എന്‍പിഎസ് പിന്‍വലിക്കല്‍ നിയമങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതാ

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ നിക്ഷേപിക്കുന്നവരുടെ പ്രധാന സംശയമാണ്, 'എനിക്ക് എപ്പോള്‍ വേണമെങ്കിലും എന്റെ പണം മുഴുവനായി പിന്‍വലിക്കാന്‍ കഴിയുമോ?' എന്നത്. ഇതിനുള്ള ഉത്തരം അത്ര ലളിതമല്ല. വിരമിക്കല്‍ കാലത്തേക്ക് കൃത്യമായ സമ്പാദ്യം ഉറപ്പാക്കുന്ന രീതിയിലാണ് എന്‍പിഎസ് നിയമങ്ങള്‍ തയാറാക്കിയിരിക്കുന്നത്.

എന്‍പിഎസ് പിന്‍വലിക്കല്‍ നിയമങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതാ

1. 60 വയസ്സിന് ശേഷം വിരമിക്കുമ്പോള്‍

60 വയസ്സ് തികയുമ്പോള്‍ എന്‍പിഎസ് അക്കൗണ്ടിലുള്ള തുകയുടെ കാര്യത്തില്‍ രണ്ട് ഓപ്ഷനുകളാണുള്ളത്:

60% തുക കൈയ്യില്‍ കിട്ടും: ആകെ നിക്ഷേപത്തിന്റെ 60 ശതമാനം വരെ ഒറ്റയടിക്ക് പിന്‍വലിക്കാം. ഇതിന് നിലവില്‍ നികുതി നല്‍കേണ്ടതില്ല.

40% പെന്‍ഷന്‍ പദ്ധതിയിലേക്ക്: ബാക്കിയുള്ള 40 ശതമാനം തുക നിര്‍ബന്ധമായും ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കണം. ഇതില്‍ നിന്നാണ് മാസാമാസം പെന്‍ഷന്‍ ലഭിക്കുക. ഈ പെന്‍ഷന്‍ തുകയ്ക്ക് ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതി നല്‍കണം.

2. 5 ലക്ഷത്തില്‍ താഴെയാണോ നിങ്ങളുടെ സമ്പാദ്യം?

60 വയസ്സാകുമ്പോള്‍ എന്‍പിഎസ് അക്കൗണ്ടിലുള്ള ആകെ തുക 5 ലക്ഷം രൂപയോ അതില്‍ താഴെയോ ആണെങ്കില്‍, അത് മുഴുവനായി ഒറ്റയടിക്ക് പിന്‍വലിക്കാവുന്നതാണ്. ഇതിനായി തുക പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റേണ്ടതില്ല.

3. 60 വയസ്സിന് മുന്‍പ് പണം പിന്‍വലിക്കണമെങ്കില്‍

60 വയസ്സാകുന്നതിന് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കണമെങ്കില്‍ നിയമങ്ങള്‍ കുറച്ചുകൂടി കടുപ്പമാണ്:

സമ്പാദ്യം 2.5 ലക്ഷത്തിന് മുകളില്‍ ആണെങ്കില്‍, ആകെ തുകയുടെ 80 ശതമാനവും പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റണം. വെറും 20 ശതമാനം മാത്രമേ ഒറ്റയടിക്ക് കൈയ്യില്‍ കിട്ടൂ.

സമ്പാദ്യം 2.5 ലക്ഷമോ അതില്‍ താഴെയോ ആണെങ്കില്‍ മുഴുവന്‍ തുകയും പിന്‍വലിക്കാം.

4. മരണപ്പെട്ടാല്‍ ലഭിക്കുന്ന ആനുകൂല്യം

ഒരു എന്‍പിഎസ് വരിക്കാരന്‍ മരണപ്പെടുകയാണെങ്കില്‍, അക്കൗണ്ടിലുള്ള ആകെ തുക നോമിനിക്കോ നിയമപരമായ അവകാശികള്‍ക്കോ ഒറ്റയടിക്ക് ലഭിക്കും. ഇതിന് പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കേണ്ട ആവശ്യമില്ല.

5. 75 വയസ്സ് വരെ കാത്തിരിക്കാം

60 വയസ്സ് തികഞ്ഞാലും പണം അപ്പോള്‍ തന്നെ പിന്‍വലിക്കണമെന്ന് നിര്‍ബന്ധമില്ല. തുക പിന്‍വലിക്കുന്നത് 75 വയസ്സ് വരെ നീട്ടിവെക്കാം. പണം വിപണിയില്‍ തന്നെ തുടരുന്നതിനാല്‍ ലാഭമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും, വിപണിയിലെ നഷ്ടസാധ്യതകളും ഇതിലുണ്ട്.