മലേഷ്യയിൽ ഭരണം മാറി, ഇന്ത്യ പാമോയിൽ ഇറക്കുമതി പുനരാരംഭിച്ചു

By Web TeamFirst Published May 20, 2020, 12:51 PM IST
Highlights

ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം ടൺ അരിയാണ് ഇത് പ്രകാരം മലേഷ്യയിലേക്ക് കയറ്റി അയക്കുക.

ദില്ലി: ഭരണം മാറിയതോടെ നയപരമായ പിണക്കം മറന്ന് ഇന്ത്യ മലേഷ്യയിൽ നിന്നുള്ള ഭക്ഷ്യ എണ്ണ ഇറക്കുമതി പുനരാരംഭിച്ചു. നാല് മാസത്തെ നയതന്ത്ര ബന്ധത്തിലുണ്ടായ തർക്കമാണ് ഇന്ത്യ മറന്നത്. രാജ്യത്ത് ആഭ്യന്തര വിപണിയിൽ ഭക്ഷ്യഎണ്ണയ്ക്ക് ആവശ്യം വർധിച്ചതും, മലേഷ്യയിൽ എണ്ണവില ഇടിഞ്ഞതും, മലേഷ്യയിൽ പുതിയ സർക്കാർ അധികാരമേറ്റതും എല്ലാം ഇതിന് കാരണമായി.

ഇന്ത്യയുമായി ഒരു വ്യാപാര കരാറിലേക്ക് മലേഷ്യ കഴിഞ്ഞ ആഴ്ച എത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം ടൺ അരിയാണ് ഇത് പ്രകാരം മലേഷ്യയിലേക്ക് കയറ്റി അയക്കുക. കഴിഞ്ഞ ആഴ്ച മാത്രം രണ്ട് ലക്ഷം ടൺ അസംസ്കൃത പാമോയിൽ മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഇന്ത്യയിൽ നിന്നുള്ള കമ്പനികൾ തീരുമാനിച്ചു.

ഇന്ത്യ ഇറക്കുമതി നിർത്തിയതോടെ പത്ത് മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് മലേഷ്യയിൽ പാമോയിലിന് ഉണ്ടായിരുന്നത്. ഇന്ത്യ ഇറക്കുമതി പുനരാരംഭിച്ചതോടെ വില ഉയരുകയും ചെയ്തു. മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിമർശനം ഉന്നയിക്കുകയും പാക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് പാമോയിൽ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയത്.

മലേഷ്യൻ പാമോയിൽ ഇപ്പോൾ ടണ്ണിന് 15 ഡോളർ ലാഭത്തിലാണ് ഇന്ത്യയിലെ വിതരണക്കാർക്ക് ലഭിക്കുന്നത്. മലേഷ്യയിൽ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമുണ്ടായിരുന്ന നാല് മാസം ഇന്തോനേഷ്യൻ കമ്പനികളാണ് ഇന്ത്യയിലെ വിതരണക്കാർ ആശ്രയിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധി മൂർച്ഛിച്ചതോടെ ടണ്ണിന് അഞ്ച് ഡോളർ കയറ്റുമതി തീരുവ ഇന്തോനേഷ്യ ഉയർത്തിയിരുന്നു. 

click me!