ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ത്യ- യുകെ സാമ്പത്തിക കരാർ പ്രകാരം ബ്രിട്ടനിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഘട്ടംഘട്ടമായി കുറയും. ഇത് ഇന്ത്യയിൽ ബ്രിട്ടീഷ് കാറുകളുടെ വില കുറയ്ക്കുമ്പോൾ, ഇന്ത്യൻ വാഹന നിർമ്മാതാക്കൾക്ക് യുകെ വിപണിയിലേക്ക് കയറ്റുമതി ചെയ്യാൻ വലിയ അവസരങ്ങളും നൽകുന്നു.
ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ വാഹന വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുറയുന്നതിനൊപ്പം, ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് യുകെ വിപണിയില്‍ വലിയ അവസരങ്ങളുമാണ് ഈ കരാര്‍ തുറന്നിടുന്നത്. 110 ശതമാനം വരെയുണ്ടായിരുന്ന ഇറക്കുമതി തീരുവ 10 ശതമാനമായി കുറയ്ക്കാനാണ് കരാറിലെ പ്രധാന വ്യവസ്ഥ. നിശ്ചിത ക്വാട്ട അനുസരിച്ചായിരിക്കും ഈ ഇളവ് ലഭ്യമാകുക.
കഴിഞ്ഞ ബുധനാഴ്ച പുറത്തിറക്കിയ രേഖകള്‍ പ്രകാരം, കരാര്‍ നിലവില്‍ വരുന്ന ആദ്യത്തെ 15 വര്‍ഷത്തിനുള്ളില്‍ 3.78 ലക്ഷം പെട്രോള്‍/ഡീസല്‍ കാറുകള്‍ കുറഞ്ഞ നികുതിയില്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തും. സാധാരണക്കാരുടെ ബജറ്റിലൊതുങ്ങുന്ന കാറുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ആദ്യ വര്‍ഷത്തെ ഇളവുകള്‍ ഇങ്ങനെ
കരാറിന്റെ ആദ്യ വര്‍ഷം ആകെ 20,000 കാറുകള്‍ക്കാണ് നികുതിയിളവോടെ ഇറക്കുമതി ചെയ്യാന്‍ സാധിക്കുക. 3000 സിസിക്ക് മുകളിലുള്ള പെട്രോള്‍ കാറുകള്‍ക്കും 2500 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ക്കും (10,000 എണ്ണം) നികുതി 110 ല്‍ നിന്ന് 30 ശതമാനമായി കുറയും. 1500 സിസി, 3000 സിസി പെട്രോള്‍ കാറുകള്‍ക്കും 2500 സിസി ഡീസല്‍ കാറുകള്‍ക്കും (5000 എണ്ണം) നികുതി 66 ശതമാനത്തില്‍ നിന്ന് 50 ശതമാനമാകും. 1500 സിസി വരെയുള്ള സാധാരണ കാറുകള്‍ക്കും (5000 എണ്ണം) നികുതി 50 ശതമാനമായി കുറയും.
അഞ്ചാം വര്‍ഷവും പതിനഞ്ചാം വര്‍ഷവും:
അഞ്ചാം വര്‍ഷം ആകുമ്പോഴേക്കും ഇറക്കുമതി ചെയ്യാവുന്ന കാറുകളുടെ എണ്ണം 37,000 ആയി ഉയരും. ഈ സമയം എല്ലാ കാറുകളുടെയും നികുതി 10 ശതമാനമായി ചുരുങ്ങും. വലിയ എഞ്ചിനുള്ള കാറുകള്‍ക്ക് 19,000 യൂണിറ്റും, മറ്റ് രണ്ട് വിഭാഗങ്ങള്‍ക്കും 9,000 യൂണിറ്റ് വീതവുമായിരിക്കും ക്വാട്ട. എന്നാല്‍ 15-ാം വര്‍ഷം മുതല്‍ എല്ലാ കാറുകള്‍ക്കുമുള്ള ഇറക്കുമതി ക്വാട്ട പ്രതിവര്‍ഷം 15,000 ആയി നിജപ്പെടുത്തും (നികുതി 10 ശതമാനമായി തുടരും).
ഇന്ത്യന്‍ കമ്പനികള്‍ക്ക് സംരക്ഷണം, ഒപ്പം വിദേശത്തേക്ക് കയറ്റുമതിയും
ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ ഇന്ത്യന്‍ കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 40,000 പൗണ്ടില്‍ താഴെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യ വിപണി തുറന്നുകൊടുത്തിട്ടില്ല. ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജന്‍ കാറുകള്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തേക്ക് യാതൊരു നികുതിയിളവും ഇന്ത്യ നല്‍കില്ല. എന്നാല്‍ ആറാം വര്‍ഷം മുതല്‍ 40,000 - 80,000 പൗണ്ട് വിലയുള്ള ഇത്തരം കാറുകളുടെ നികുതി 50 ശതമാനമായും (ക്വാട്ട 400), 80,000 പൗണ്ടിന് മുകളിലുള്ള കാറുകള്‍ക്ക് നികുതി 40 ശതമാനമായും (ക്വാട്ട 4000) കുറയും. പത്താം വര്‍ഷം മുതല്‍ ഇത് 10 ശതമാനത്തില്‍ സ്ഥിരപ്പെടുത്തും.
അതേസമയം, ഇന്ത്യന്‍ കമ്പനികള്‍ക്ക് യുകെ വിപണിയില്‍ വന്‍ കുതിപ്പുണ്ടാക്കാന്‍ കരാര്‍ സഹായിക്കും. ആറാം വര്‍ഷം മുതല്‍ 20,000 - 80,000 പൗണ്ട് വിലയുള്ള ഇന്ത്യന്‍ ഇലക്ട്രിക്/ഹൈബ്രിഡ് കാറുകള്‍ക്ക് നികുതിയില്ലാതെ യുകെയിലേക്ക് കയറ്റുമതി ചെയ്യാം. 15-ാം വര്‍ഷം എത്തുമ്പോഴേക്കും പരമാവധി 88,000 കാറുകള്‍ വരെ പ്രതിവര്‍ഷം ഇത്തരത്തില്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കും.
ഇളവുകളില്ലാത്ത വാഹനങ്ങള്‍
ഇരുചക്ര വാഹനങ്ങള്‍, ബസുകള്‍, ട്രക്കുകള്‍ എന്നീ സീറോ എമിഷന്‍ വാഹനങ്ങള്‍ക്ക് (ഇലക്ട്രിക്/ഹൈഡ്രജന്‍) ഇറക്കുമതി തീരുവയില്‍ യാതൊരു ഇളവും ലഭിക്കില്ലെന്ന് കരാറില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.


