അമേരിക്കയുടെ ഇറാന്‍ ഉപരോധം: രക്ഷാ നടപടികള്‍ വേഗത്തിലാക്കി ഇന്ത്യ, അന്താരാഷ്ട്ര തലത്തില്‍ പ്രതിസന്ധി കനക്കുന്നു

By Web TeamFirst Published Apr 23, 2019, 6:52 PM IST
Highlights

മെയ് മുതല്‍ ഇറാന്‍ എണ്ണ ലഭ്യതയില്‍ കുറവുണ്ടായാലും രാജ്യത്ത് വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ഇറാന്‍ ക്രൂഡിന് പകരം മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന അളവ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ ശ്രമം. ചൈന കഴിഞ്ഞാന്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. 

ദില്ലി: മെയ് രണ്ട് മുതല്‍ ഒരു രാജ്യത്തെയും ഇറാന്‍ എണ്ണ വാങ്ങാന്‍ അനുവദിക്കില്ലെന്ന യുഎസ് നിലപാടിനെ തുടര്‍ന്ന് അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ധിക്കുന്നു. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണിപ്പോള്‍. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ബാരലിന് 74.16 ഡോളറെന്ന ഉയര്‍ന്ന നിലയിലാണ് ക്രൂഡ് ഓയില്‍ നിരക്ക്. നേരത്തെ ഇറാന് മുകളില്‍ യുഎസിന്‍റെ ഉപരോധം ഉണ്ടായിരുന്നെങ്കിലും ഇന്ത്യ, ചൈന, ജപ്പാല്‍ അടക്കമുളള എട്ട് രാജ്യങ്ങളെ എണ്ണ വാങ്ങാന്‍ അനുവദിച്ചിരുന്നു. 180 ദിവസമാണ് അമേരിക്ക ഇളവ് അനുവദിച്ചത്. മെയ് ഒന്നാകുമ്പോള്‍ ഈ കാലയളവ് അവസാനിക്കും. 

എന്നാല്‍, മെയ് മുതല്‍ ഇറാന്‍ എണ്ണ ലഭ്യതയില്‍ കുറവുണ്ടായാലും രാജ്യത്ത് വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ഇറാന്‍ ക്രൂഡിന് പകരം മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന അളവ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ ശ്രമം. ചൈന കഴിഞ്ഞാന്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഉപരോധം പ്രഖ്യാപിച്ചപ്പോള്‍, പടിപടിയായി ക്രൂഡ് വാങ്ങുന്ന അളവില്‍ കുറവ് വരുത്തണമെന്ന് യുഎസ് ഇന്ത്യ അടക്കമുളള രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 

2018- 19 ല്‍ ഇറാനില്‍ നിന്ന് 2.4 കോടി ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ വാങ്ങിയത്. കുവൈറ്റ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി കൂടുതല്‍ എണ്ണ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി വരുന്നതായാണ് വിവരം. 

എന്നാല്‍, നിലവിലുളള ഓര്‍ഡറുകള്‍ അനുസരിച്ചുളള എണ്ണ നീക്കത്തിന് ഉപരോധം പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന് വ്യക്തമല്ല. നിലവിലെ ഓര്‍ഡറുകളെ ഉപരോധം ബാധിച്ചാല്‍ ഇന്ത്യയ്ക്ക് അത് വന്‍ ഭീഷണിയാകും, ഒരുപക്ഷേ രാജ്യത്തെ എണ്ണവിലക്കറ്റത്തിലേക്ക് വരെ ഇത്തരത്തിലൊരു പ്രതിസന്ധി വഴിവച്ചേക്കാം. ഇറാന്‍റെ എണ്ണ ലഭ്യമാകാതിരുന്നാലും രാജ്യാന്തര തലത്തില്‍ ക്രൂഡ് ക്ഷാമം ഉണ്ടാകില്ലെന്നാണ് യുഎസിന്‍റെ വാദഗതി. യുഎസ്സും സൗദി അറോബ്യയും യുഎഇയും പ്രശ്നത്തില്‍ സമയോചിത ഇടപെടല്‍ നടത്തുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

യുഎസ് ഉപരോധം പൂര്‍ണഅര്‍ഥത്തില്‍ മെയ് മാസം മുതല്‍ നടപ്പാകുമെന്ന് ഉറപ്പായതോടെ അന്താരാഷ്ട്ര തലത്തില്‍ പ്രതിസന്ധി കനക്കുകയാണ്. പുതിയ വിപണികള്‍ കണ്ടെത്താനും രാജ്യത്തേക്കുളള എണ്ണ വരവില്‍ കുറവുണ്ടാകാതെ നോക്കാനും ഇടപെടല്‍ നടത്താന്‍ പെട്രോളിയം മന്ത്രാലയത്തിനും പൊതുമേഖല എണ്ണക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയാതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

click me!