
വിദേശത്തേക്ക് വന്‍ തോതില്‍ പണമയക്കുന്ന സ്ഥാപനങ്ങളെ കുരുക്കാന്‍ ആദായനികുതി വകുപ്പ്. സംശയാസ്പദമായ ഇത്തരം വിദേശ പണമിടപാടുകള്‍ കണ്ടെത്താന്‍ രാജ്യവ്യാപകമായി പരിശോധന ആരംഭിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. സ്ഥാപനങ്ങള്‍ കാണിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും വിദേശത്തേക്ക് അയക്കുന്ന പണവും തമ്മില്‍ യാതൊരു പൊരുത്തവുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ മുതലാണ് പരിശോധനകള്‍ തുടങ്ങിയത്. പണമയച്ച സ്ഥാപനങ്ങള്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍, ഇടപാടുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പ്രൊഫഷണലുകള്‍ എന്നിവരാണ് അന്വേഷണപരിധിയില്‍ വരുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വന്‍തോതില്‍ വിദേശത്തേക്ക് പണമയച്ച നിരവധി സ്ഥാപനങ്ങളെ കണ്ടെത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ധനമന്ത്രാലയം നല്‍കുന്ന വിവരമനുസരിച്ച്, ഈ സ്ഥാപനങ്ങളില്‍ പലതും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരോ അല്ലെങ്കില്‍ വളരെ ചെറിയ തുക മാത്രം വിറ്റുവരവ് കാണിക്കുന്നവരോ ആണ്. ഇവര്‍ കോടിക്കണക്കിന് രൂപ വിദേശത്തേക്ക് അയക്കുന്നതാണ് ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചത്.
ചരക്കുകൂലി, സോഫ്റ്റ്വെയര്‍ ഇറക്കുമതി, കണ്‍സള്‍ട്ടിങ് സേവനങ്ങള്‍ എന്നിവയ്ക്കാണ് പണം നല്‍കിയത് എന്നാണ് ഈ സ്ഥാപനങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി. പല സ്ഥാപനങ്ങളും അവര്‍ നല്‍കിയ മേല്‍വിലാസത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും പരിശോധനയില്‍ തെളിഞ്ഞു.
വ്യാജ സംഭാവനകളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ചില വ്യാജ ചാരിറ്റബിള്‍ ട്രസ്റ്റുകളില്‍ നടത്തിയ പരിശോധനകളും ഈ അന്വേഷണത്തിലേക്ക് വഴിതെളിച്ചു. വിദേശത്തേക്ക് പണം കടത്തുന്ന രാജ്യവ്യാപകമായ ഒരു വലിയ ശൃംഖലയെ തന്നെ ഇതിലൂടെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.
കടലാസ് കമ്പനികള്‍, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഫോം 15സിബി നല്‍കിയ പ്രൊഫഷണലുകള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 117 സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 394 സ്ഥാപനങ്ങളും 36 പ്രൊഫഷണലുകളുമാണ് ഇപ്പോള്‍ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.