ഡീസലിലും എഥനോള്‍ കലര്‍ത്തും, ആദ്യ ഘട്ടത്തില്‍ 5 ശതമാനം എഥനോള്‍, യോഗം ചേർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

Published : Aug 12, 2024, 06:07 PM IST
ഡീസലിലും എഥനോള്‍ കലര്‍ത്തും, ആദ്യ ഘട്ടത്തില്‍ 5 ശതമാനം എഥനോള്‍, യോഗം ചേർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

Synopsis

അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും ഇന്ധനങ്ങളില്‍ എഥനോള്‍ കലര്‍ത്തുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന നടപടി വിജയകരമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഡീസലിലും എഥനോള്‍ കലര്‍ത്തുന്നത് പരീക്ഷിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും ഇന്ധനങ്ങളില്‍ എഥനോള്‍ കലര്‍ത്തുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മേയ് മാസത്തില്‍ പെട്രോളില്‍ 15 ശതമാനം എഥനോള്‍ കലര്‍ത്തിയിരുന്നു. ബയോ ഇന്ധന നിര്‍മാതാക്കള്‍ ഉല്‍പാദനം ഗണ്യമായി ഉയര്‍ത്തിയതോടെയാണ് കൂടുതലായി എഥനോള്‍ കലര്‍ത്തുന്നതിന് കമ്പനികള്‍ക്ക് സാധിച്ചത്.

പരീക്ഷണം വിജയം

എഥനോള്‍ കലർത്തിയ ഡീസൽ ഇന്ധനമാക്കിയ ശേഷം വാഹനങ്ങളുടെ പ്രകടനം, മലിനീകരണം, ഈട് എന്നിവ വിലയിരുത്തുന്നതിനായി പരീക്ഷണം നടത്തിയിരുന്നു. ബിഎസ്-3, ബിഎസ്-VI ബസുകളിലാണ് പരീക്ഷണം നടത്തിയത്. 500 മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ കാര്യമായ പരാജയങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.  ഇന്ധന ഉപഭോഗം സാധാരണ ഡീസലിനേക്കാൾ അല്പം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലക്ഷ്യം ഹരിതം

2024-25 ഓടെ എഥനോൾ കലർന്ന പെട്രോൾ 20 ശതമാനവും 2029-30 ആകുമ്പോഴേക്കും 30 ശതമാനവും എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2070 വർഷത്തോടെ സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യയുടെ പദ്ധതി .ഇത് മുൻനിർത്തി ഹരിത മാർഗങ്ങളിലേക്ക് മാറാൻ വിവിധ വ്യാവസായിക മേഖലകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബയോഗ്യാസ്-നാചുറൽ ഗ്യാസ് മിക്സിങ്, ബയോ ഡീസലിന്റെ ഉപയോഗം, ധാന്യങ്ങൾ, കൃഷിയിടങ്ങളിലെ ജൈവ മാലിന്യം എന്നിവയിൽ നിന്നുള്ള എഥനോൾ ഉല്പാദനം തുടങ്ങിയവയ്ക്കും മുൻഗണന നൽകി വരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾ, വിവിധ സംസ്ഥാനങ്ങളിലായി, കൃഷിയിടങ്ങളിലെ ജൈവ മാലിന്യം ഉപയോഗിച്ച് എഥനോൾ ഉല്പാദിപ്പിക്കാനായി 12 പ്ലാന്റുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.

എന്താണ് എഥനോൾ?

കരിമ്പ്, ചോളം, അരി, ഗോതമ്പ്, തുടങ്ങി വിവിധ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനമാണ് എഥനോൾ. എഥനോൾ 99.9% ശുദ്ധമായ ആൽക്കഹോൾ ആണ്, ഇത് ഇന്ധനങ്ങളുമായി കലർത്തി ബദൽ  ഇന്ധനം ഉണ്ടാക്കാം. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ആണ് ഇന്ധനങ്ങളിൽ എഥനോൾ കലർത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം