50 ഇന്ധന സ്‌റ്റേഷനുകൾ തുറക്കാൻ എൽഐഒസി; ശ്രീലങ്കയിലെ ഇന്ധന ക്ഷാമത്തിന് പരിഹാരമാകുമോ?

By Web TeamFirst Published Aug 8, 2022, 6:31 PM IST
Highlights

ശ്രീലങ്കയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായ വേളയിൽ  50 ഇന്ധന സ്‌റ്റേഷനുകൾ തുറന്ന്  പ്രവർത്തനം വിപുലീകരിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
 

ദില്ലി: ശ്രീലങ്കയിൽ 50 ഇന്ധന സ്‌റ്റേഷനുകൾ തുറന്ന്  പ്രവർത്തനം വിപുലീകരിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. പുതിയ ഇന്ധന സ്റ്റേഷനുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതിന് ശ്രീലങ്കൻ സർക്കാരിന് നന്ദി രേഖപ്പെടുത്തുന്നു എന്ന് ലങ്ക ഐഒസി മാനേജിംഗ് ഡയറക്ടർ മനോജ് ഗുപ്ത പറഞ്ഞു

 കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക വ്യാപകമായ പ്രതിഷേധത്തെ അഭിമുഖീകരിക്കുകയാണ്. ജൂൺ അവസാനത്തിനും ജൂലൈ പകുതിയ്ക്കും ഇടയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായ സമയത്ത് ശ്രീലങ്കയിലെ ഇന്ധനത്തിന്റെ ഏക ചില്ലറ വിൽപനക്കാർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആയിരുന്നു. പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയപ്പോൾ അന്നത്തെ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജ്യം വിടാൻ നിർബന്ധിതനായി.

Read Also: തലമുറ മാറ്റത്തിന് ശേഷം റിലയൻസ്; 44ാമത് വാർഷിക ജനറൽ ബോഡി യോഗം ഈ മാസം

ശ്രീലങ്കയുടെ എണ്ണ സ്ഥാപനമായ സിലോൺ പെട്രോളിയം കോർപ്പറേഷന്റെ സംഭരണം  ജൂൺ പകുതിയോടെ അവസാനിച്ചിരുന്നു. കടക്കെണിയിലായ രാജ്യത്തുടനീളം അവശ്യ സേവനങ്ങളുടെ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തു. ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം നേരിട്ടു. എൽഐഒസി ഔട്ട്‌ലെറ്റുകളിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂവാണ് അനുഭവപ്പെട്ടത്.

50 ഇന്ധന സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പങ്കാളികൾക്കായി ഉടൻ പരസ്യം നൽകുമെന്ന് ഗുപ്ത പറഞ്ഞു. ആദ്യം ഈസ്റ്റർ ദിന ഭീകരാക്രമണവും പിന്നീട് കോവിഡ് -19 പാൻഡെമിക്കും മൂലമുണ്ടായ വിദേശനാണ്യ ക്ഷാമത്തിൽ ഇന്ധന പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക നിലവിൽ വ്യാപാരം ഉദാരമാക്കാനുള്ള വഴികൾ തേടുകയാണ്. 

Read Also: ചൈനയെ മലർത്തിയടിക്കാൻ ഇന്ത്യ; 12,000 രൂപയിൽ താഴെയുള്ള സ്മാർട്ടഫോണുകൾ ഇനി വേണ്ട

നിലവിൽ, സിലോൺ പെട്രോളിയം കോർപ്പൻ, എൽഐഒസി  എന്നിവ മാത്രമാണ് പ്രാദേശിക ഇന്ധന റീട്ടെയിൽ ബിസിനസുകൾ നടത്തുന്നത്. ശ്രീലങ്കയിൽ പെട്രോളിനും ഡീസലിനും 16 ശതമാനം വിപണി വിഹിതം എൽഐഒസിക്ക് ലഭിച്ചിരുന്നു. ലൂബ്രിക്കന്റുകൾ, ബിറ്റുമെൻ, ഓയിൽ ബങ്കറിങ്ങ് എന്നിവയുടെ വിപണി വിഹിതം 35 ശതമാനത്തിലധികമാണ്. 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. 

Read Also: നാളെ ബാങ്ക് അവധി, എന്നാൽ ഈ നഗരങ്ങളിൽ നാളെ ബാങ്കുകൾ പ്രവർത്തിക്കും

ഫോറെക്സ് പ്രതിസന്ധി മൂലമുണ്ടായ ഇന്ധനക്ഷാമം വ്യവസായത്തെ സാരമായി ബാധിച്ചു. കയറ്റുമതിയെ ബാധിച്ചു. ഏപ്രിലിൽ  അന്താരാഷ്ട്ര കടബാധ്യത പ്രഖ്യാപിച്ച ശ്രീലങ്ക, കടത്തിനായി അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ച നടത്തുകയാണ്.

click me!