
ഏറ്റവും മികച്ച വിസ്കി ഏതാണ്? വിദേശ രാജ്യങ്ങളിലെ വൻ നിർമാതാക്കളുടെ പേരാണോ ഓർമയിലേക്ക് വരുന്നത്.. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ഇന്ത്യൻ വിസ്കിയാണ് ഈ സ്ഥാനം സ്വന്തമാക്കിയത്. ലാസ് വെഗാസിൽ നടന്ന ഇന്റർനാഷണൽ വിസ്കി കോംപറ്റീഷനിൽ (IWC) ഡിവാൻസ് മോഡേൺ ബ്രൂവറീസിൽ നിന്നുള്ള ജിയാൻചാന്ദ് സിംഗിൾ മാൾട്ട് വിസ്കിയാണ് വിജയം നേടിയത്. 'ബെസ്റ്റ് ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്കി 2025', 'ബെസ്റ്റ് ഇന്ത്യൻ വിസ്കി 2025' എന്നീ അവാർഡുകൾ നേടി. ഇന്ത്യയിലെ വളർന്നുവരുന്ന പ്രീമിയം സ്പിരിറ്റ് വിപണിയിൽ തങ്ങളുടെ സാന്നിധ്യം അരക്കിട്ടുറപ്പിക്കുകയാണ് ജമ്മു ആസ്ഥാനമായുള്ള ജിയാൻചാന്ദ്.
ജിയാൻചാന്ദ് സിംഗിൾ മാൾട്ട് ജമ്മുവിൽ ഉത്പാദിപ്പിക്കുന്ന ഒരു ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കിയാണ്. ഹിമാലയത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ജമ്മുവിന്റെ കാലാവസ്ഥ, ധാതുക്കൾ, ജലം എന്നിവയുടെ സത്ത ഇതിൽ ഉൾക്കൊള്ളുന്നു എന്നത് പ്രധാനമാണ്. ഹിമാലയൻ താഴ്‌വരയിൽ, 900 അടി ഉയരത്തിൽ, താവി നദിയുടെ തീരത്തുള്ള ബോഹ്‌രിയിലെ ഡിസ്റ്റിലറിയിലാണ് ഇത് നിർമ്മിക്കുന്നത്. അഞ്ചു പതിറ്റാണ്ടിലേറെയുള്ള ചരിത്രവും പാരമ്പര്യവുമുള്ള ഈ പാനീയം, ലോകമെമ്പാടുമുള്ള അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പരമ്പരാഗത രീതി പ്രകാരം ചെമ്പ് പാത്രങ്ങളിലാണ് ഇവ വാറ്റിയെടുക്കുന്നത്. ഓക്ക് ബാരലുകളിൽ സൂക്ഷിക്കുന്നു.
42.8% ആൽക്കഹോൾ അടങ്ങിയിരിക്കുന്ന ഈ വിസ്കി താൻ അടുത്ത കാലത്ത് അദ്ദേഹം രുചിച്ച ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച സിംഗിൾ മാൾട്ട് വിസ്കിയാണെന്ന് മദ്യത്തിന്റെ നിലവാരം വിലയിരുത്തുന്ന ജിം മുറെ അഭിപ്രായപ്പെട്ടു.