വിതയ്ക്കാന്‍ പോലും വെള്ളമില്ല; ഇന്ത്യയില്‍ ഗോതമ്പുകൃഷി കുറയുന്നു, വില ഉയരുമെന്ന് ആശങ്ക

Published : Nov 25, 2026, 09:11 PM IST
Wheat food

Synopsis

ഇന്ത്യയിൽ തുടർച്ചയായുള്ള മഴക്കുറവും ജലക്ഷാമവും കാരണം ഗോതമ്പുകൃഷിയുടെ വിസ്തൃതിയിൽ വൻ ഇടിവിന് സാധ്യത. കുറഞ്ഞ വെള്ളത്തിൽ കൃഷി ചെയ്യാവുന്ന കടല പോലെയുള്ള മറ്റ് വിളകളിലേക്ക് കർഷകർ മാറുന്നത് ഗോതമ്പ് ഉൽപാദനത്തെ ബാധിച്ചേക്കാം.

ഇന്ത്യയില്‍ ഗോതമ്പുകൃഷിയുടെ വിസ്തൃതിയില്‍ 26 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന് സാധ്യത. ഒരു പതിറ്റാണ്ടിലേറെയായി ലഭിച്ചതില്‍ ഏറ്റവും കുറഞ്ഞ മണ്‍സൂണ്‍ മഴയും ജലക്ഷാമവും കാരണം കര്‍ഷകര്‍ മറ്റ് വിളകളിലേക്ക് മാറുകയാണ്. കുറഞ്ഞ വെള്ളത്തില്‍ കൃഷി ചെയ്യാവുന്നതും കൂടുതല്‍ വരുമാനം ലഭിക്കുന്നതുമായ വിളകളോടാണ് ഇത്തവണ താല്‍പര്യമെന്ന് കൃഷിക്കാര്‍ പറയുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉല്‍പാദക രാജ്യമാണ് ഇന്ത്യ. കൃഷിയിറക്കുന്ന സ്ഥലത്തിന്റെ വിസ്തൃതി കുറയുന്നതിനൊപ്പം ശക്തമായ എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസം വിളവ് കുറയ്ക്കാനുള്ള സാധ്യതയുണ്ട്. ഇതു ഗോതമ്പ് ഉല്‍പാദനത്തെ ബാധിക്കുകയും വില ഉയരാന്‍ ഇടയാക്കുകയും ചെയ്‌തേക്കാം. ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്കും ഇത് വെല്ലുവിളിയാകും.

വിതയ്ക്കാന്‍ പോലും വെള്ളമില്ല

ഗോതമ്പിന് കുറഞ്ഞത് നാലോ അഞ്ചോ തവണയെങ്കിലും വെള്ളം നല്‍കണം. എന്നാല്‍ വിതയ്ക്കാന്‍ പോലും ആവശ്യമായ വെള്ളം ലഭ്യമല്ലാത്തതിനാല്‍ കുറച്ച് വെള്ളം മാത്രം ആവശ്യമുള്ള കടല കൃഷി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ പല കര്‍ഷകരും. ഇന്ത്യയില്‍ ശൈത്യകാലത്ത് വിതയ്ക്കുന്ന പ്രധാന വിളയാണ് ഗോതമ്പ്. കടുക്, കടല, ചോളം എന്നിവയാണ് ഇതേ സമയത്ത് കര്‍ഷകര്‍ പരിഗണിക്കുന്ന മറ്റ് പ്രധാന വിളകള്‍.

എല്‍ നിനോയുടെ ഫലമായി മഴ കുറഞ്ഞതോടെ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ മഴ ഒരു പതിറ്റാണ്ടിലേറെയായി രേഖപ്പെടുത്തിയതില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തി. പ്രധാന ഗോതമ്പ് ഉല്‍പാദക സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മഴ ശരാശരിയേക്കാള്‍ 41 ശതമാനം വരെ കുറഞ്ഞു.

കൃഷിവിസ്തൃതി 6 ശതമാനം കുറഞ്ഞേക്കും

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നവംബര്‍ 13 വരെ രാജ്യത്ത് 50 ലക്ഷം ഹെക്ടറിലാണ് ഗോതമ്പ് വിതച്ചത്. ഏകദേശം 1.2 കോടി ഏക്കറാണിത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ 15.3 ശതമാനം കുറവാണിത്. കഴിഞ്ഞ വര്‍ഷം ഗോതമ്പുകൃഷി റെക്കോര്‍ഡ് നിലവാരമായ 3.36 കോടി ഹെക്ടറിലെത്തിയിരുന്നു. ഏകദേശം 8.3 കോടി ഏക്കര്‍. എന്നാല്‍ 2026-27 സീസണില്‍ ഇതില്‍ ഏകദേശം 6 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിസ്തൃതിയായിരിക്കും ഇത്. 2000-01നു ശേഷമുള്ള ഏറ്റവും വലിയ ഇടിവുമാകും.

PREV
Read more Articles on
click me!

Recommended Stories

ഹൃദയസ്തംഭനം മൂലം ഭര്‍ത്താവ് മരിച്ചു, ക്ലെയിം തള്ളി ഇന്‍ഷുറന്‍സ് കമ്പനി; ഭാര്യയ്ക്ക് ഒരു കോടി രൂപ നല്‍കാന്‍ ഉത്തരവ്
പണപ്പെരുപ്പം, എല്‍ നിനോ, ക്രൂഡ് ഓയില്‍; ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളികള്‍