
ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ വലിയ വാഗ്ദാനങ്ങള്‍, എന്നാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നാല്‍ കമ്പനികള്‍ കൈ മലര്‍ത്തുമോ? സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇത്തരം നടപടികളെക്കുറിച്ചാണ്. ചികിത്സാച്ചെലവ് നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി വിസമ്മതിച്ചതുമായി ബന്ധപ്പെട്ട് വന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഒരു എക്‌സ് യൂസറാണ് ഈ വിഷയം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഒരു യുവതി തന്റെ സഹോദരന് വേണ്ടി എടുത്ത ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടാണ് കുറിപ്പ്. 65,000 രൂപയോളം മുടക്കിയാണ് സഹോദരന് വേണ്ടി ഇവര്‍ പോളിസി എടുത്തത്. എന്നാല്‍ അസുഖം ബാധിച്ച് അഞ്ച് ദിവസത്തോളം അദ്ദേഹത്തിന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഇതിനുശേഷം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് കുടുംബത്തിന് ദുരനുഭവം ഉണ്ടായത്.
പോളിസി എടുക്കുന്ന സമയത്ത് എല്ലാവിധ പരിരക്ഷയും ലഭിക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിരുന്നതായി പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ട ആവശ്യം രോഗിക്ക് ഉണ്ടായിരുന്നില്ലെന്നാണ് കമ്പനിയുടെ വാദം. ഈ അസുഖം ആശുപത്രിയില്‍ പോകാതെ തന്നെ ചികിത്സിക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. 'ഇതൊരു സാധാരണ പനി മാത്രമല്ലേ, വീട്ടില്‍ വിശ്രമിച്ചാല്‍ മാറുന്നതല്ലേ ഉള്ളൂ എന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ പോളിസി വില്‍ക്കുന്ന സമയത്ത് അവര്‍ വലിയ വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്'- പോസ്റ്റില്‍ ആരോപിക്കുന്നു.
ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കുന്ന സമയത്തെ വാഗ്ദാനങ്ങളും പിന്നീട് ക്ലെയിം ചോദിച്ച് ചെല്ലുമ്പോഴുള്ള കമ്പനികളുടെ സമീപനവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ കടുത്ത നിരാശയാണ് പലരും പങ്കുവെക്കുന്നത്.
രോഗികളുടെ ആരോഗ്യത്തേക്കാള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വന്തം ലാഭത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ചിലര്‍ വിമര്‍ശിച്ചു. ക്ലെയിം നല്‍കുന്ന സമയത്ത് രോഗം സംബന്ധിച്ച് അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഏതെങ്കിലും ഒരു കമ്പനിയുടെ മാത്രം പ്രശ്‌നമല്ലെന്നും മിക്കവരും ഇങ്ങനെയാണെന്നും ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍, എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ അറിയാതെ നിഗമനങ്ങളില്‍ എത്തരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. 'ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ല. പലര്‍ക്കും വളരെ എളുപ്പത്തില്‍ ക്ലെയിം ലഭിക്കാറുണ്ട്. കമ്പനി ആദ്യം വിശദീകരണം നല്‍കട്ടെ,' എന്നാണ് ഒരാളുടെ കമന്റ്.
ഇന്‍ഷുറന്‍സ് പോളിസികളിലെ വ്യവസ്ഥകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണമെന്നും, പിന്നീട് തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ രേഖകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും മറ്റു ചിലര്‍ ഉപദേശിക്കുന്നുണ്ട്. ഒട്ടേറെ ആളുകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സമാനമായ ക്ലെയിം നിരസിക്കല്‍ അനുഭവങ്ങളും പോസ്റ്റിന് താഴെ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ സുതാര്യത, പോളിസിയിലെ ഒഴിവാക്കലുകള്‍, വ്യവസ്ഥകളിലെ അവ്യക്തത എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. ഇന്‍ഷുറന്‍സ് കമ്പനികളും പോളിസി ഉടമകളും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയങ്ങളും ഇവ തന്നെയാണ്.