ് ഹ്രസ്വദൂര മിസൈല്‍ ഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അന്വേഷണം

കസ്റ്റംസ് തീരുവയിലും നികുതിയിലും ഇളവുണ്ടെന്ന് തെറ്റായി അവകാശപ്പെട്ട് 790 ദശലക്ഷം രൂപയുടെ താരിഫ് വെട്ടിച്ചു എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലെന്നാണ് സൂചന. മാര്‍ച്ച് മാസത്തിലാണ് ഡി.ആര്‍.ഐ. അന്വേഷണം ആരംഭിച്ചത്. ആവശ്യപ്പെട്ട വിശദീകരണങ്ങളും രേഖകളും നല്‍കിയിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. എന്നാല്‍, പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഗൗരവമേറിയ ആരോപണങ്ങള്‍ അദാനി ഡിഫന്‍സിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ 6,68.8 കോടി രൂപ (76 ദശലക്ഷം ഡോളര്‍) വരുമാനത്തിന്റെ 10% ല്‍ അധികവും, ലാഭത്തിന്റെ പകുതിയിലധികവും വരുന്ന തുകയായ 79.2 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസ് അതീവ ഗൗരവമേറിയതാണ്. ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് അന്വേഷണത്തിനിടെ അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായില്ല. ഇത്തരം കേസുകളില്‍ സാധാരണയായി, വെട്ടിച്ച ഡ്യൂട്ടിയും അതിന്റെ 100% പിഴയും കമ്പനി നല്‍കേണ്ടിവരും. ഈ കേസില്‍ ഇത് മൊത്തം 158.4 കോടി രൂപ (18 ദശലക്ഷം ഡോളര്‍) വരും.

ഹ്രസ്വദൂര മിസൈല്‍ ഭാഗങ്ങള്‍

ഹ്രസ്വദൂര മിസൈലുകളുടെയും അതിന്റെ വിക്ഷേപണ സംവിധാനങ്ങളുടെയും നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന നോണ്‍-എക്സ്പ്ലോസീവ് ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളുമാണ് ഇത്തരത്തില്‍ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം മുതല്‍ റഷ്യയില്‍ നിന്ന് 281.6 കോടി രൂപ (32 ദശലക്ഷം ഡോളര്‍) മൂല്യമുള്ള ഇത്തരം നോണ്‍-എക്സ്പ്ലോസീവ് മിസൈല്‍ ഭാഗങ്ങള്‍ അദാനി ഡിഫന്‍സ് ഇറക്കുമതി ചെയ്തിട്ടുണ്ട്. 2024 ജനുവരി മുതല്‍ റഷ്യ, ഇസ്രായേല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മൊത്തം 616 കോടി രൂപയുടെ (70 ദശലക്ഷം ഡോളര്‍) ഘടകങ്ങളാണ് അദാനി ഗ്രൂപ്പ് ഇറക്കുമതി ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു