ഓണ്‍ലൈന്‍ വാതുവെപ്പ് നിരോധനം കള്ളപ്പണമിടപാടുകൾക്ക് വഴിതുറക്കുമോ?

Published : Aug 23, 2025, 04:46 PM IST
Online gaming

Synopsis

ഓണ്‍ലൈന്‍ വാതുവെപ്പ് നിരോധിക്കുന്നതോടെ പുതിയ തലവേദനകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിങ് വ്യവസായത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകളോടുള്ള ആസക്തി, ഇതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ തീരുമാനം ന്യായീകരിക്കാവുന്നതാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍, ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വേണ്ടത്ര കണക്കിലെടുത്തിട്ടുണ്ടോ എന്ന സംശയമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഏതൊരു നിരോധനവും ഉപയോക്താക്കളെ അനധികൃത മാര്‍ഗ്ഗങ്ങളിലേക്ക് നയിക്കുകയാണ് പതിവ്. ഈ സാഹചര്യത്തില്‍, ഓണ്‍ലൈന്‍ വാതുവെപ്പില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ആശ്രയം വിദേശ കാസിനോകളും അനധികൃത വെബ്‌സൈറ്റുകളുമായിരിക്കും. ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ച് ഇവര്‍ പണം കൈമാറ്റം ചെയ്യുമ്പോള്‍, അത് അനധികൃത പണമിടപാടുകളുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും പുതിയ വഴികള്‍ തുറക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കാലത്തെ വിരസത, വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം, മൊബൈല്‍ അധിഷ്ഠിത വിനോദ മേഖലയിലെ വളര്‍ച്ച എന്നിവയെല്ലാം ചേര്‍ന്നപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗെയിമിങ് വിപണിയായി ഇന്ത്യ വളര്‍ന്നുകൊണ്ടിരുന്നു. ഡെപ്പോസിറ്റുകള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടും പല ആപ്പുകളുടെയും ജനപ്രീതിക്ക് കാര്യമായ കോട്ടം സംഭവിച്ചിരുന്നില്ല.

രാജ്യത്തെ 3.8 ബില്യണ്‍ ഡോളറിന്റെ വാതുവെപ്പ് വ്യവസായം, വിദേശ സൈറ്റുകളിലേക്ക് ഓരോ വര്‍ഷവും ഒഴുകിപ്പോകുന്ന 100 ബില്യണ്‍ ഡോളറിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. ഇതില്‍ ഭൂരിഭാഗവും ക്രിക്കറ്റ് വാതുവെപ്പാണ്, പ്രത്യേകിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) സമയത്ത്. ആപ്പുകളെ നിരോധിക്കുന്നതിലൂടെ വിദേശത്തേക്ക് ഒഴുകിപ്പോകുന്ന പണത്തെ നിയന്ത്രിക്കാനുള്ള വഴി അടയ്ക്കുകയാണെന്ന് പലരും ആരോപണം ഉന്നയിക്കുന്നു. ഇതിലൂടെ, പ്രതിവര്‍ഷം 2 ബില്യണ്‍ ഡോളറിലധികം നികുതി വരുമാനം നഷ്ടപ്പെടുത്തുകയും ചെയ്യും. ഗോവ, സിക്കിം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ലൈസന്‍സുള്ള ഡെല്‍റ്റ കോര്‍പ്പ് പോലുള്ള കാസിനോകളിലേക്ക് വാതുവെപ്പ് മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍, വിനോദത്തിനായി മാത്രം കളിക്കുന്ന വലിയൊരു വിഭാഗം യുവാക്കള്‍ സാമ്പത്തികേതര നേട്ടങ്ങള്‍ നല്‍കുന്ന സോഷ്യല്‍ ഗെയിമിങ് ഓപ്ഷനുകളിലേക്ക് തിരിഞ്ഞേക്കാം.

ഓണ്‍ലൈന്‍ വാതുവെപ്പ് നിരോധിക്കുന്നതോടെ പുതിയ തലവേദനകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. വാതുവെപ്പിന് അടിമപ്പെട്ടവര്‍ ഈ ശീലം ഉപേക്ഷിക്കില്ല. പകരം, മറ്റ് വഴികള്‍ തേടും. ധാരാളം അന്താരാഷ്ട്ര സൈറ്റുകള്‍ ഇന്ത്യന്‍ കളിക്കാരെ സ്വീകരിക്കുന്നുണ്ട്. കെവൈസി പരിശോധനകള്‍ പോലും അവര്‍ നിര്‍ബന്ധമാക്കാറില്ല. ഒരു യൂസര്‍നെയിം, ഇമെയില്‍, പാസ്വേഡ് എന്നിവ മാത്രം മതിയാകും. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ ബാങ്കിങ് സംവിധാനത്തെ പൂര്‍ണ്ണമായും മറികടക്കുകയും ചെയ്യും.ഇന്ത്യയില്‍ ഇതിനോടകം 10 കോടിയോളം ക്രിപ്‌റ്റോ വാലറ്റുകളുണ്ട്.

കബഡി പോലുള്ള പരമ്പരാഗത കായിക വിനോദങ്ങള്‍ക്കും ഈ നിരോധനം തിരിച്ചടിയായേക്കാം. ഫാന്റസി സ്‌പോര്‍ട്‌സ് ആപ്പുകളാണ് പ്രോ കബഡി ലീഗിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായി കബഡിക്ക് ഒരു ദശാബ്ദക്കാലം നല്‍കിയത്. ഈ പിന്തുണ ഇനി ലഭിക്കുമോ എന്ന് കണ്ടറിയണം. ഓപ്പറേറ്റര്‍മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

PREV
Read more Articles on
click me!

Recommended Stories

രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്; ദില്ലി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു!