
ദില്ലി: ഇന്ത്യയിലെ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും കൈയടക്കിയിരിക്കുന്നത് അഞ്ച് വൻകിട കുടുംബ ബിസിനസുകളെന്ന വേൾഡ് ബാങ്കിന്റെ പഠന റിപ്പോർട്ട് പുറത്ത്. 2001 മുതൽ 2020 വരെയുള്ള ഇരുപത് വർഷത്തിനിടയിൽ ഇന്ത്യൻ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനത്തിലധികവും അഞ്ച് പ്രമുഖ കുടുംബ ഗ്രൂപ്പുകളുടെ കൈകളിലായിരുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. വേൾഡ് ബാങ്ക് ഇക്കണോമിക് റിവ്യൂവിൽ (World Bank Economic Review) പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് നിർണായക വിവരങ്ങളുള്ളത്. റിലയൻസ്, അദാനി, ബിർള, ഓം പ്രകാശ് ജിൻഡാൾ, ടാറ്റ ഗ്രൂപ്പുകളാണ് ഈ അഞ്ച് വൻകിട ബിസിനസ് ഗ്രൂപ്പുകൾ.
ഇക്കാലയളവിൽ റിലയൻസ്, അദാനി ഗ്രൂപ്പുകൾ ചേർന്ന് ആകെ വരുമാനത്തിന്റെ 20 ശതമാനത്തിലധികം പങ്കാളിത്തം സ്ഥിരമായി നിലനിർത്തി. ടാറ്റ, ഒ.പി. ജിൻഡാൾ ഗ്രൂപ്പുകളുടെ വിഹിതം ക്രമേണ ഉയർന്നുവെങ്കിലും 10 ശതമാനത്തിൽ താഴെയായി തുടരുന്നു. അതേസമയം ബിർള ഗ്രൂപ്പിന്റെ വിഹിതത്തിൽ കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 2020ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മുൻനിര 25 കുടുംബ ബിസിനസ് ഗ്രൂപ്പുകൾ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 15 ശതമാനത്തിലധികം വരുമെന്നും കണക്കുകൾ.
വൻകിട ഗ്രൂപ്പുകൾ വ്യവസായത്തിന്റെ ഒന്നിലധികം മേഖലകളിലേക്ക് തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചതായി പഠനം വ്യക്തമാക്കുന്നു. വിപണിയിലെ വിവിധ മേഖലകളിൽ പകുതിയിലധികം വരുമാനവും നിയന്ത്രിക്കുന്നത് ഏറ്റവും വലിയ അഞ്ച് കമ്പനികളാണെന്നും കണ്ടെത്തൽ.