
ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉഭയകക്ഷി വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇരട്ട നികുതി ചുമത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഡല്‍ഹിയില്‍ ഒരു വ്യവസായ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിയൂഷ് ഗോയല്‍. യൂറോപ്യന്‍ യൂണിയന്‍, ചിലി, പെറു, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായി പുതിയ വ്യാപാര ഉടമ്പടികള്‍ ഉണ്ടാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും, കൂടാതെ യുകെ, യുഎഇ എന്നിവയുമായി കരാറുകള്‍ ഒപ്പിട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള വളര്‍ച്ചയുടെ 18% സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% അധിക തീരുവ ചുമത്തിയ പ്രശ്‌നം പരിഹരിക്കുന്നത് കരാറിന് നിര്‍ണായകമാകും. നിലവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുകയാണെന്നും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 50% തീരുവയ്ക്ക് ഉടന്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് പദ്ധതിയില്ലെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റഷ്യയില്‍ നിന്ന് എണ്ണയും പ്രതിരോധ സാമഗ്രികളും വാങ്ങുന്നതിനെ തുടര്‍ന്നാണ് അമേരിക്ക ഓഗസ്റ്റ് 27-ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% അധിക തീരുവ ചുമത്തിയത്. ഇത് നേരത്തെ നിലവിലുണ്ടായിരുന്ന 25% തീരുവയ്ക്ക് പുറമെയാണ്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ മൊത്തം 50% തീരുവ നല്‍കണം. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ തിരിച്ചടിയായി. കഴിഞ്ഞ കുറേ മാസങ്ങളായി ഇരു രാജ്യങ്ങളും വ്യാപാരക്കരാര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആറാം ഘട്ട ചര്‍ച്ചകള്‍ ഓഗസ്റ്റ് 25-ന് ന്യൂഡല്‍ഹിയില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രതിനിധി സംഘം അവരുടെ സന്ദര്‍ശനം റദ്ദാക്കി. ഈ വര്‍ഷം അവസാനത്തോടെ ചര്‍ച്ചകളുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. നിലവില്‍ 191 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം 2030-ഓടെ 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും കരാര്‍ ലക്ഷ്യമിടുന്നു.
അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളായ ചോളം, സോയാബീന്‍, ആപ്പിള്‍, ബദാം, എഥനോള്‍, തുടങ്ങിയവയുടെ തീരുവ കുറയ്ക്കാനും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ചെറുകിട കര്‍ഷകരെ ബാധിക്കുമെന്നതിനാല്‍ ഇന്ത്യ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. അമേരിക്ക ചുമത്തിയ 50% തീരുവയ്ക്ക് ശേഷം ഇന്ത്യ അവരുടെ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എപ്പോഴാണ് ഈ വാഗ്ദാനം നല്‍കിയത് എന്നതിനെക്കുറിച്ചോ, വൈറ്റ് ഹൗസ് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചോ വ്യക്തമല്ല.