വ്യാപാരക്കരാർ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യൻ രൂപയുടെ മേലുള്ള സമ്മർദ്ദം കുറഞ്ഞതായും ഗോൾഡ്മാൻ സാക്സ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയും യുഎസും തമ്മിൽ പുതിയ വ്യാപാരക്കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്തി പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. യുഎസ് തീരുവ കുറച്ചത് ഇന്ത്യൻ കയറ്റുമതിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്ന് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കുറയുമെന്നും ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

2026-ൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ചാ പ്രവചനം 6.9 ശതമാനമായി ഉയർത്തിയിട്ടുണ്ട്. 20 ബേസിസ് പോയിന്റിന്റെ വർധനവാണിത്. യുഎസ് തീരുവകൾ കുറച്ചതിന്റെ പ്രയോജനം ഇതിലൂടെ ഇന്ത്യക്ക് ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി സംബന്ധിച്ച കണക്കുകളിലും ഗോൾഡ്മാൻ സാക്സ് മാറ്റം വരുത്തി. ഇന്ത്യൻ കയറ്റുമതിക്ക് തീരുവ കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. 2026-ൽ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.8 ശതമാനമായി കുറയുമെന്നാണ് പുതിയ വിലയിരുത്തൽ. ഏകദേശം 0.25 ശതമാനത്തിന്റെ കുറവാണിത്.

വ്യാപാരക്കരാർ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യൻ രൂപയുടെ മേലുള്ള സമ്മർദ്ദം കുറഞ്ഞതായും ഗോൾഡ്മാൻ സാക്സ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കറൻസി ഇന്ത്യൻ രൂപയായിരുന്നു. എന്നാൽ, നിലവിലെ നിലയിൽ നിന്ന് രൂപയുടെ മൂല്യം ഇനിയും കാര്യമായി ഉയരാൻ സാധ്യതയില്ലെന്നും അവർ പറയുന്നു. വ്യാപാരക്കരാറിന് ശേഷം വിദേശ നിക്ഷേപം വർധിച്ചാലും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾ കാരണം രൂപയുടെ മൂല്യവർധന പരിമിതമായിരിക്കും.

അതേസമയം, പലിശ നിരക്കുകൾ സംബന്ധിച്ച കാഴ്ചപ്പാടിൽ ഗോൾഡ്മാൻ സാക്സ് മാറ്റം വരുത്തിയിട്ടില്ല. റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്ന നടപടികൾ അവസാനിപ്പിച്ചുവെന്നാണ് അവരുടെ വിലയിരുത്തൽ. സാമ്പത്തിക വളർച്ചയിലെ അപകടസാധ്യതകൾ കുറഞ്ഞതിനാൽ, 2026-ൽ ആർബിഐ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തുമെന്നും അവർ പ്രതീക്ഷിക്കുന്നു.