ഇന്ത്യയിലെ സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകളിലേക്ക് ആഗോള, ദേശീയ നിക്ഷേപകർ വൻതോതിൽ പണമൊഴുക്കുന്നു. 2026-ൻ്റെ ആദ്യ പകുതിയിൽ തന്നെ നിക്ഷേപം റെക്കോർഡ് ഉയരത്തിലെത്തി. ചിപ്പുകളുടെ വർധിച്ച ആവശ്യകതയും സർക്കാർ പിന്തുണയുമാണ് ഈ കുതിപ്പിന് പിന്നിൽ.

ദില്ലി: ഇന്ത്യയിലെ സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകൾക്ക് ആഗോള- ദേശീയ നിക്ഷേപകർക്കിടയിൽ വലിയ സ്വീകാര്യത. രാജ്യം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുൻപെങ്ങുമില്ലാത്ത വിധം വലിയ തുകയാണ് ചിപ്പ് മേഖലയിലെ പുതിയ സംരംഭങ്ങൾക്കായി നിക്ഷേപകർ നീക്കിവെക്കുന്നത്. 2026-ൻ്റെ ആദ്യ പകുതിയിൽ ഈ മേഖലയിലെ ശരാശരി നിക്ഷേപ തുക 8.8 മില്യൺ ഡോളറായി (ഏകദേശം 73 കോടി രൂപ) ഉയർന്നതായി ദേശീയ മാധ്യമമായ ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2024 ലെ ശരാശരി നിക്ഷേപത്തേക്കാൾ മൂന്നിരട്ടി വർദ്ധനവാണിത്.

വർഷങ്ങളായുള്ള നിക്ഷേപക്കണക്കുകൾ ഇങ്ങനെ...

2022: ആകെ നടന്ന 8 റൗണ്ടുകളിലായി വെറും 1.5 മില്യൺ ഡോളർ മാത്രമാണ് ഈ മേഖലയിൽ നേടിയത്.

2023: തുക കുത്തനെ ഉയർന്ന് 18.2 മില്യൺ ഡോളറിലെത്തി.

2024: 16 നിക്ഷേപ റൗണ്ടുകളിലായി ആകെ തുക 47.9 മില്യൺ ഡോളറായി ഉയർന്നു.

2025: ആകെ 7 നിക്ഷേപ റൗണ്ടുകളിൽ നിന്നായി 61.9 മില്യൺ ഡോളർ നേടി. കുറഞ്ഞ സംരംഭങ്ങൾക്ക് വലിയ തുക നിക്ഷേപമായി ലഭിക്കുന്ന രീതിയാണ് ഇവിടെ കണ്ടത്.

2026 (ആദ്യ പകുതി): ചരിത്ര റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് 13 റൗണ്ടുകളിൽ നിന്നായി 76.8 മില്യൺ ഡോളറാണ് സ്റ്റാർട്ടപ്പുകൾ നേടിയത്. 2025-ൽ ലഭിച്ച ആകെ തുകയുടെ 81% ത്തോളം 2026-ൻ്റെ ആദ്യ പകുതിയിലെ മാത്രം നിക്ഷേപമായി.

എന്തുകൊണ്ട് ഈ മാറ്റം?

സ്മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള ഉൽപ്പന്നങ്ങളിൽ ചിപ്പുകളുടെ ഉപയോഗം അത്യന്താപേക്ഷിതമായി മാറിയതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും സ്വന്തമായി സെമികണ്ടക്ടർ നിർമ്മിക്കാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ പിന്തുണയും നൽകുന്നുണ്ട്. ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ഇന്ത്യൻ ചിപ്പ് സ്റ്റാർട്ടപ്പുകൾക്ക് സാധിക്കുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് നിലവിൽ നിക്ഷേപകർ. ഇതേ ഗതിയിൽ തുടരുകയാണെങ്കിൽ 2026 എന്ന വർഷം ഇന്ത്യൻ സെമികണ്ടക്ടർ മേഖലയിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറും.