വില കുതിച്ചുയരുമ്പോള്‍ വിപണിയിലെ അവസരം നഷ്ടപ്പെടുമോ എന്ന ഭയം കാരണം പലരും തിടുക്കത്തില്‍ നിക്ഷേപം നടത്താറുണ്ട്.

സ്വര്‍ണ്ണവിലയെ വെല്ലുന്ന കുതിപ്പാണ് കഴിഞ്ഞ ഒരു വര്‍ഷമായി വെള്ളി വിപണിയില്‍ ദൃശ്യമാകുന്നത്. 2026 ജനുവരി 8-ന് കിലോയ്ക്ക് 2,59,692 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിയ വെള്ളി വിലയില്‍ പിന്നീട് അല്പം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ കിലോയ്ക്ക് 2,43,324 രൂപയാണ് വില. ഏകദേശം 6.3 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും, കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 200 ശതമാനത്തോളം ആദായമാണ് വെള്ളി നല്‍കിയിരിക്കുന്നത്.

വില കുതിച്ചുയരുമ്പോള്‍ വിപണിയിലെ അവസരം നഷ്ടപ്പെടുമോ എന്ന ഭയം കാരണം പലരും തിടുക്കത്തില്‍ നിക്ഷേപം നടത്താറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സില്‍വര്‍ ഇടിഎഫുകളില്‍ പണം മുടക്കുന്നത് സുരക്ഷിതമാണോ? വിപണിയിലെ പ്രവണതകളും വിദഗ്ധരുടെ നിരീക്ഷണങ്ങളും പരിശോധിക്കാം.

എന്തുകൊണ്ട് വെള്ളി വില കുതിക്കുന്നു? ആഭരണം എന്നതിലുപരി ഒരു വ്യാവസായിക ലോഹം എന്ന നിലയിലാണ് വെള്ളിയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നത്. വൈദ്യുതി കടത്തിവിടാനുള്ള ശേഷിയും തുരുമ്പിനെ പ്രതിരോധിക്കാനുള്ള കഴിവുമാണ് വെള്ളിയെ പ്രിയങ്കരമാക്കുന്നത്.

1. സൗരോര്‍ജ്ജ വിപ്ലവം: സോളാര്‍ പാനലുകളുടെ നിര്‍മ്മാണത്തില്‍ വെള്ളി അവിഭാജ്യ ഘടകമാണ്. 2030 വരെ സൗരോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ 17% വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2014-ല്‍ വ്യവസായ ആവശ്യത്തിനുള്ള വെള്ളിയുടെ 11% മാത്രമാണ് സോളാര്‍ മേഖല ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നത് 29% ആയി ഉയര്‍ന്നു.

2. ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പ്: സാധാരണ പെട്രോള്‍/ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളില്‍ 79% വരെ കൂടുതല്‍ വെള്ളി ഉപയോഗിക്കുന്നുണ്ട്. 2027-ഓടെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ആധിപത്യം സ്ഥാപിക്കുമെന്നാണ് കരുതുന്നത്. ചാര്‍ജിംഗ് സ്റ്റേഷനുകളിലും കണക്റ്ററുകളിലും വെള്ളി അവശ്യഘടകമാണ്.

3. എഐ തരംഗം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവ് വെള്ളിയുടെ ഡിമാന്‍ഡ് കുത്തനെ കൂട്ടി. ഡാറ്റാ സെന്ററുകള്‍, സെര്‍വറുകള്‍, എഐ ചിപ്പുകള്‍ എന്നിവയ്‌ക്കെല്ലാം വെള്ളി ആവശ്യമാണ്. അമേരിക്കയില്‍ മാത്രം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഡാറ്റാ സെന്ററുകളുടെ നിര്‍മ്മാണത്തില്‍ 57% വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

വരവും ചെലവും തമ്മിലുള്ള അന്തരം

ഡിമാന്‍ഡ് കുതിച്ചുയരുമ്പോഴും അതിനനുസരിച്ചുള്ള ലഭ്യത വിപണിയിലില്ല. 2025-ല്‍ വെള്ളിയുടെ ലഭ്യതയില്‍ നാമമാത്രമായ 1% വര്‍ധനവ് മാത്രമാണ് പ്രതീക്ഷിക്കുന്നത്. ആവശ്യക്കാര്‍ ഏറുകയും ലഭ്യത കുറയുകയും ചെയ്യുന്നത് സ്വാഭാവികമായും വില വര്‍ധിക്കാന്‍ ഇടയാക്കുന്നു.

അമേരിക്കന്‍ പലിശ നിരക്കും സ്വര്‍ണ്ണവും

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയും വെള്ളിക്ക് കരുത്തായി. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ കുറയുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്കും വെള്ളിയിലേക്കും തിരിയുന്നു. അതേസമയം, സ്വര്‍ണ്ണവും വെള്ളിയും തമ്മിലുള്ള വിലയുടെ അനുപാതം ഇപ്പോള്‍ 58-ലേക്ക് താഴ്ന്നു. ഇത് 107 വരെ ഉയര്‍ന്നിരുന്നു. ഈ അനുപാതം താഴുന്നത് സൂചിപ്പിക്കുന്നത് സ്വര്‍ണ്ണത്തെ അപേക്ഷിച്ച് വെള്ളി ഇപ്പോള്‍ വിലക്കുറവിലല്ല എന്നാണ്. അതായത്, വില ഇനിയും വലിയ തോതില്‍ കൂടാനുള്ള സാധ്യത കുറവാണ്.

ഇപ്പോള്‍ നിക്ഷേപിക്കാമോ? ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ വെള്ളിയുടെ ഭാവി ശോഭനമാണ്. ഹരിത ഊര്‍ജ്ജവും ഡിജിറ്റല്‍ സാങ്കേതികവിദ്യയും വളരുമ്പോള്‍ വെള്ളിയുടെ ആവശ്യകതയും കൂടും. എങ്കിലും, പെട്ടെന്നുള്ള ലാഭം പ്രതീക്ഷിച്ച് ഇപ്പോള്‍ വലിയ തുക സില്‍വര്‍ ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയല്ലെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിക്ഷേപകര്‍ ശ്രദ്ധിക്കാന്‍:

പുതിയ നിക്ഷേപകര്‍: വലിയ തുക ഒന്നിച്ച് മുടക്കുന്നതിന് പകരം ചെറിയ തുകകളായി (എസ്‌ഐപി മാതൃകയില്‍) നിക്ഷേപിക്കുന്നതാണ് ഉചിതം. വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളെ നേരിടാന്‍ ഇത് സഹായിക്കും.

നിലവിലുള്ളവര്‍: ഇതിനകം സില്‍വര്‍ ഇടിഎഫ് ഉള്ളവര്‍ അത് ഹോള്‍ഡ് ചെയ്യുന്നതാണ് നല്ലത്.

കരുതലോടെ മാത്രം: നിങ്ങളുടെ മൊത്തം നിക്ഷേപത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ വെള്ളിയില്‍ നിക്ഷേപിക്കാവൂ. പ്രധാന നിക്ഷേപമായി ഇതിനെ കാണരുത്.