മോഷണത്തിൽ പൊറുതിമുട്ടി ഐഒസി: കള്ളന്മാരെ പിടിക്കാൻ ഇനി ഡ്രോൺ ആയുധം

Web Desk   | Asianet News
Published : Aug 25, 2021, 09:25 PM ISTUpdated : Aug 25, 2021, 09:31 PM IST
മോഷണത്തിൽ പൊറുതിമുട്ടി ഐഒസി: കള്ളന്മാരെ പിടിക്കാൻ ഇനി ഡ്രോൺ ആയുധം

Synopsis

രാജ്യത്തെമ്പാടുമുള്ള തങ്ങളുടെ ഇന്ധന വിതരണ പൈപ്പ്ലൈൻ ശൃംഖലയിൽ നിന്ന് എണ്ണ ചോർത്തുന്നതിന് അവസാനം കാണാനാണ് ശ്രമം. അതിനായി മുന്തിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ മുന്നോട്ട് പോക്ക്.

ദില്ലി: രാജ്യത്തെമ്പാടും മോഷണം കൊണ്ട് സഹികെട്ട് ഇരിക്കുകയാണ് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. മോഷണം പോകുന്നത് മറ്റെന്താണേലും കമ്പനി സഹിച്ചേനെ, എന്നാലിത് ഇന്ധനം തന്നെയാകുന്നതാണ് അസഹനീയം. ഇതിനെന്താണ് പോംവഴിയെന്ന് ആലോചിച്ചാണ് ഐഒസി ഇപ്പോൾ ഡ്രോണിലേക്ക് എത്തിയിരിക്കുന്നത്.

രാജ്യത്തെമ്പാടുമുള്ള തങ്ങളുടെ ഇന്ധന വിതരണ പൈപ്പ്ലൈൻ ശൃംഖലയിൽ നിന്ന് എണ്ണ ചോർത്തുന്നതിന് അവസാനം കാണാനാണ് ശ്രമം. അതിനായി മുന്തിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ മുന്നോട്ട് പോക്ക്. മോഷണം തടയുക മാത്രമല്ല, അപകടങ്ങൾ ഇല്ലാതാക്കുകയും ലക്ഷ്യമാണെന്ന് ഐഒസി പറയുന്നു.

രാജ്യത്ത് 15000 കിലോമീറ്റർ നീളത്തിലാണ് ഐഒസിയുടെ പൈപ്പ്ലൈൻ ഉള്ളത്. പല ഭാഗത്തും പൈപ്പ്ലൈനിൽ ദ്വാരമുണ്ടാക്കി എണ്ണ ചോർത്തുന്നതാണ് പതിവ്. ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ കമ്പനി ഈ മോഷണം കണ്ടെത്തുന്നത്. 2020-21 ൽ മാത്രം കമ്പനി ഇത്തരത്തിൽ 34 മോഷണം കണ്ടെത്തി. 54 പേർ അറസ്റ്റിലായി. ഇക്കൂട്ടത്തിലെ അവസാനത്തെ സംഭവം ഹരിയാനയിലെ സോനിപതിൽ ഓഗസ്റ്റ് 17നാണ് റിപ്പോർട്ട് ചെയ്തത്.

ഈയിടെയാണ് ഐഒസി ഡ്രോൺ നിരീക്ഷണം ആരംഭിച്ചത്. ദില്ലി - പാനിപ്പത്ത് സെക്ഷനിലെ 120 കിലോമീറ്റർ ദൂരത്ത് മതുര-ജലന്ധർ പൈപ്പ്ലൈനിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നിരീക്ഷണം തുടങ്ങിയത്. ഡ്രോണുകളുടെ ലൈവ് ഫീഡിൽ നിന്ന് ചോർച്ചയും ഇന്ധന മോഷണവും കണ്ടെത്താൻ കഴിഞ്ഞുവെന്നാണ് കമ്പനി പറയുന്നത്.

1961 ലെ പെട്രോളിയം ആന്റ് മിനറൽ പൈപ്പ്ലൈൻ നിയമത്തിലെ സെക്ഷൻ 15, 16 എന്നിവ പ്രകാരം ഗുരുതരമായ കുറ്റമാണ് ഇന്ധന മോഷണം. ഇത് ജാമ്യമില്ലാ കുറ്റങ്ങളാണ്. പത്ത് വർഷം വരെയാണ് കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുക. അത്യന്തം വിനാശകാരിയായ അപകടങ്ങൾക്ക് വഴിവെക്കുമെന്നതാണ് ഈ കുറ്റകൃത്യങ്ങൾക്ക് കനത്ത ശിക്ഷ നൽകാൻ കാരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്