
ദില്ലി: അധികം വൈകാതെ ലോകത്തെ ഇലക്ട്രിക് വാഹന വിപണിയിൽ ഇന്ത്യ ഒന്നാമതെത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടുത്ത ആറ് മാസത്തിനകം ലിഥിയം അയോൺ ബാറ്ററികൾ ഇന്ത്യയിൽ തന്നെ പൂർണ്ണമായി നിർമ്മിക്കുമെന്നും അദ്ദേഹം ആമസോണിന്റെ സംഭവ് സമ്മിറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പറഞ്ഞു.
ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ വാഹന നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കമ്പനികളുമായി ചർച്ച ചെയ്യുകയാണ്. ഇന്ത്യ വാഹന നിർമ്മാണ രംഗത്ത് അതിവേഗം മുന്നേറുന്നുണ്ട്. ലോകത്തിലെ എല്ലാ ഇലക്ട്രോണിക് വാഹന നിർമ്മാണ ബ്രാന്റുകളും ഇന്ത്യയിലുള്ളത് രാജ്യത്തിന്റെ കുതിപ്പിന് വേഗം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തദ്ദേശീയമായി നിർമ്മിക്കുന്ന ബാറ്ററി ടെക്നോളജി ഇലക്ട്രോണിക് വാഹനങ്ങളെ ഗതാഗത രംഗത്തെ ഏറ്റവും മികച്ച വാഹനങ്ങളാക്കും. കേന്ദ്ര സർക്കാർ ഹൈഡ്രജൻ ഫ്യുവൽ സെൽ ടെക്നോളജി അവതരിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. രാജ്യം എട്ട് ലക്ഷം കോടി രൂപയുടെ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്യുന്നത്. അടുത്ത 4-5 കൊല്ലത്തിനുള്ളിൽ ഇത് ഇരട്ടിയാകും. അതുകൊണ്ട് പകരം സംവിധാനം കണ്ടെത്തിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.